| Thursday, 18th May 2023, 8:19 am

ചാമ്പ്യന്‍സ് ലീഗിലെ തകര്‍പ്പന്‍ പ്രകടനം; ലയണല്‍ മെസിയുടെ റെക്കോഡിനൊപ്പമെത്തി മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍ ലീഗ് സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സിറ്റിസന്‍സ് കാഴ്ചവെച്ചത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ തോല്‍പ്പിച്ച് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് സിറ്റി.

മത്സരത്തില്‍ ബെര്‍ണാഡോ സില്‍വ ഇരട്ട ഗോളുകളും മാനുവല്‍ അക്കാന്‍ജിയും ജൂലിയന്‍ അല്‍വാരസും ഓരോ ഗോള്‍ വീതവും നേടി. ഇതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലയണല്‍ മെസിയുടെയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെയും റെക്കോഡിനോപ്പമെത്തിയിരിക്കുകയാണ് സില്‍വ. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന ഖ്യാതി നേടിയിരിക്കുകയാണ് താരം.

2010-11 സീസണില്‍ സാന്തിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന സെമി ഫൈനലിലെ ഒന്നാം പാദ മത്സരത്തിലായിരുന്നു റയലിനെതിരെ മെസിയുടെ ഇരട്ട ഗോളുകള്‍ പിറന്നത്. അതേസമയം, 2012-13 സീസണിലെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇഡുല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ നാല് ഗോളുകളാണ് ലെവന്‍ഡോസ്‌കി റയലിന്റെ വലയിലേക്ക് തൊടുത്തുവിട്ടത്.

വ്യാഴാഴ്ച്ച ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 23ാം മിനിട്ടിലായിരുന്നു സില്‍വയുടെ ആദ്യ ഗോള്‍ പിറക്കുന്നത്. കളിയുടെ 37ാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ താരം മാന്‍ സിറ്റിയുടെ സ്‌കോര്‍ നില 2-0 ആക്കി ഉയര്‍ത്തി. 73ാം മിനിട്ടില്‍ അക്കാന്‍ജിയും ഇഞ്ച്വറി ടൈമില്‍ അല്‍വാരസും ഓരോ ഗോളുകള്‍ തൊടുത്തതോടെ സിറ്റിയുടെ ഗോള്‍ നേട്ടം 4-0 ആയി.

ജൂണ്‍ 11നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം നടക്കുക. ഇന്റര്‍മിലാനുമായാണ് സിറ്റി ഫൈനലില്‍ കൊമ്പുകോര്‍ക്കുക. തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ അറ്റാത്തുര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

Content Highlights: Bernado Silva equals Lionel Messi’s record in Champions League

We use cookies to give you the best possible experience. Learn more