| Friday, 2nd March 2012, 6:43 pm

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം തെളിയിച്ചാല്‍ മാപ്പു പറയാം; ബെര്‍ളിയുടെ വെല്ലുവളി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കോഴിക്കോട്: പത്രപ്രവര്‍ത്തക യൂണിയനെതിരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് തെളിയിച്ചാല്‍ പരസ്യമായി മാപ്പു പറയാമെന്നും രാജിവെക്കാമെന്നും മലയാള മനോരമ കോഴിക്കോട് ബ്യൂറോയിലെ സബ് എഡിറ്ററും പ്രശസ്ത ബ്ലോഗറുമായ ബെര്‍ളി തോമസ്. കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയായ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) പ്രവര്‍ത്തിക്കുന്നത് പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനും താല്‍പര്യത്തിനുമെതിരായാണെന്ന് വ്യക്തമാക്കി “ബെര്‍ളിത്തരങ്ങള്‍” എന്ന തന്റെ ബ്ലോഗില്‍ “ഇതു നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല” എന്ന ലേഖനം ബെര്‍ളി തോമസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ബെര്‍ളിയെ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിനു യൂണിയനില്‍ നിന്ന് പുറത്താക്കിയെന്നും ഇല്ലെന്നും വിശദീകരണം ചോദിക്കാനേ തീരുമാനിച്ചിട്ടുള്ളൂവെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് താന്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് തെളിയിച്ചാല്‍ പരസ്യമായി മാപ്പു പറയാമെന്ന് വെല്ലുവിളിച്ചു കൊണ്ട് “യൂണിയന്‍കാരെ, ഞാന്‍ നിക്കണോ പോണോ?” എന്ന പേരില്‍ ബെര്‍ളിയുടെ രണ്ടാമത്തെ ലേഖനം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പത്രപ്രവര്‍ത്തക യൂണിയനിലെ ഉള്ളുകള്ളികള്‍ വിവരിക്കുന്ന “ഇതു നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല” എന്ന തന്റെ ആദ്യ ലേഖനം വന്ന ശേഷം ഇറ്റലിയില്‍ നിന്നും നൈജീരിയലില്‍ നിന്നും പോളണ്ടില്‍ നിന്നുമെല്ലാം ആളുകള്‍ തന്നെ വിളിച്ച് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും അവിടെ പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റി തന്നോട് പറയുന്നുവെന്നും ബെര്‍ളി പുതിയ ലേഖനത്തില്‍ പറയുന്നു.

ഏത് കാടന്‍ നിയമവും കുറ്റം അന്വേഷിച്ച്, കുറ്റവാളിയെ വിചാരണ ചെയ്ത്, കുറ്റം എന്താണെന്ന് കുറ്റവാളിയെ ബോധ്യപ്പെടുത്തിയ ശേഷം ശിക്ഷ വിധിക്കുമ്പോള്‍ ആരോപണം കേട്ടയുടന്‍ “ശരി അവനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു” എന്നു പ്രഖ്യാപിച്ച് ഭരണസമിതി അംഗങ്ങള്‍ പിരിഞ്ഞുപോയി എന്നത് “ഇത് നിങ്ങളുദ്ദേശിക്കുന്നതു പോലെ ഒരു സംഘടനയല്ല” എന്ന തന്റെ ലേഖനത്തെ ശരിവെക്കുന്നുവെന്നും താന്‍ പറഞ്ഞ കാര്യങ്ങല്‍ ശരിയാണെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണെന്നും ബെര്‍ളി ചൂണ്ടിക്കാട്ടുന്നു.

ആദ്യ ലേഖനത്തിലെ അവസാന ഭാഗത്തില്‍ “ഇങ്ങനെ നാറിയ ഒരു സംഘടനയില്‍ അംഗമായിരിക്കേണ്ടി വരുന്നതില്‍ ആത്മാര്‍ഥമായി ഞാന്‍ ലജ്ജിക്കുന്നു. സംഘടനയുടെ അച്ചടക്കത്തെപ്പറ്റി വ്യാകുലരായ അതിന്റെ ഉത്തമന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ സംഘടനാ വിരുദ്ധപ്രവര്‍ത്തനത്തിനു പുറത്താക്കണമെന്ന് അപേക്ഷിക്കുന്നു” എന്ന പാരഗ്രാഫാണ് വെല്ലുവിളിയുടെ സ്വരത്തില്‍ വിലയിരുത്തപ്പെട്ടിരുന്നത്. ആ പാരഗ്രാഫിലാണ് സംഘടനയെ പരസ്യമായി വെല്ലുവിളിച്ചതെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനമെന്നും പറയുന്നവര്‍ക്ക് അതേ പാരഗ്രാഫിന്റെ രൂപത്തില്‍ പരിഹാസം കലര്‍ന്ന ഉഗ്രന്‍ മറുപടി തന്നെ ബെര്‍ളി പുതിയ ലേഖനത്തില്‍ നല്‍കുന്നുണ്ട്. “ഇത്ര ഗംഭീരമായ ഒരു സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ ആത്മാര്‍ഥമായി ഞാനഭിമാനിക്കുന്നു. സംഘടനയുടെ പുരോഗതിയെപ്പറ്റി ആകാംക്ഷയുള്ള അതിന്റെ അത്യുത്തന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ യൂണിയന്‍ പ്രസിഡന്റായി അവരോധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു” എന്നാണ് ബെര്‍ളിയുടെ മറുപടി.

ജനുവരി 10ന് പോസ്റ്റ് ചെയ്ത “ഇതു നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല” എന്ന ആദ്യ ലേഖനത്തില്‍, യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ മോഷണം പോയതും കള്ള വോട്ടിന് ശ്രമം നടന്നതായും ബെര്‍ളി പറയുന്നു. പത്രമുതലാളിമാരുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങി യൂണിയന്‍ അംഗങ്ങളെ ഒറ്റുകൊടുക്കുകയാണ് ഭാരവാഹികള്‍ എന്ന് ബെര്‍ളി തോമസ് ആരോപിച്ചിരുന്നു.

പത്രപ്രവര്‍ത്തക യൂണിയന്‍ ഒറ്റുകാരെന്ന് ബെര്‍ളി; കെ.യു.ഡബ്ല്യു.ജെ നടപടിക്ക്

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more