| Saturday, 23rd May 2020, 11:29 pm

രണ്ടാം ലോകമഹായുദ്ധം അതിജീവിച്ച മുതല ഒടുവില്‍ വിട പറഞ്ഞു, ഒരു മുതലയുടെ അമ്പരപ്പിക്കുന്ന ജീവിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബെര്‍ലിനില്‍ നടന്ന ബോംബാക്രമണം അതിജീവിച്ച മുതല മോസ്‌കോ മൃഗശാലയില്‍ വെച്ച് മരിച്ചു. 84 വയസ്സോളം പ്രായം കല്‍പ്പിക്കുന്ന സാറ്റേണ്‍ എന്ന പേരിലറിയപ്പെടുന്ന ഈ മിസിസിപ്പി മുതലയെ 1936 ല്‍ അമേരിക്കയില്‍ നിന്നും ബെര്‍ലിന്‍ മൃഗശാലയിലേക്ക് നല്‍കിയതാണ്.

നാസി സലസ്ഥാനമായിരുന്ന ബെര്‍ലിനില്‍ 1943 ല്‍ നടന്ന ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഈ മുതലയെ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം
ബ്രിട്ടീഷ് സൈന്യം കണ്ടെത്തുകയും സോവിയറ്റ് യൂണിയന് കൈമാറുകയായിരുന്നു.

തുടര്‍ന്നിങ്ങോട്ട് 74 വര്‍ഷം മോസ്‌കോ മൃഗശാലയിലായിരുന്നു ഈ മുതല കഴിഞ്ഞിരുന്നത്. ഹിറ്റ്‌ലര്‍ വളര്‍ത്തിയതായിരുന്നു ഈ മുതലയെ എന്ന് മുന്‍കാലങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് മൃഗശാലാ അധികൃതര്‍ തന്നെ വ്യക്തമാക്കി.

1943 ലെ ബോംബാക്രമണത്തില്‍ നിന്നും ഈ മുതല എങ്ങനെ രക്ഷപ്പെട്ടെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബെര്‍ലിനില്‍ 1943 നവംബറില്‍ നടന്ന ബോംബാക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ടൈഗര്‍ടെന്‍ ജില്ലയില്‍ ഈ മുതല കഴിഞ്ഞിരുന്ന മൃഗശാലയും തകര്‍ന്നിരുന്നു. മൃഗശാലയിലെ അക്വേറിയം കെട്ടിടം അപ്പാടെ തകര്‍ന്നിരുന്നു.

എന്നാല്‍ സാറ്റേണ്‍ എങ്ങനെയോ രക്ഷപ്പെടുകയും 1945 ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ ആ നഗരത്തില്‍ ജീവിക്കുകയും ചെയ്തു. 1946 ലാണ് ഈ മുതലയെ ബ്രിട്ടീഷ് സേന കാണുന്നതും സോവിയറ്റ് യൂണിയന് കൈമാറുന്നതും.

മുതലകള്‍ക്ക് അനുയോജ്യമല്ലാത്ത കാലാവസ്ഥാ സാഹചര്യത്തിലും യുദ്ധക്കെടുതിയിലും എങ്ങനെ ഈ മുതല മൂന്ന് വര്‍ഷം കഴിഞ്ഞു എന്നതില്‍ ഇതുവരെ വ്യക്തതതയില്ല. സാറ്റേണിനെ കാണാനായി നിരവധി പേരാണ് മോസ്‌കോ മൃഗശാലയില്‍ എത്തിയിരുന്നത്.
മിസിസിപ്പി മുതലകള്‍ക്ക് സാധാരണയായി 30-50 വര്‍ഷം വരെയാണ് ആയുസ്. എന്നാല്‍ ഈ മുതല ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളല്ല. സെര്‍ബിയയിലെ ബെല്‍ഗ്രേഡ് മൃഗശാലയിലെ മുജ എന്ന 80 വയസ്സുള്ള മുതല ഇപ്പോഴും ജീവനോടെ ഉണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more