| Wednesday, 19th March 2014, 4:51 pm

പാര്‍ട്ടിയിലേക്ക് തിരികെ വരാനൊരുങ്ങി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കണ്ണൂര്‍: സി.പി.ഐ.എമ്മിലേക്ക് തിരികെവിളിച്ചാല്‍ പരിഗണിക്കുമെന്ന് മാധ്യമപ്രവര്‍ത്തകനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.  ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ബര്‍ലിന്‍ അറിയിച്ചു.

ഞാന്‍ രാജിവെയ്ക്കുകയോ പുറത്തുപോകുകയോ ചെയ്തിട്ടില്ല. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരില്‍ പുറത്താക്കപ്പെട്ടയാളാണ്. ഇടതുപക്ഷത്തിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. കണ്ണൂരില്‍ ശ്രീമതി ടീച്ചറെ വിജയിപ്പിക്കാനും മറ്റുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും- കുഞ്ഞനന്തന്‍ നായര്‍ വ്യക്തമാക്കി.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പ്രസ്താവനയെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ 2009ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം യു.ഡി.ഫിനായാണ് പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടി വിട്ടവര്‍ തിരികെ വന്നാല്‍ തിരിച്ചെടുക്കുകയെന്നതാണ് നയമെന്നും  കോടിയേരി വ്യക്തമാക്കി.

ആര്‍.എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആര്‍.എം.പി കോണ്‍ഗ്രസിന്റെ ബി ടീമായി മാറിയെന്നും ടി.പി ചന്ദ്രശേഖരന്‍ വധം എന്ന ഒറ്റ അജണ്ട മാത്രമാണ് ആര്‍.എം.പിക്ക് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ചന്ദ്രശേഖരന്‍ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസസമരം യു.ഡി.എഫുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നതും യു.ഡി.എഫിന് വേണ്ടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും ഇത്തവണ ലഭിക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more