കണ്ണൂര്‍:പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇടതുപക്ഷ സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായിയാണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും വിഭാഗീയതയുടെ കാലത്ത് വി.എസ് അച്ഛ്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാന്‍ കാരണമെന്നും ബര്‍ലിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും നല്ലൊരു മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇ.എം.എസിനേക്കാള്‍ മിടുക്കനാണ് പിണറായിയെന്നും ബര്‍ലിന്‍ പറഞ്ഞു. ജീവിതത്തിന്റെ അവസാന സായാഹ്നങ്ങളില്‍ പിണറായിയെ ഒന്ന് കാണണമെന്നാണ് ആഗ്രഹമെന്നും തനിക്ക് തെറ്റ് പറ്റിയ കാര്യം പിണറായിയെ അറിയിക്കണമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.
തന്റെ പുസ്തകത്തിലെ പിണറായിയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ നേരത്തേ പിന്‍വലിച്ചിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുകൊണ്ടു തന്നെ യാത്രയാവണം എന്നാണ് ആഗ്രഹമെന്നും കുഞ്ഞനന്തന്‍ പറയുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് മികച്ചതാണെന്നും പിണറായി സര്‍ക്കാര്‍ തന്നെ ഇനിയും ഭരണത്തില്‍ വരുമെന്നും കുഞ്ഞനന്തന്‍ പറഞ്ഞു. ‘ഫെബ്രുവരിയില്‍ പിണറായിയെ കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എനിക്ക് 96 വയസ്സു കഴിഞ്ഞു. രണ്ട് കണ്ണിനും കാഴ്ചയില്ല. എങ്കിലും പിണറായിയെ കാണണമെന്ന് ആഗ്രഹമുണ്ട്. കാണാന്‍ കഴിഞ്ഞില്ലെങ്കിലും ശബ്ദം കേള്‍ക്കാമല്ലോ,’ കുഞ്ഞനന്തന്‍ കൂട്ടിച്ചേര്‍ത്തു.
എന്തിനാണ് മാപ്പു പറയുന്നതെന്ന ചോദ്യത്തിന് വിയോജിപ്പുകള്‍ പ്രത്യയശാസ്ത്രപരമായാണ് ഉന്നയിച്ചിരുന്നതെങ്കില്‍ മാപ്പു പറയേണ്ട കാര്യമില്ലായിരുന്നുവെന്നും പക്ഷേ വിമര്‍ശനങ്ങള്‍ വ്യക്തിപരമായിപ്പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി.എസിനെ അനുകൂലിച്ചതിന്റെ പേരില്‍ സി.പി.എം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
അസുഖബാധിതനായി കുറേക്കാലമായി കണ്ണൂരിലെ നാറാത്തെ വീട്ടിലാണ് ബര്‍ലിന്‍ താമസിക്കുന്നത്. മുന്‍പ് പിണറായി വിജയന്റെ രാഷ്ട്രീയ സമീപനത്തെക്കുറിച്ചും വ്യക്തിപരമായും ബര്‍ലിന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Berlin Kunjananthan nair Pinarayi Vijayan