ഗസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൽ ഭീഷണി നേരിട്ട് ബെർലിൻ ചലച്ചിത്ര മേളാ അധികൃതർ
World News
ഗസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൽ ഭീഷണി നേരിട്ട് ബെർലിൻ ചലച്ചിത്ര മേളാ അധികൃതർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2024, 4:16 pm

മ്യൂണിച്ച്: ഗസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ അരക്ഷിതാവസ്ഥയിലായി ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍. ബെര്‍ലിന്‍ മേധാവികളുടെ ഗസയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പല രീതിയില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.

രാജ്യത്തെ തീവ്ര വലതുപക്ഷമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വിപരീതമായി ചലച്ചിത്ര മേളയുടെ സംഘാടകര്‍ ഗസയിലെ ജനതക്കൊപ്പം നിലയുറച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ ചലച്ചിത്ര മേളയുടെ ഏതാനും സംഘാടകര്‍ പരസ്യമായി പ്രതികരിക്കുകയുണ്ടായി. കൊവിഡ്, റഷ്യ-ഉക്രൈന്‍ യുദ്ധം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളില്‍ നേരിട്ടതിനേക്കാള്‍ വന്‍ തിരിച്ചടികളാണ് നിലവില്‍ ബെര്‍ലിന്‍ ചലച്ചിത്ര മേള അഭിമുഖീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘ലോകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാവരും ചര്‍ച്ച ചെയ്യണമെന്നും മനുഷ്യരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ കഴിയണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. പശ്ചിമേഷ്യ നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഞങ്ങളുടെ വേദികള്‍ തുറന്നിടാന്‍ ആഗ്രഹിക്കുന്നു. ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ മുസ്ലിം വിരുദ്ധത, യഹൂദ വിരുദ്ധത, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവയുടെ വ്യാപ്തി കൂടുന്നതില്‍ ആശങ്ക ഉണ്ട്,’ എന്ന് ബെര്‍ലിന്‍ അധികൃതര്‍ കുറിച്ചു.

ബെര്‍ലിനെ കൂടാതെ ജര്‍മനിയിലെ മറ്റു സാംസ്‌കാരിക സംഘടനകളും ഇത്തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം കാന്‍സ്, വെനീസ്, ടൊറന്റോ, സണ്‍ഡാന്‍സ് എന്നീ ചലച്ചിത്ര മേളകള്‍ ഗസയിലെ ഫലസ്തീനികള്‍ക്കായി തുറന്ന് നിലപാട് എടുക്കുകയും ഇസ്രഈല്‍ അധിനിവേശത്തിനെതിരായി ശബ്ദം ഉയര്‍ത്തുകയും ചെയ്യുന്നില്ലെന്നാണ് വിലയിരുത്തല്‍.

ഇതാദ്യമായല്ല ബെര്‍ലിന്‍ ചലച്ചിത്ര മേള വിവാദ വിഷയങ്ങളിലും ലോകം ഉറ്റുനോക്കുന്ന പ്രശ്‌നങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്. നേരത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ ബെര്‍ലിന്‍ അധികൃതര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇതിനുപിന്നാലെ ബെര്‍ലിന്‍ ചലച്ചിത്ര മേളയുടെ തലവനായ സംവിധായകന്‍ ഡയറ്റര്‍ കോസ്ലിക്ക് നേരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

Content Highlight: Berlin International Film Festival face criticism for declaring solidarity with Palestinians in Gaza from German government