സസ്‌പെന്റ് ചെയ്തുകൊണ്ട് യൂണിയന്റെ കത്ത്; പരിഹാസവുമായി വീണ്ടും ബെര്‍ളി തോമസ്‌
Kerala
സസ്‌പെന്റ് ചെയ്തുകൊണ്ട് യൂണിയന്റെ കത്ത്; പരിഹാസവുമായി വീണ്ടും ബെര്‍ളി തോമസ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th March 2012, 4:43 pm

കോഴിക്കോട്: പത്രപ്രവര്‍ത്തക യൂണിയനെ വിമര്‍ശിച്ച് ബ്ലോഗെഴുതിയ ബെര്‍ളി തോമസിനെ സസ്‌പെന്റ് ചെയ്തുകൊണ്ട് യൂണിയന്‍ നോട്ടീസ്. യൂണിയന്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ട് ജില്ലാ കമ്മിറ്റിയുടെ ലെറ്റര്‍ പാഡില്‍ ജില്ലാ സെക്രട്ടറി സി.വിനോദ് ചന്ദ്രന്റെ ഒപ്പോടുകൂടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബെര്‍ളിയ്ക്ക് കത്ത് ലഭിച്ചത്.
” കേരള പത്രപ്രവര്‍ത്തക യൂണിയനെ ആക്ഷേപിച്ചുകൊണ്ട് ബ്ലോഗില്‍ എഴുതിയെന്ന കാരണത്താല്‍ താങ്കളെ യൂണിയന്‍ അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ കോട്ടയത്ത് ചേര്‍ന്ന യൂണിയന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. താങ്കള്‍ യൂണിയന്റെ കോഴിക്കോട് ജില്ലയിലെ അംഗമായതിനാല്‍ താങ്കളെ ഇക്കാര്യം അറിയിക്കാന്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സംസ്ഥാന സെക്രട്ടറി എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരം താങ്കളെ യൂണിയന്‍ അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത കാര്യം അറിയിക്കുകയാണ്” എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ യൂണിയന്‍ നോട്ടീസിനെ ചോദ്യം ചെയ്തുകൊണ്ടും പുറത്താക്കല്‍ നടപടിയെ രൂക്ഷമായി പരിഹസിച്ചുകൊണ്ടും ബെര്‍ളിതോമസ് പുതിയ ബ്ലോഗെഴുതിയിട്ടുണ്ട്. ഈ കുറിപ്പില്‍ യൂണിയന്‍ നോട്ടീസ് നല്‍കിയ കാര്യവും പറയുന്നുണ്ട്. നോട്ടീസുമായി ബന്ധപ്പെട്ട് പ്രധാനമായും പത്ത് ചോദ്യങ്ങളാണ് ബെര്‍ളി ചോദിക്കുന്നത്.

കേരള പത്രപ്രവര്‍ത്തക യൂണിയനെ ആക്ഷേപിച്ചത് ആരാണ്, ബ്ലോഗില്‍ എഴുതിയതാണോ ആക്ഷേപിച്ചതാണോ കുറ്റം, ഏതു ബ്ലോഗിലാണ് എഴുതിയത് ? എന്ന് ? ഏത് പോസ്റ്റ് ?, ആരാണ് ബ്ലോഗിലെഴുതിയത് ?, ആക്ഷേപിക്കുന്നത് ഒരു കുറ്റമാണോ ?, യൂണിയന്റെ സംസ്ഥാന കമ്മിറ്റി കോട്ടയത്ത് എന്നാണ് ചേര്‍ന്നത് ?, എങ്ങനെയാണ് കമ്മിറ്റി തീരുമാനമെടുത്തത് ? ഏകകണ്ഠമായിരുന്നോ ?, കോട്ടയത്ത് തീരുമാനിച്ചിട്ടുണ്ട് എന്നു പറയുന്നു. അപ്പോള്‍ കോഴിക്കോട്ട് നടപ്പാക്കുന്നതെങ്ങനെയാണ് ?, സംസ്ഥാന സെക്രട്ടറിയെക്കാള്‍ ശക്തിശാലിയാണോ കോഴിക്കോട് ജില്ലാ സെക്രട്ടറി ?, സംസ്ഥാന സമിതി ഇങ്ങനൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം അധമനായ ഈ അംഗത്തെ അറിയിക്കാന്‍ സംസ്ഥാനസമിതിക്ക് സ്വന്തമായി ലെറ്റര്‍പാഡ് ഇല്ലേ ? സംസ്ഥാനസമിതി എടുത്ത തീരുമാനം ഓണ്‍ലൈന്‍ പത്രങ്ങളെ അപ്പോള്‍ തന്നെ അറിയിച്ച ഭാരവാഹികള്‍ എന്നെ ഇതറിയിക്കാന്‍ 14 ദിവസം കാത്തിരുന്നതെന്തിനാണ് ? തുടങ്ങിയവയാണ് ബെര്‍ളിയുടെ ചോദ്യങ്ങള്‍.

“പത്രപ്രവര്‍ത്തക യൂണിയന്‍ ഫലിതങ്ങള്‍(ചിരിച്ചാല്‍ കേസെടുക്കും)” എന്ന തലത്തെട്ടില്‍ വന്ന കുറിപ്പിലാണ് യൂണിയന്‍ നടപടികളെ രൂക്ഷമായി പരിഹസിക്കുന്നത്. രാഷ്ട്രീയ സാമൂഹിക വിഷങ്ങളില്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക് നേരെ വിമര്‍ശനങ്ങളുണ്ടാവുമ്പോള്‍ അത് അംഗീകരിക്കാന്‍ കഴിയാതിരിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പുതിയ പോസ്റ്റ്.

ബെര്‍ളിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

പത്രപ്രവര്‍ത്തക യൂണിയന്‍ ഫലിതങ്ങള്‍ (ചിരിച്ചാല്‍ കേസു കൊടുക്കും)

ചേട്ടനോടൊപ്പം ഏത് കാട്ടില്‍ വേണമെങ്കിലും ഞാന്‍ വരും എന്നു പറയുന്ന കാമുകിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി റേപ്പ് ചെയ്തിട്ട് ഓടിരക്ഷപെടുന്ന കാമുകനെപ്പോലെയാണ് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ എന്നു ഞാന്‍ പറഞ്ഞാല്‍ ചുമ്മാ കേറി മാനനഷ്ടത്തിനു സൈബര്‍ കേസ് കൊടുക്കരുത്.ഏത് ബാധയെ ഒഴിപ്പിക്കാനും അതിന്റേതായ മന്ത്രതന്ത്ര പാക്കേജുകളുണ്ട്. “നിന്നെ ഒഴിപ്പിച്ചിരിക്കുന്നു” എന്നൊരു കടാസിലെഴുതി ഭിത്തിയിലൊട്ടിച്ചു വച്ചാല്‍ ബാധ ഒഴിഞ്ഞുപോകുമെന്നു കരുതുന്ന വ്യാജമന്ത്രവാദികളെപ്പോലെ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗമായിപ്പോയ എന്നെ തുണ്ടുകടലാസുകൊണ്ട് സസ്!പെന്‍ഡ് ചെയ്ത് പിന്നേം സ്വയം നാറരുതേ എന്നു വിനീതമായി അപേക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് ഈ പോസ്റ്റ് (ഈ ബ്ലോഗില്‍ എഴുതുന്നതനുസരിച്ചാണ് നടപടി എന്നു കേട്ടിട്ടുണ്ട്).

അല്ലെങ്കിലും കേരളപത്രപത്രപ്രവര്‍ത്തക യൂണിയന്‍ ഭരണസമിതിക്കാര് ഫയങ്കര തൊട്ടാവാടികളാ. നമ്മളെന്തെങ്കിലും തമാശ പറഞ്ഞാല്‍ ചുമ്മാ കേറിയങ്ങു സീരിയസ്സാവും. പിന്നെ യോഗം ചേരലായി പുറത്താക്കലായി. എന്നു കരുതി ക്രൂരന്മാരൊന്നുമല്ല, സാധുക്കളാ. സംഘടന സംസ്ഥാനഭരണസമിതിക്കാര് 2012 ഫെബ്രുവരി 26 ഞായറാഴ്ച കോട്ടയത്ത് യോഗം ചേര്‍ന്ന് എന്തരോ ഒക്കെ കണ്ണംതിരിവുകള്‍ക്ക് എന്നെ പുറത്താക്കിയതായി ഓണ്‍ലൈന്‍ പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു. സംഘടനയുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളോട് നീതിപുലര്‍ത്തണമെങ്കില്‍ എന്നെ പുറത്താക്കുക തന്നെയാണ് വേണ്ടത്. എനിക്കും വിരോധമില്ല.

എന്നെ എന്തു ചെയ്യുമ്പോഴും അത് കേരള പത്രപ്രവര്‍ത്തക യൂണിയനാണല്ലോ ചെയ്യുന്നത് എന്ന നിര്‍വൃതി അനുഭവിക്കാമല്ലോ എന്നു കരുതി ഞാന്‍ അന്നു മുതല്‍ പത്രപ്രവര്‍ത്തനത്തിന്റെ കുറ്റിക്കാട്ടില്‍ പോയിക്കിടക്കുകയാണ്. ബാധയെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചാല്‍ “ഒഴിഞ്ഞുപോകുന്നോ” എന്ന ചോദ്യവുമായി 15 ദിവസത്തിനകം ഒരു വിശദീകരണം ബാധയ്!ക്കു കൊടുക്കുകയും ബാധയുടെ മറുപടി വാങ്ങിയ ശേഷം നടപടി എടുക്കുകയും ചെയ്യണമെന്നാണ് അടിസ്ഥാനചട്ടം. ഇന്നലെ പതിന്നാലാം ദിവസം വൈകിട്ട് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒരു നീട്ടെഴുത്ത് എനിക്കു കിട്ടിയിരിക്കുന്നു. നമ്മള്‍ വല്ലതും എഴുതിയിട്ട് യൂണിയന് ഇഷ്ടമായില്ലെങ്കില്‍ സൈബര്‍ കേസ് കൊടുക്കുമെന്നാണ് പറയുന്നത്. എന്നാലും, ആ കത്ത് എനിക്കിവിടെ പ്രസിദ്ധീകരിക്കാതിരിക്കാനാവുന്നില്ല.

കത്ത് വായിച്ച് കുറെ നേരം ചിരിച്ചു. ഇപ്പോഴും ചിരിച്ചോണ്ടിരിക്കുകയാണ്. നടപടിക്രമങ്ങളൊന്നും ഇപ്പോഴുള്ള ഭരണസമിതിക്കാര്‍ക്ക് അറിയില്ലായിരിക്കാം, ക്ഷമിക്കാം. പത്രക്കാരല്ലേ,ആഗോളപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ സംഘടനാപ്രവര്‍ത്തനത്തില്‍ വീഴ്ചകളുണ്ടാവാം, സ്വാഭാവികം. ഒരു കത്തെങ്കിലും വൃത്തിയായി എഴുതി അയക്കാന്‍ ഇവരൊക്കെ ഇനി എന്നു പഠിക്കാനാണ് ? ഈ പറയുന്ന വിവാദവുമായി ബന്ധപ്പെട്ട് കേരളപത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് എനിക്കു ലഭിക്കുന്ന കടിഞ്ഞൂല്‍ കമ്യൂണിക്കേഷനാണിത്. ഇത് വായിച്ചിട്ട് എനിക്കുള്ള സംശയങ്ങള്‍ ഇവയൊക്കെയാണ്.

1. കേരള പത്രപ്രവര്‍ത്തക യൂണിയനെ ആക്ഷേപിച്ചത് ആരാണ് ?
2. ബ്ലോഗില്‍ എഴുതിയതാണോ ആക്ഷേപിച്ചതാണോ കുറ്റം ?
3. ഏതു ബ്ലോഗിലാണ് എഴുതിയത് ? എന്ന് ? ഏത് പോസ്റ്റ് ?
4. ആരാണ് ബ്ലോഗിലെഴുതിയത് ?
5. ആക്ഷേപിക്കുന്നത് ഒരു കുറ്റമാണോ ?
6. യൂണിയന്റെ സംസ്ഥാന കമ്മിറ്റി കോട്ടയത്ത് എന്നാണ് ചേര്‍ന്നത് ?
7. എങ്ങനെയാണ് കമ്മിറ്റി തീരുമാനമെടുത്തത് ? ഏകകണ്ഠമായിരുന്നോ ?
8. കോട്ടയത്ത് തീരുമാനിച്ചിട്ടുണ്ട് എന്നു പറയുന്നു. അപ്പോള്‍ കോഴിക്കോട്ട് നടപ്പാക്കുന്നതെങ്ങനെയാണ് ?
9. സംസ്ഥാന സെക്രട്ടറിയെക്കാള്‍ ശക്തിശാലിയാണോ കോഴിക്കോട് ജില്ലാ സെക്രട്ടറി ?
10.സംസ്ഥാന സമിതി ഇങ്ങനൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം അധമനായ ഈ അംഗത്തെ അറിയിക്കാന്‍ സംസ്ഥാനസമിതിക്ക് സ്വന്തമായി ലെറ്റര്‍പാഡ് ഇല്ലേ ?
11.സംസ്ഥാനസമിതി എടുത്ത തീരുമാനം ഓണ്‍ലൈന്‍ പത്രങ്ങളെ അപ്പോള്‍ തന്നെ അറിയിച്ച ഭാരവാഹികള്‍ എന്നെ ഇതറിയിക്കാന്‍ 14 ദിവസം കാത്തിരുന്നതെന്തിനാണ് ?

ഈ 11 ചോദ്യങ്ങള്‍ക്കും ഉത്തരം തന്നാല്‍ ഞാന്‍ സസ്!പെന്‍ഡ് ചെയ്യപ്പെടുമോ എന്നു ചോദിക്കരുത്. ഈ നാറിയ സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ !ഞാന്‍ ലജ്ജിക്കുന്നു എന്നു പണ്ടേ പറഞ്ഞിട്ടുള്ളതാണ്. സസ്!!പെന്‍ഷനല്ല, ഡിസ്!മിസലാണ് ഞാനാഗ്രഹിക്കുന്നത്. നേരേ ചൊവ്വേ ഒന്നു സംസ്!പെന്‍ഡ് ചെയ്യാന്‍ പോലുമറിയാത്ത ഈ ചങ്ങായിമാര്‍ പുറത്താക്കുന്നതെങ്ങനെ എന്നറിയാത്തതുകൊണ്ടാണ് അതു ചെയ്യാത്തത് എന്നു തോന്നുന്നു. !ഞാന്‍ പറഞ്ഞില്ലേ, സാധുക്കളാ. ഇനിയിപ്പോ സസ്!പെന്‍ഷനു വേണ്ടി വേറൊരു കത്തൊന്നും എഴുതാന്‍ മിനക്കെടേണ്ട. എന്നെ സസ്!പെന്‍ഡ് ചെയ്യാന്‍ തുടങ്ങീട്ട് 15 ദിവസമായി. അവരിങ്ങനെ ചക്രശ്വാസം വലിക്കുന്നത് എനിക്കു കണ്ടുനില്‍ക്കാനാവില്ല. ഞാന്‍ പുറത്തുപൊയ്!ക്കോളാം. “സംഘടനാതത്വങ്ങളും നടപടിക്രമങ്ങളും ഞങ്ങള്‍ക്കറിയില്ലാത്തതിനാല്‍ നിങ്ങളെ പുറത്താക്കുന്നതില്‍ തടസ്സം നേരിട്ടിരിക്കുന്ന സാഹചര്യത്തില്‍ സംഘടനയെ പ്രസിസന്ധിയിലാക്കാതെ രാജിവച്ച് പോകണമെന്ന് അഭ്യര്‍ഥിക്കുന്നു” എന്നു ഒരു ലെറ്റര്‍പാഡില്‍ എഴുതി അയച്ചാല്‍ അത് കയ്യില്‍ കിട്ടുന്നതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ രാജിവയ്!ക്കുന്നതായിരിക്കും, ഉറപ്പ്.

അപ്പോള്‍ മുകളിലത്തെ ഹാസ്യസാഹിത്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ സസ്!പെന്‍ഷനിലായി എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ വളരെ വ്യക്തമായി പറയട്ടെ, അത് അങ്ങ് പള്ളീല്‍പ്പോയി പറഞ്ഞാല്‍ മതി. ഒരംഗത്തെ സസ്!പെന്‍ഡ് ചെയ്യുന്നതിനോ പുറത്താക്കുന്നതിനോ സംഘടനയുടെ ഭരണഘടനയില്‍ പറയുന്ന നടപടിക്രമങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം എങ്കിലും പാലിക്കാന്‍ ഭരണസമിതിയോട് ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുകയാണ്. അത്ര വിനയം വേണ്ട എന്നാണെങ്കില്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിക്കണം. ഈ സംഘടനയ്!ക്ക് ഭരണഘടനയുണ്ടോ, എന്നിട്ട് ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നു പറയുന്ന പാര്‍ട്ടികളാണ് ഭരണസമിതിയിലുള്ളതത്രേ (ത്രേന്നെഴുതിയാല്‍ കേസ് കൊടുക്കാന്‍ പറ്റില്ലാട്ടോ). അതുകൊണ്ട് വായിച്ചു പഠിച്ച് എനിക്കെതിരേ നടപടിയെടുക്കുന്നതിനു വേണ്ടി ഭരണഘടനയിലെ പുറത്താക്കല്‍ ചട്ടം കൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇതിന് സൈബര്‍ കേസ് വേറെ കൊടുക്കരുത്.

ഇടപെടും തോറും എത്രയും വേഗം പുറത്താകണമെന്ന് ആഗ്രഹിക്കുന്ന തരത്തില്‍ കേരള പത്രപ്രവര്‍ത്തകയൂണിയന്‍കാര് എന്നെ പരവശനാക്കുകയാണ്. ഇതൊക്കെ വായിച്ച് മനസ്സിലാക്കിയിട്ടോ മുകളില്‍ പറഞ്ഞപോലെ രാജിവയ്!ക്കാമോ എന്ന് എന്നോടിങ്ങോട്ട് അപേക്ഷിച്ചിട്ടോ സംഘടനക്കാര് എന്നെ പുറത്താക്കുന്ന സുദിനത്തിനായി കാത്തിരിക്കുകയാണ്. എങ്കിലും നെയ്യാറ്റിന്‍കരക്കാരന്‍ ശെല്‍വരാജ് പറഞ്ഞതുപോലെ നാട്ടിലുള്ള പത്രപ്രവര്‍ത്തകര്‍ എന്താഗ്രഹിക്കുന്നോ അതുപോലെയേ ഞാന്‍ പ്രവര്‍ത്തിക്കൂ. അവര്‍ പറഞ്ഞാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ മല്‍സരിക്കുക പോലും ചെയ്യും.

ലേഖനങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും രാഷ്ട്രീയസാമൂഹികസാംസ്‌കാരിക മണ്ഡലങ്ങളെ വിമര്‍ശിച്ചും ആക്ഷേപിച്ചും ജീവിക്കുന്ന പത്രപ്രവര്‍ത്തകരുടേത് മാധ്യമസ്വാതന്ത്ര്യമാണെന്നു സ്ഥാപിക്കുന്ന സംഘടന, സംഘടനയിലെ വൃത്തികേടുകളെ ആരെങ്കിലും ആക്ഷേപിച്ചാല്‍ അവനെ പുറത്താക്കുന്നതാണ് നീതി എന്നു തെളിയിക്കുമ്പോള്‍ എത്ര ലഘൂകരിച്ചു പറഞ്ഞാലും അത് നാറിയ സംഘടനാപ്രവര്‍ത്തനമാണെന്നത് നിഷേധിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം വേണം പക്ഷെ,അംഗങ്ങള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം പാടില്ല എന്ന പുതിയ മുദ്രാവാക്യത്തെ മുറുകെപ്പിടിച്ച് സംഘടനയിലെ രാജവെമ്പാലകളും മനോഹരബോറന്മാരും മുന്നോട്ടുപോകുമ്പോള്‍ കാലം കാലുമടക്കി അടിക്കാതെ ശ്രദ്ധിക്കുക.1. കേരള പത്രപ്രവര്‍ത്തക യൂണിയനെ ആക്ഷേപിച്ചത് ആരാണ് ?


സംഘടനാ വിരുദ്ധ പ്രവര്‍ത്തനം തെളിയിച്ചാല്‍ മാപ്പു പറയാം; ബെര്‍ളിയുടെ വെല്ലുവളി

പത്രപ്രവര്‍ത്തക യൂണിയന്‍ ഒറ്റുകാരെന്ന് ബെര്‍ളി; കെ.യു.ഡബ്ല്യു.ജെ നടപടിക്ക്

Malayalam news

Kerala news in English