| Thursday, 23rd July 2020, 11:27 am

ബേപ്പൂര്‍ തുറമുഖം അടക്കും; തീരുമാനം ബോട്ടിലെ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖം അടക്കാന്‍ നിര്‍ദേശിച്ച് കോഴിക്കോട് കോര്‍പറേഷന്‍. ബോട്ടിലെ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്ന 30 പേരെ നിരീക്ഷണത്തിലാക്കി. രോഗവ്യാപന സാധ്യത മുന്നില്‍കണ്ടാണ് തുറമുഖം അടക്കാനുള്ള നടപടി.

കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗമാണ് തുറമുഖം അടക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.

അതേസമയം ജില്ലയില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നുണ്ട്. ചാലപ്പുറത്ത് ഒരു കുടുംബത്തിലെ 8 പേര്‍ അടക്കം 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്കെല്ലാവര്‍ക്കും തന്നെ രോഗം പിടിപെട്ടത്.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധന ആയിരം കടന്നു. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണനയില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

1038 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more