തിരുവനന്തപുരത്ത് ഹോട്ടല്‍ ബിസിനസ് നടത്തുന്ന അനില്‍കുമാര്‍ അപ്പുക്കുട്ടന്‍ നായര്‍ എന്നയാളാണ് കഴിഞ്ഞ മാസം 80 ലക്ഷം രൂപ മുടക്കി രാജശ്രീ മോട്ടോര്‍സില്‍ നിന്നും ബെന്‍സ് കാര്‍ വാങ്ങിയത്.
കൊച്ചി: 80 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ വാങ്ങി ഒരുമാസം മുന്‍പേ വാഹനം തകരാറിലായിട്ടും മാറ്റി നല്‍കാനോ വേണ്ട നടപടിയെടുക്കാനോ തയ്യാറാകാത്ത കമ്പനിക്കെതിരായ വാഹന ഉടമയുടെ പ്രതിഷേധം ഫലം കണ്ടു.
ബെന്‍സില്‍ റീത്ത് വെച്ച് ഷോറൂമിന് മുന്നില്‍ പ്രതിഷേധിച്ച ഉടമയ്ക്ക് മുന്നിലാണ് ഒടുവില്‍ കമ്പനി മുട്ടുമടക്കിയത്. തകരാറിലായ ബെന്‍സിന് പകരം വാഹനം നല്‍കാമെന്ന് മെഴ്‌സിഡസ് കമ്പനി അറിയിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നും രാജശ്രീ മോട്ടേഴ്‌സ് അറിയിച്ചു.
തിരുവനന്തപുരത്ത് ഹോട്ടല്‍ ബിസിനസ് നടത്തുന്ന അനില്‍കുമാര്‍ അപ്പുക്കുട്ടന്‍ നായര്‍ എന്നയാളാണ് കഴിഞ്ഞ മാസം 80 ലക്ഷം രൂപ മുടക്കി രാജശ്രീ മോട്ടോര്‍സില്‍ നിന്നും ബെന്‍സ് കാര്‍ വാങ്ങിയത്. എന്നാല്‍ വെറും 745 കിലോമീറ്റര്‍ ഓടിയപ്പോള്‍ തന്നെ വണ്ടിയുടെ ഗീയര്‍ബോക്‌സ് തകരാറിലായി.
വണ്ടി തകരാറിലായി ദിവസങ്ങള്‍ക്ക് ശേഷമാണ് എന്താണ് തകരാറെന്ന് പോലും കണ്ടെത്തിയതെന്നും അനില്‍കുമാര്‍ പറയുന്നു.
കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് വാഹനത്തിന് തകരാറുള്ളതായി കണ്ടെത്തിയത്. ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനം ഡി 4 എന്ന ഗിയര്‍ പാറ്റേണില്‍ എത്തുമ്പോള്‍ വാഹനം അനങ്ങാത്ത അവസ്ഥയുണ്ടായതിനെതുടര്‍ന്ന് എറണാകുളത്ത് വണ്ടി വാങ്ങിയ രാജശ്രീ മോട്ടേഴ്‌സില്‍ ബന്ധപ്പെടുകയായിരുന്നു.
പക്ഷേ വേണ്ട വിധം അവര്‍ പ്രതികരിച്ചില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് വാഹനം റീത്ത് സമര്‍പ്പിച്ച നിലയില്‍ തിരുവനന്തപുരത്തെ സര്‍വ്വീസ് സെന്ററിന് മുന്നില്‍ നിര്‍ത്തിയിടാന്‍ അനില്‍കുമാര്‍ തീരുമാനിച്ചത്.
80 ലക്ഷം രൂപ മുടക്കി വാഹനം വാങ്ങിയത് 745 കിലോമീറ്റര്‍ ഓടിയപ്പോള്‍ തന്നെ കട്ടപ്പുറത്തായത് ന്യായീകരിക്കാനാകില്ലെന്നാണ് അനില്‍കുമാര്‍ പറയുന്നത്.
ഗിയര്‍ബോക്‌സ് മാറ്റി തന്നാല്‍ പോരെന്നും ഇത്രയും വിലകൊടുത്ത് വാങ്ങിയ വാഹനത്തിന്റെ പ്രധാന ഭാഗം കേടായത് വീണ്ടും അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തന്റെ കയ്യില്‍ നിന്നും ഈടാക്കിയ ടാക്‌സ് അടക്കമുള്ള തുക തിരികെ ലഭിക്കണമെന്നാണ് അനിലിന്റെ ആവശ്യം.
വാഹനം മാറ്റി നല്‍കണമെന്ന തന്റെ ആവശ്യം അംഗീകരിച്ചുവെന്ന് അനില്‍ പറഞ്ഞു. എന്നാല്‍ കസ്റ്റമറുടെ ആവശ്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നുമാണ് രാജശ്രീ മോട്ടേഴ്‌സിന്റെ വിശദീകരണം.