| Friday, 23rd October 2020, 7:26 pm

കോമഡികള്‍ക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചര്‍ച്ചകള്‍ പൊടിപൊടിക്കട്ടെ; വിനു വി. ജോണിന് ബെന്യാമിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടയിലെ തനിക്കെതിരായ വാര്‍ത്താവതാരകന്‍ വിനു വി. ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. സ്പ്രിംഗ്‌ളര്‍ കരാറുമായി ബന്ധപ്പെട്ട് ഡാറ്റാ ചോരണത്തില്‍ പണ്ട് സ്വീകരിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ എഴുതി.

ഏഷ്യാനെറ്റിന്റെ വിനു വി. ജോണും വിഷ്ണുനാഥും പരാമര്‍ശിച്ച എഴുത്തുകാരന്‍ താനാണെന്നും അവരുടെ പരാമര്‍ശങ്ങള്‍ക്കും പരിഹാസത്തിനും മറുപടി പറയാന്‍ അവിടെ ഇല്ലാതെയിരുന്നതിനാല്‍ ഇവിടെ മറുപടി നല്‍കുന്നുവെന്നും പറഞ്ഞാണ് ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

‘നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെങ്കില്‍, നിങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് നടത്തുമെങ്കില്‍, നിങ്ങള്‍ക്ക് ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ അടിവസ്ത്രത്തിന്റെ അളവ് വരെ ആവശ്യം ഉള്ളവര്‍ പണ്ടേക്ക് പണ്ടേ ചോര്‍ത്തിക്കൊണ്ട് പോയിരിക്കുന്നു എന്ന് ഇനിയും മനസിലായിട്ടില്ലാത്തവര്‍ക്ക് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍’, ബെന്യാമിന്‍ ഫേസ്ബുക്കില്‍ എഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഏഷ്യാനെറ്റിന്റെ ഇന്നലത്തെ newshour ചര്‍ച്ചയില്‍ ശ്രീ. വിനു വി. ജോണും വിഷ്ണുനാഥും പരാമര്‍ശിച്ച എഴുത്തുകാരന്‍ ഞാനാണ്. അവരുടെ പരാമര്‍ശങ്ങള്‍ക്കും പരിഹാസത്തിനും മറുപടി പറയാന്‍ ഞാന്‍ അവിടെ ഇല്ലാതെയിരുന്നതിനാല്‍ ഇവിടെ മറുപടി നല്‍കുന്നു.

ഡേറ്റ കച്ചവടത്തെപ്പറ്റി മാസങ്ങള്‍ക്കു മുന്‍പ് ഇട്ട ഒരു പോസ്റ്റ് ആയിരുന്നു പരാമര്‍ശ വിഷയം. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവും ഇല്ല എന്ന് ഞാന്‍ അതില്‍ എഴുതിയിരുന്നു. അതിനു ശേഷമാണ് കേരളത്തില്‍ ഇക്കണ്ട വിവാദങ്ങള്‍ ഒക്കെ ഉണ്ടായത്.

അതിനു ശേഷവും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു. കാരണം ഇതിനോടകം തന്നെ ആരെല്ലാമോ ചോര്‍ത്തിക്കൊണ്ട് പോയിക്കഴിഞ്ഞ നമ്മുടെ സ്വകാര്യ വിവരങ്ങളെക്കുറിച്ച് എനിക്ക് അന്നും ഇന്നും ഒരു വേവലാതിയും ഇല്ല.

നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെങ്കില്‍, നിങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് നടത്തുമെങ്കില്‍, നിങ്ങള്‍ക്ക് ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ അടിവസ്ത്രത്തിന്റെ അളവ് വരെ ആവശ്യം ഉള്ളവര്‍ പണ്ടേക്ക് പണ്ടേ ചോര്‍ത്തിക്കൊണ്ട് പോയിരിക്കുന്നു എന്ന് ഇനിയും മനസിലായിട്ടില്ലാത്തവര്‍ക്ക് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

ആര്‍ക്കെങ്കിലും ഇനിയും സംശയം ബാക്കി ആണെങ്കില്‍ അടുത്തിടെ ഇറങ്ങിയ The social dilemma എന്ന Netflix documentary ഒന്ന് കാണാന്‍ ശ്രമിക്കുക.
നമുക്ക് സൗജന്യമായി ലഭിച്ചു കൊണ്ടിരിക്കുന്ന facebook, gmail, തുടങ്ങിയവ എങ്ങനെ surveillance capitalism, data mining എന്നിവയ്ക്കുള്ള ഉപകരണങ്ങളായി നിലകൊള്ളുന്നു എന്ന് മനസിലാവും.

പിന്നെ ശരീരശാസ്ത്രം എന്ന നോവലിനെ പരാമര്‍ശിച്ച് അവയവദാനത്തെ കുറിച്ച് നോവല്‍ എഴുതി എന്ന് വിനു പരിഹസിക്കുന്നത് കേട്ടു. ഡേറ്റയും അവയവ ദാനവും തമ്മില്‍ എന്ത് എന്ന് വിനുവിനെ അറിയൂ. എന്തൊക്കെയാണോ പറയുന്നത്???

കോമഡികള്‍ക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചര്‍ച്ചകള്‍ പൊടിപൊടിക്കട്ടെ. ??


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Benyamin Vinu V John Sprinklr Asianet News

We use cookies to give you the best possible experience. Learn more