| Monday, 26th February 2024, 2:44 pm

ആടുജീവിതം ഞാന്‍ കണ്ടു; എനിക്ക് ചില കണ്‍ഫ്യൂഷനുകളും ആശങ്കകളുമുണ്ടായിരുന്നു, പക്ഷേ അതെല്ലാം സിനിമ മറികടന്നു: ബെന്യാമിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍.

2017ല്‍ ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് 2023ലാണ് അവസാനിച്ചത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ അമ്പരപ്പിക്കുന്നതായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളക്കായി പുറത്തുവിട്ട സിനിമയുടെ ട്രെയ്ലറും അതിനു പിന്നാലെ വന്ന ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.

ഇപ്പോള്‍ ആടുജീവിതം കണ്ടതിന് ശേഷം സിനിമയെ കുറിച്ച് പറയുകയാണ് ബെന്യാമിന്‍. താന്‍ എഴുതിവെച്ചതില്‍ നിന്നും എത്രത്തോളം ആ സിനിമക്ക് മുകളിലേക്ക് വരാന്‍ കഴിയുമെന്ന് എല്ലാ വായനക്കാരെയും പോലെ തനിക്കും കുറച്ച് സംശയമുണ്ടായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ആടുജീവിതത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിനിടയില്‍ സംസാരിക്കുകയായിരുന്നു ബെന്യാമിന്‍.

‘ഒരു എഴുത്തുകാരനെ സംബന്ധിച്ച് അയാളുടെ ജീവിതത്തില്‍ ഏറ്റവും ഹൃദ്യമായ നിമിഷങ്ങളിലാണ് ഞാന്‍ നില്‍ക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ജീവിതത്തില്‍ ഏകാന്തതയില്‍ ഇരുന്ന് എഴുതിയ വരികള്‍ പിന്നീട് സമൂഹവും മലയാളത്തിന്റെ ഏറ്റവും വലിയ സംവിധായകനും ഏറ്റെടുത്തു.

അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ 14 വര്‍ഷങ്ങള്‍ ഒരു സിനിമക്ക് വേണ്ടി ആ പുസ്തകത്തിന് പിന്നാലെ നടന്നു. ഇപ്പോള്‍ അത് ചിത്രീകരിച്ചു നമ്മുടെ മുന്നില്‍ സമ്മാനിച്ചിരിക്കുകയാണ്. ആ അനുഗ്രഹം തുടര്‍ന്ന് പോകുന്നത് ലോകം കണ്ട ഏറ്റവും വലിയ സംഗീതജ്ഞനടുത്തേക്കാണ്.

മാര്‍ച്ച് 28ന് ആടുജീവിതം നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. പുഞ്ചിരി നിറഞ്ഞ മുഖത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നത്. കാരണം ഞാന്‍ ആ സിനിമ കണ്ടു. ഞാന്‍ എഴുതിവെച്ചതില്‍ നിന്നും എത്രത്തോളം ആ സിനിമക്ക് മുകളിലേക്ക് വരാന്‍ കഴിയുമെന്ന് എല്ലാ വായനക്കാരെയും പോലെ എനിക്കും കുറച്ച് കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു.

നമ്മുടെ സങ്കല്‍പ്പത്തിന് മുകളിലേക്ക് എങ്ങനെയാണ് ആ സിനിമ വരുന്നതെന്നുള്ള സംശയങ്ങളുമുണ്ടായിരുന്നു.

പക്ഷേ സിനിമ കണ്ടപ്പോള്‍ അതിനെയെല്ലാം മറികടന്ന് കൊണ്ട് മനോഹരമായ, ഉജ്വലമായ, ലോകോത്തരമായ ഒരു സിനിമ നമ്മുടെ മുന്നിലേക്ക് വരുന്നുവെന്ന് എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് അഭിമാനത്തോടെ നിങ്ങളോട് പറയാന്‍ കഴിയും,’ ബെന്യാമിന്‍ പറഞ്ഞു.

Content Highlight: Benyamin Talks About Aadujeevitham

We use cookies to give you the best possible experience. Learn more