| Monday, 8th April 2024, 12:27 pm

മരുഭൂമി കാ കില്ലാഡി, ഭീമൻ രഘുവിനെ ബ്ലെസി സാർ സമീപിച്ചെന്ന് കേട്ടു; ട്രോളുകളെ കുറിച്ച് ബെന്യാമിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

ബോക്സ്‌ ഓഫീസിൽ ഗംഭീര മുന്നേറ്റമാണ് ചിത്രം നടത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാർച്ച്‌ 28ന് റിലീസായ ചിത്രം ഇതിനോടകം 100 കോടി കളക്ഷൻ കടന്നിട്ടുണ്ട്. മലയാളത്തിൽ നിന്ന് ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രമായി മാറാനും ചിത്രത്തിനായി.

സിനിമ ഗ്രൂപ്പുകളിലും ട്രോൾ പേജുകളിലും ആടുജീവിതത്തിന്റെ റീമേക്കിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ റീമേക്ക് ചെയ്യുന്നതിൽ പ്രധാന നടൻ അക്ഷയ് കുമാറാണ്. മരുഭൂമി കാ കില്ലാഡി എന്ന പേരില്ലെല്ലാം ഇതിനെ കുറിച്ച് ട്രോൾ പേജിൽ തമാശരൂപേണ ആളുകൾ സംസാരിക്കുന്നുണ്ട്.

ഈ ട്രോളുകളെ കുറിച്ച് സംസാരിക്കുകയാണ് ആടുജീവിതം എഴുതിയ ബെന്യാമിൻ. അത്തരം ട്രോളുകൾ താൻ കാണാറുണ്ടെന്നും ഭീമൻ രഘുവിനെയാണ് ആദ്യമായി ആടുജീവിതത്തിന് സമീപിച്ചതെന്ന തരത്തില്ലെല്ലാം ട്രോളുകൾ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ട്രോളുകൾ സിനിമയ്ക്കൊരു പ്രൊമോഷനാണെന്നും കൗമുദി മുവീസിന് നൽകിയ അഭിമുഖത്തിൽ ബെന്യാമിൻ പറഞ്ഞു. ഇതിന് മുമ്പ് മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങിയ സമയത്ത് ഗുഹാ കാ കില്ലാഡിയെന്ന പേരിലും ഇത്തരത്തിൽ ട്രോളുകൾ ഇറങ്ങിയിരുന്നു.

‘ആടുജീവിതത്തിന്റെ റീമേക്കിനെ കുറിച്ചുള്ള ചർച്ചകളും ട്രോളുകളും ഞാൻ കണ്ടിരുന്നു. ബ്ലെസി സാർ കണ്ടോ എന്നെനിക്കറിയില്ല. അങ്ങനെ പലതുമുണ്ട്. ആടുജീവിതത്തിനായി ബ്ലെസി സാർ ആദ്യം തന്നെയാണ് സമീപിച്ചതെന്ന് ഭീമൻ രഘു പറയുന്ന ഒരു സാധനമൊക്കെയുണ്ട്.

ഇതൊക്കെ ആളുകൾക്ക് ഒരു തമാശയല്ലേ. സത്യത്തിൽ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഈ സിനിമയ്ക്ക് കിട്ടുന്ന ഒരു പ്രൊമോഷനും അവരുടെ ഒരു സ്നേഹമൊക്കെയാണ്,’ബെന്യാമിൻ പറഞ്ഞു.

Content Highlight: Benyamin Talk About Trolls About Remake Of Aadujeevitham

We use cookies to give you the best possible experience. Learn more