മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
പൃഥ്വിരാജിനെ കുറിച്ച് പറയുകയാണ് ബെന്യാമിൻ. ഒരു കഥാപാത്രത്തെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷണം നടത്തുന്ന നടനാണ് പൃഥ്വിരാജെന്ന് അദ്ദേഹം പറയുന്നു. സംശയങ്ങൾ തോന്നിയാൽ അത് തന്നോട് ചോദിക്കാറുണ്ടെന്നും കഥാപാത്രത്തെ അത്രത്തോളം ഉൾക്കൊളുന്ന പൃഥ്വി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ബെന്യാമിൻ.
‘ഓരോ നിമിഷത്തിലും ഒരു കഥാപാത്രം എങ്ങനെ പെരുമാറുമെന്നും, പെരുമാറില്ലെന്നും സൂക്ഷ്മമായി വിശകലനം ചെയ്താണ് പൃഥ്വി അഭിനയിക്കാറുള്ളത്. അത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.
ആ കാര്യത്തിൽ എന്തെങ്കിലും ഒരു സംശയം തോന്നിയാൽ അപ്പോൾ തന്നെ സംവിധായകന്റെ അടുത്തോ എന്റെ അടുത്തോ വന്ന് ആ സംശയം തീർക്കും.
എന്നെ വിളിച്ചിട്ട്, ചേട്ടാ ഇങ്ങനെയൊരു പ്രശ്നമുണ്ട്, അവിടെ അങ്ങനെ അഭിനയിക്കാമോ, അതൊന്ന് മാറ്റി പിടിക്കണ്ടേയെന്നെല്ലാം അദ്ദേഹം എന്നോട് ചോദിക്കും. ആ കാര്യത്തിൽ ഞങ്ങൾ മൂന്ന് പേരുംകൂടെ ഇരുന്ന് ഒരു തീരുമാനത്തിൽ എത്തുകയും ചെയ്യും. പുള്ളിക്ക് ഓക്കെയാവുന്നത് വരെ അദ്ദേഹം അതിൽ ഉറച്ചു നിൽക്കും.
ഒരു നിമിഷം എങ്ങനെയാണ് സംഭവിക്കേണ്ടതെന്ന് അത്രയും സൂക്ഷ്മമായി ആഴത്തിൽ ഉൾക്കൊണ്ടാണ് അദ്ദേഹം നമ്മളുമായി സംവദിക്കുന്നത്. പുള്ളിയുടെ ആ കമ്മ്യൂണിക്കേഷൻ പവർ എനിക്ക് വലിയ അത്ഭുതകരമായി തോന്നിയിട്ടുണ്ട്. കഥാപാത്രത്തെ അത്രത്തോളം ഉള്ളിൽ കൊണ്ട് നടക്കുന്നുണ്ട്. എനിക്ക് വലിയ അത്ഭുതം തോന്നിയ നടനാണ് അദ്ദേഹം,’ബെന്യാമിൻ പറയുന്നു.
Content Highlight: Benyamin Talk About Acting Of Prithviraj