| Monday, 12th February 2024, 1:11 pm

ആടുജീവിതത്തിനായി ആദ്യം സമീപിച്ചത് ലാല്‍ ജോസ്, പിന്നാലെ ബ്ലസിയും; നിങ്ങള്‍ ഒരു ധാരണയിലെത്തൂവെന്ന് ഞാന്‍: ബെന്യാമിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിൻ എഴുതി കേരളകര ഒന്നാകെ ഏറ്റെടുത്ത ആടുജീവിതം എന്ന നോവലിന്റെ അടിസ്ഥാനത്തിൽ ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം.

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങാൻ തുടങ്ങിയിട്ട് നാളേറേയായി. ഹൃദയസ്പർശിയായ വായനാനുഭവം നൽകിയ നോവൽ ആയിരുന്നു ആടുജീവിതം. കേരളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ ബ്ലസി ഒരുക്കുന്ന ദൃശ്യ വിസ്മയത്തിനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

എന്നാൽ ബ്ലസിക്ക്‌ മുമ്പേ ആടുജീവിതം സിനിമയാക്കാൻ തന്നെ സമീപിച്ചത് സംവിധായകൻ ലാൽ ജോസ് ആണെന്ന് ബെന്യാമിൻ പറയുന്നു. പിന്നീട് ബ്ലസി തന്നെ സമീപിച്ചപ്പോൾ രണ്ടുപേരോടും സംസാരിച്ച് ഒരു തീരുമാനമെടുക്കാൻ താൻ പറഞ്ഞെന്നും ബെന്യാമിൻ പറയുന്നു.

എന്നാൽ ഈ വിഷയത്തെ നന്നായി സമീപിക്കാൻ ബ്ലസിക്കാണ് കഴിയുകയെന്ന് ലാൽജോസ് പറഞ്ഞെന്നും ബെന്യാമിൻ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.

‘ആടുജീവിതം ആദ്യഘട്ടത്തിൽ വായിച്ചവരുടെ കൂട്ടത്തിൽ ബ്ലസി സാറും ഉണ്ടായിരുന്നു. സത്യത്തിൽ അതിന് മുമ്പേ സിനിമ ചെയ്യണമെന്ന് പറഞ്ഞ് എന്നെ സമീപിച്ചത് ലാൽ ജോസാണ്.

ലാൽ ജോസ് എന്നെ കാണാനായി ബഹ്റൈനിൽ വരുകയും അങ്ങനെ ഒരു സിനിമ ചെയ്യാമെന്ന് തീരുമാനം എടുക്കുകയും ചെയ്തിരുന്നു. പക്ഷെ അദ്ദേഹമപ്പോൾ അറബികഥയെന്ന സിനിമ ചെയ്ത് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഉടനെ തന്നെ ഒരു അറബ് കഥ തന്നെ എടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു.

അപ്പോഴാണ് ബ്ലസി സാർ എന്നെ വിളിക്കുകയും എനിക്ക് ഇതിനോട് ഒരു താത്പര്യമുണ്ടെന്ന് എന്നോട് പറയുകയും ചെയ്തത്. ഞാൻ പറഞ്ഞു, ലാൽ ജോസ് ഇങ്ങനെ സമീപിച്ചിട്ടുണ്ട് നിങ്ങൾ തമ്മിൽ സംസാരിച്ച് ഒരു ധാരണയിൽ എത്തിയാൽ ആര് ചെയ്താലും എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണ് എന്ന്.

അവർ തമ്മിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ലാൽ ജോസ് പറഞ്ഞു, ബ്ലസി ചെയ്യുകയാണെങ്കിൽ കൂടുതൽ നന്നാവുമെന്ന്. എന്നേക്കാൾ ആ വിഷയത്തെ നന്നായി സമീപിക്കാൻ കഴിവുള്ള സംവിധായകനാണ് എന്റെ സഹോദരനായ ബ്ലസി. അതുകൊണ്ട് തീർച്ചയായും അദ്ദേഹം ചെയ്യട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു,’ബെന്യാമിൻ പറയുന്നു.

Content Highlight: Benyamin Says That Director Laljose Was The First Director To Approach Adujeevitham

We use cookies to give you the best possible experience. Learn more