മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ഒരു നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ഈ നോവലിനെ ആസ്പദമാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ ഇതേ പേരില്‍ സിനിമയിറങ്ങിയിട്ട് ദിവസങ്ങളാകുന്നതെയുള്ളൂ. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ സിനിമക്കും ബെന്യാമിനും എതിരെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി വന്നിരിക്കുകയാണ് ബെന്യാമിന്‍. തന്റെ കഥയിലെ നായകന്‍ നജീബാണെന്നും ഷുക്കൂര്‍ അല്ലെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്.
അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബിന്റേതെന്നും അതില്‍ പലരുടെയും പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ബെന്യാമിന്‍ പോസ്റ്റില്‍ പറയുന്നു.
ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതമെന്ന് പറയുന്ന ബെന്യാമിന്‍ 30 ശതമാനത്തിലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളുവെന്നും കൂട്ടിച്ചേര്‍ത്തു. ആടുജീവിതം തന്റെ നോവലാണെന്നും അത് ജീവിതകഥയാണെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അത് തന്റെ കുഴപ്പമല്ലെന്നും ബെന്യാമിന്‍ പോസ്റ്റില്‍ കുറിച്ചു.
ആടുജീവിതത്തിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും താനാണ് ഉത്തരവാദിയെന്ന് പറഞ്ഞ ബെന്യാമിന്‍ ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടാന്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നു. നോവലിനെ സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ അത് തന്നോട് ചോദിക്കാനും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
‘കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്.
അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30 ശതമാനത്തിലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവലാണ്. നോവല്‍… നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്.
അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിന് വിശദീകരണങ്ങളുണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക.’
Content Highlight: Benyamin Says Najeeb Is The Hero Of His Story, Not Shukur