| Monday, 17th February 2025, 5:00 pm

സിനിമാ ആസ്വാദകരായ എല്ലാ മലയാളികളെയും പോലെ ഞാനും ആ നടിയുടെ അഭിനയത്തിന്റെ ആരാധകന്‍: ബെന്യാമിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന മഞ്ജു വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു.

മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് എഴുത്തുകാരന്‍ ബെന്യാമിന്‍. സിനിമാ ആസ്വാദകരായ എല്ലാ മലയാളികളെയും പോലെ താനും മഞ്ജു വാര്യരുടെ അഭിനയത്തിന്റെ ആരാധകനാണെന്ന് ബെന്യാമിന്‍ പറയുന്നു. നായകന്റെ നിഴലായി മാത്രം നിന്ന സ്ത്രീകഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ഐഡന്റിറ്റി ലഭിക്കാന്‍ തുടങ്ങിയതില്‍ മഞ്ജു വാര്യര്‍ക്കും പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘സിനിമാ ആസ്വാദകരായ എല്ലാ മലയാളികളെയും പോലെ ഞാനും മഞ്ജു വാര്യരുടെ അഭിനയത്തിന്റെ ആരാധകനാണ്. നായകന്റെ വശം ചേര്‍ന്ന് അപ്രസക്തമായി നില്‍ക്കേണ്ട ഒരാള്‍ എന്ന ഇടത്തില്‍ നിന്ന് അസ്ഥിത്വവും ഊര്‍ജവുമുള്ള കഥാപാത്രങ്ങളിലേക്ക് മലയാള സിനിമയിലെ സ്ത്രീ ജീവിതങ്ങളെ കൈപിടിച്ചു നടത്തിയതില്‍ പ്രധാന പങ്കുവഹിച്ച അഭിനേത്രിയാണ് മഞ്ജു വാര്യര്‍.

വളരെ പെട്ടെന്ന് മിന്നിമറയുന്ന അഭ്രജീവിതത്തില്‍ പെട്ടുപോകാതെ അവിടെ ഉറച്ച അടയാളങ്ങള്‍ പതിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നത് അവരുടെ അഭിനയമികവിന്റെ സാക്ഷിപത്രമാണ്.

അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും ഈ പുഴയും കടന്ന്, ആറാംതമ്പുരാന്‍, ദയ, കന്മദം, കണ്ണെഴുതി പൊട്ടും തൊട്ട്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ സിനിമകളിലെ മഞ്ജുവിന്റെ അഭിനയം എന്റെ മനസില്‍ കൂടുതല്‍ തങ്ങിനില്‍ക്കുന്നു. ഇനിയും അനേകം മികച്ച കഥാപത്രങ്ങളെ നമുക്ക് സമ്മാനിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു,’ ബെന്യാമിന്‍ പറയുന്നു.

Content highlight: Benyamin says his  Manju Warrier is his favorite actress

Latest Stories

We use cookies to give you the best possible experience. Learn more