Advertisement
Entertainment
ബേസില്‍ ബാറിലൊന്നുമല്ല, മച്ചാന്‍ ഇവിടെ വേറെ ലെവലിലാണെന്ന് ബെന്യാമിന്‍: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 12, 06:46 am
Friday, 12th April 2024, 12:16 pm

തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത മികച്ച പ്രകടനമാണ് ധ്യാന്‍ ഈ സിനിമയില്‍ കാഴ്ച വെച്ചിരിക്കുന്നത്. ഇമോഷണല്‍ രംഗങ്ങളില്‍ ധ്യാനിന്റെ അഭിനയം ഗംഭീരമെന്നാണ് സിനിമ കണ്ട ഓരോരുത്തരും അഭിപ്രായപ്പെടുന്നത്.

ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ട ധ്യാന്‍ ശ്രീനിവാസന്‍, തന്റെ പ്രകടനം കണ്ട് അസൂയ മൂത്ത ബേസില്‍ തൃശ്ശൂരില്‍ റൂമെടുത്ത് മദ്യപിക്കുകയാണെന്ന് തമാശരൂപേണ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖങ്ങളുടെ പ്രധാന ആകര്‍ഷണം ബേസില്‍ -ധ്യാന്‍ കോമ്പോയുടെ കൗണ്ടറുകളായിരുന്നു. ഷൂട്ടിങ് സെറ്റിലെ ഇരുവരുടെയും അനുഭവം പങ്കുവെച്ചതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ധ്യാനിന്റെ പ്രസ്താവനക്ക് മറുപടിയുമായി വന്നിരിക്കുകയാണ് നോവലിസ്റ്റ് ബെന്യാമിന്‍. ധ്യാനിന്റെ പെര്‍ഫോമന്‍സ് കണ്ട് അസൂയ മൂത്ത് മദ്യപിക്കുകയല്ല, മച്ചാന്‍ ഇവിടെ വേറെ ലവല്‍ ചര്‍ച്ചയിലാണെന്നാണ് ബെന്യാമിന്റെ മറുപടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബെന്യാമിന്‍ ഇക്കാര്യം പറഞ്ഞത്. ബേസിലും, ബെന്യാമിനും, ജി.ആര്‍. ഇന്ദുഗോപനും കൂടെ നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റിനൊപ്പം പങ്കുവെച്ചു. ബേസില്‍ ജോസഫ് ീ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം,

‘തന്റെ അഭിനയം കണ്ട് അസൂയ മൂത്ത ബേസില്‍ തൃശ്ശൂരില്‍ എവിടെയോ ബാറിലാണെന്ന് – ധ്യാന്‍. ചുമ്മാ, താനിവിടെ വേറെ ലവല്‍ ചര്‍ച്ചയിലാണെന്ന് – മച്ചാന്‍,’. പോസ്റ്റിന് കീഴെ നിരവധിപ്പേര്‍ കമന്റുകളുമായി എത്തുന്നുണ്ട്. ഇന്ദുഗോപനും, ബെന്യാമിനും, ബേസിലും ചേര്‍ന്ന് പുതിയ സിനിമയുടെ ചര്‍ച്ചയാണോ, മഞ്ഞവെയില്‍ മരണങ്ങള്‍ വെബ് സീരീസാക്കുന്നുണ്ടോ, ധ്യാനിന്റെയും ബേസിലിന്റെയും പ്രശ്‌നത്തില്‍ ഇടപെടണെ ബെന്നിച്ചേട്ടാ എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

Content Highlight: Benyamin replied to Dhyan’s statement about Basil Joseph