| Friday, 8th September 2017, 9:31 pm

'ആക്രമികള്‍ ഉണര്‍ന്നിരിക്കുന്നു; അതു കൊണ്ടാണല്ലോ നിങ്ങളില്‍ എത്രപേര്‍ക്ക് അവരെ അറിയാം എന്ന് അയാള്‍ പരസ്യമായി ചോദിച്ചത്'; ടി.ജി മോഹന്‍ദാസിനെതിരെ ആഞ്ഞടിച്ച് ബെന്യാമിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംഘപരിവാറിനെതിരായ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയായ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍. ഗൗരിയുടെ കൊലയ്ക്കു പിന്നാലെ എത്ര പേര്‍ക്ക് അറിയാം ഗൗരിയെ എന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ബെന്യാമിന്‍ രംഗത്തെത്തിയിരിക്കുന്നത്.

അക്രമികള്‍ ഉണര്‍ന്നിരിക്കുകയാണ്. നമ്മള്‍ ജനാധിപത്യവാദികള്‍ കേള്‍ക്കുന്നതിനേക്കാള്‍ സൂക്ഷ്മതയോടെ ഓരോരുത്തരുടെയും വാക്കുകള്‍ ശ്രദ്ധിക്കുകയും അവരുടെ പുതിയ ഉന്നങ്ങള്‍ക്ക് തയ്യാറെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ നിങ്ങളില്‍ എത്രപേര്‍ക്ക് അവരെ അറിയാം എന്ന് അയാള്‍ പരസ്യമായി നമ്മോടു ചോദിച്ചത്. എന്നായിരുന്നു ബെന്യാമിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.


Also Read:  ‘സച്ചിന്‍ മാമാ, നിങ്ങളെന്ത് വികൃതിയായിരുന്നു’; ക്രിക്കറ്റ് ദൈവത്തിന്റെ മനസ് കീഴടക്കി ആറു വയസുകാരിയുടെ കത്ത്


നമുക്ക് കുറേക്കൂടി ജാഗ്രതയുള്ളവരാകാം. നമ്മെക്കാള്‍ മനോഹരമായി സ്വാതന്ത്ര്യത്തെക്കുറിച്ചും നമ്മുടെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവരുടെ ശബ്ദങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കാന്‍ ശ്രദ്ധിക്കാം. സോഷ്യല്‍ മീഡിയകളുടെ ദൗത്യം ഇനിയെങ്കിലും നാം കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് തന്നെയാണ് ജാഗ്രതയോടെ ഇരിക്കാനുള്ള വഴിയെന്നും ആടുജീവിതത്തിന്റെ എഴുത്തുകാരന്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ ദിവസങ്ങളില്‍ കുടുംബത്തോടൊപ്പം ഒരു ഉല്ലാസ യാത്രയില്‍ ആയിരുന്നു. അതിനിടയിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതക വാര്‍ത്ത അറിയുന്നത്. പെട്ടെന്ന് ഫേസ്ബുക്കില്‍ വന്ന് ഒരു പ്രതിഷേധക്കുറിപ്പിട്ട് സ്വന്തം ആഹ്ലാദങ്ങളിലേക്ക് തിരികെപ്പോകുന്നതില്‍ സത്യമായും ഒരു അശ്ലീലമുണ്ട് എന്ന് തോന്നിയതിനാലാണ് അപ്പോള്‍ ഒന്നും എഴുതാതിരുന്നത്.
നമ്മുടെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഓരോ ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും നാം ഫേസ്ബുക്കില്‍ വരുന്നു. പ്രതിഷേധക്കുറിപ്പ് ഇറക്കുന്നു. പിന്നെ അത് മറക്കുന്നു. അക്രമികള്‍ പക്ഷേ ഉണര്‍ന്നിരിക്കുകയാണ്. നമ്മള്‍ ജനാധിപത്യവാദികള്‍ കേള്‍ക്കുന്നതിനേക്കാള്‍ സൂക്ഷ്മതയോടെ ഓരോരുത്തരുടെയും വാക്കുകള്‍ ശ്രദ്ധിക്കുകയും അവരുടെ പുതിയ ഉന്നങ്ങള്‍ക്ക് തയ്യാറെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ നിങ്ങളില്‍ എത്രപേര്‍ക്ക് അവരെ അറിയാം എന്ന് അയാള്‍ പരസ്യമായി നമ്മോടു ചോദിച്ചത്. നമ്മെക്കാള്‍ കൂടുതലായി അക്രമികള്‍
ജനാധിപത്യവാദികളുടെ സ്വാതന്ത്ര്യകാംക്ഷികളുടെയും വാക്കുകള്‍ ശ്രദ്ധിക്കുന്നു. ഇനി നമുക്കും അവരെ കൂടുതല്‍ കേള്‍ക്കാം. അവര്‍ വളരെ ന്യൂനപക്ഷമാണെങ്കില്‍ കൂടി. നമുക്ക് കുറേക്കൂടി ജാഗ്രതയുള്ളവരാകാം. നമ്മെക്കാള്‍ മനോഹരമായി സ്വാതന്ത്ര്യത്തെക്കുറിച്ചും നമ്മുടെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവരുടെ ശബ്ദങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കാന്‍ ശ്രദ്ധിക്കാം. സോഷ്യല്‍ മീഡിയകളുടെ ദൗത്യം ഇനിയെങ്കിലും നാം കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് തന്നെയാണ് ജാഗ്രതയോടെ ഇരിക്കാനുള്ള വഴി. നിശബ്ദരാക്കപ്പെടുന്നവരുടെ വാക്കുകള്‍ കൂടുതല്‍ ഉച്ചത്തില്‍ നമ്മിലൂടെ മുഴങ്ങട്ടെ. മനുഷ്യരെ ഇല്ലാതാക്കാം. അവരുടെ വാക്കുകള്‍ നിലനില്ക്കുക തന്നെ ചെയ്യും എന്ന് നമുക്ക് കൊലയാളികളോട് പറയേണ്ടതുണ്ട്.

We use cookies to give you the best possible experience. Learn more