യഥാർത്ഥ കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. വർഷങ്ങൾക്ക് മുൻപ് മരുഭൂമിയിൽ അകപ്പെട്ടുപോയ നജീബിൽ നിന്നും ഉൾക്കൊണ്ടുകൊണ്ട് ബെന്യാമിൻ എഴുതിയ നോവലാണ് ആടുജീവിതം. ഇത് തികച്ചും നോവൽ ആണെന്നും നജീബിന്റെ കഥയിൽ നിന്ന് ഉൾക്കൊണ്ടുകൊണ്ട് താൻ എഴുതിയ കഥയാണെന്ന് ബെന്യാമിൻ പറഞ്ഞിരുന്നു. ഇപ്പോൾ സിനിമ ഇറങ്ങിയതിന് പിന്നാലെ നജീബിനെ രക്ഷിച്ച ഹോട്ടൽ ഉടമയായ കുഞ്ഞിക്കയാണെന്ന് പറഞ്ഞുകൊണ്ട് ഒരാൾ രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ കുഞ്ഞിക്ക അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യം നുണ ആണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബെന്യാമിൻ. താൻ അഭിമുഖം കണ്ടെന്നും കഥയിലെ കുഞ്ഞിക്ക അദ്ദേഹം ആവാനും ആവാതിരിക്കാനും സാധ്യത ഉണ്ടെന്നും ബെന്യാമിൻ പറയുന്നുണ്ട്.
എന്നാൽ അതിൽ പറയുന്ന ഒരു കാര്യം ശുദ്ധ നുണ ആണെന്നും താൻ ഒരു കഥയും കേൾക്കാൻ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ലെന്നും ബെന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചു. നജീബ് പറഞ്ഞ കുഞ്ഞിക്കയെ മാത്രമേ തനിക്ക് അറിയുകയുള്ളൂയെന്നും ഇനിയും പലരും ഹക്കീം എന്നോ ഇബ്രാഹിം ഖാദിരി എന്നൊക്കെ പറഞ്ഞ് വരാമെന്നും പക്ഷെ ഇത് നോമ്പ് കാലമല്ലേ എന്നായിരുന്നു ബെന്യാമിന്റെ കുറിപ്പ്.
‘ഇന്നലെ ഒരു അഭിമുഖം കണ്ടു. താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതിൽ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണ്. ഞാൻ ഒരു കഥയും കേൾക്കാൻ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ എനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാൻ ഇല്ലായിരുന്നു. ഇനിയും പലരും വന്നേക്കാം, താനാണ് ഹക്കിം, ഇബ്രാഹിം ഖാദിരി, എന്നൊക്കെ പറഞ്ഞ്. നല്ലത്. പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ,’ എന്നാണ് ബെന്യാമിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
Content Highlight: Benyamin explains about kunjikka’s statement