ആടുജീവിതം സിനിമ ഹിറ്റായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പലരും പല വിമര്‍ശനങ്ങള്‍ സിനിമക്കെതിരെ ഉന്നയിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് യഥാര്‍ത്ഥ നജീബിനെക്കുറിച്ചുള്ളത്. നോവലും സിനിമയും ഇത്രയും വലിയ ഹിറ്റായപ്പോഴും യഥാര്‍ത്ഥ നജീബ് ഇപ്പോഴും ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണെന്നും, സിനിമയുടെ നിര്‍മാതാക്കള്‍ അയാളെ തിരിഞ്ഞു നോക്കുന്നില്ലെന്നുമായിരുന്നു വിമര്‍ശനം.
എന്നാല്‍ അത്തരം വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും, നജീബിന് കൃത്യമായ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി വ്യക്തമാക്കി. ഈ സിനിമക്ക് പിന്നാലെ നജീബിന്റെ സോഷ്യല്‍ സ്റ്റാറ്റസ് ഉയര്‍ന്നിട്ടുണ്ടെന്നും, പല പരിപാടികളിലും അയാള്‍ വിശിഷ്ടാതിഥിയായി പോകുന്നുണ്ടെന്നും, വിമര്‍ശിക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലെന്നും നോവലിസ്റ്റ് ബെന്യാമിന്‍ പറഞ്ഞു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇത് പറഞ്ഞത്.
‘ഞാന്‍ പോലും അതിശയിച്ചുപോയ ഒരു കാര്യമുണ്ട്. നോവലിന്റെ റൈറ്റ്‌സിന് വേണ്ടി ഞാന്‍ ബെന്യാമിന് കൊടുത്തതിന്റെ പത്തിരട്ടി നജീബിന് ഒരാള്‍ കൊടുത്തു. എനിക്കും ബെന്യാമിനും, നജീബിനും അടുത്തറിയുന്ന ഒരാളാണ് കൊടുത്തത്. വേറെയാരും അത് അറിയരുതെന്ന് കൊടുത്തയാള്‍ക്ക് അത്ര നിര്‍ബന്ധമുണ്ടായിരുന്നു.
അയാളെ ഏറ്റവും അടുത്തറിയുന്ന നിലക്ക് ഞാന്‍ പോലും അറിയരുതെന്ന് അയാള്‍ക്ക് നിര്‍ബന്ധമുള്ളപ്പോള്‍ അത് മീഡിയയുടെ മുന്നിലോ, നാട്ടുകാരുടെ മുന്നിലോ പരസ്യമാക്കേണ്ട ആവശ്യമില്ല. അതുപോലെ നജീബിന്റെ മകന് ജോലിയൊന്നും ശരിയാകാത്ത സമയത്ത് അയാളുടെ പരിചയത്തില്‍ ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തു. നജീബിന്റെ ജീവിതത്തെ ഓര്‍ത്ത് ആരും അധികം ആശങ്കപ്പെടേണ്ട,’ ബ്ലെസി പറഞ്ഞു.
‘നജീബിന് ഇപ്പോള്‍ കിട്ടുന്ന സോഷ്യല്‍ സ്റ്റാറ്റസ് ആരും ശ്രദ്ധിക്കുന്നില്ല. പല ചടങ്ങുകളിലും അയാളെ വിശിഷ്ടാതിഥിയായി ക്ഷണിക്കുന്നുണ്ട്. ഇന്ന് ഈ ഇന്റര്‍വ്യൂവിന് നജീബും വരേണ്ടതായിരുന്നു.എന്നാല്‍ ഒരു ചുണ്ടന്‍വള്ളം നീറ്റിലിറക്കുന്ന പരിപാടിയില് പങ്കെടുക്കാന്‍ പോയതുകൊണ്ട് അയാള്‍ക്ക് വരാന്‍ പറ്റിയില്ല. വിമര്‍ശിക്കുന്നവരാരും ഇതൊന്നും ശ്രദ്ധിക്കാറില്ല,’ ബെന്യാമിന്‍ പറഞ്ഞു. അഭിമുഖം വൈറലായതിന് പിന്നാലെ നജീബിന് ധനസഹായം നല്‍കിയത് പൃഥ്വിരാജാണോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
Content Highlight: Benyamin and Blessy about Najeeb’s life after Aadujeevitham movie