പത്ത് വർഷങ്ങൾക്ക് മുൻപ് ബെന്യാമിൻ എഴുതിയ വേൾഡ് ക്ലാസിക്കിൽ ഒന്നാണ് ആടുജീവിതം. നോവൽ എഴുതാനുള്ള സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ബെന്യാമിൻ. നജീബിനെ കണ്ട് മുട്ടുന്നതിന് മുൻപ് തന്നെ തന്റെ മനസിൽ ഇത്തരത്തിലൊരു നോവൽ ചെയ്യണമെന്ന് കരുതിയിരുന്നെന്ന് ബെന്യാമിൻ പറഞ്ഞു. താൻ ഗൾഫിൽ താമസിക്കുന്ന സമയത്ത് യാദൃശ്ചികമായാണ് നജീബിനെ കണ്ടുമുട്ടിയതെന്ന് ബെന്യാമിൻ കൂട്ടിച്ചേർത്തു.
‘നജീബിനെ കണ്ടുമുട്ടിയപ്പോൾ ഒരു സുപ്രഭാതത്തിൽ എഴുതിയ നോവൽ അല്ല ആടുജീവിതം. അതിനൊക്കെ മുൻപേ തന്നെ എന്റെ മനസിന്റെ ഉള്ളിൽ ഇത്തരത്തിലുള്ള നോവൽ പരുവപ്പെട്ടിരുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി. ഒരു മനുഷ്യനും ദൈവവും മാത്രമുള്ള ജീവിതം എന്തായിരിക്കും? അയാൾ എങ്ങനെ ആയിരിക്കും ദൈവത്തോട് സംവദിച്ചിരിക്കുക? എങ്ങനെയാണ് അയാളുടെ ഏകാന്തമായ ദിവസങ്ങൾ നേരിട്ടിരിക്കുക? തുടങ്ങി അങ്ങനെ ഒരു മനുഷ്യൻ മാത്രമുള്ള നോവൽ എഴുതണം എന്ന് എന്റെ വലിയ ആഗ്രഹം കൊണ്ട് നടക്കുന്ന ഒരു കാലമുണ്ടായിരുന്നു.
കാലങ്ങളായി ഗൾഫിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ, ഗൾഫ് പശ്ചാത്തലം ഉള്ള ഒരു കഥ എഴുതണമെന്ന് ആഗ്രഹമുണ്ടായി. ഈ രണ്ട് ആഗ്രഹവും ഒന്നിച്ചു വന്ന അവസരത്തിലാണ് വളരെ യാദൃശ്ചികമായിട്ട് നജീബ് എന്ന വ്യക്തിയെ കണ്ടുമുട്ടുന്നത്. നജീബ് അത്രയൊന്നും സംസാരിക്കുന്ന ഒരാൾ ആയിരുന്നില്ല. വളരെ കുറച്ചു മാത്രമാണ് സംസാരിക്കുക. അയാൾ അനുഭവിച്ച കാര്യങ്ങളൊന്നും ആരോടും പറയാതിരിക്കുക എന്നായിരുന്നു നജീബിന്റെ നിലപാട്.
കൂടെ സംവദിക്കുകയും സംസാരിക്കുകയും നടക്കുകയും ചെയ്തതിന് ശേഷം ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം രൂപപ്പെട്ടു. അപ്പോഴാണ് താൻ അനുഭവിച്ച യഥാർത്ഥ ജീവിതം നജീബ് തുറന്നുപറയാൻ തയ്യാറാവുന്നത്. അതിന് തന്നെ ഒന്നൊന്നര വർഷത്തെ കൂട്ട് നടപ്പ് വേണ്ടിവന്നു എന്നതാണ് യാഥാർത്ഥ്യം.
അങ്ങനെ അയാൾ അദ്ദേഹത്തിന്റെ കഥ മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോൾ ഇതാണ് ഞാൻ യഥാർത്ഥത്തിൽ എഴുതാൻ ആഗ്രഹിച്ചിരുന്ന നോവൽ, ഇതാണ് ഞാൻ മലയാളികളോട് പറയാൻ കാത്തുവച്ചിരുന്നു കൃതി എന്ന തോന്നൽ എന്റെ മനസിൽ ഉണ്ടായി. അങ്ങനെ ആ കഥ എഴുതുകയായിരുന്നു,’ ബെന്യാമിൻ പറഞ്ഞു.
Content Highlight: Benyamin about how he write aadujeevitham novel