വർഷങ്ങളുടെ പരിശ്രമങ്ങൾക്കൊടുവിൽ ബ്ലെസിയുടെ ആടുജീവിതം വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ്. എന്നാൽ നോവലിലുള്ള ആടുമായുള്ള ലൈംഗിക ഭാഗത്തെക്കുറിച്ച് ഏറെ ചർച്ചകൾ ഉയർന്നിരുന്നു. ആ ഭാഗം ചിത്രീകരിച്ചെന്ന് ബെന്യാമിൻ പറയുകയും അത് ബ്ലെസി നിരസിക്കുകയും ചെയ്തിരുന്നു. ഈ ഒരു വിഷയം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
എന്നാൽ ഇത് തങ്ങൾക്കിടയിൽ വന്ന ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പിൽ സംഭവിച്ചതാണെന്ന് പറയുകയാണ് ബെന്യാമിൻ. സിനിമയുടെ ഷൂട്ട് ചെയ്ത് തീർത്തിട്ട് ഒന്നര വർഷമായെന്നും രണ്ടാം ഭാഗം ഷൂട്ട് ചെയ്യാൻ പോകുന്നതിന് മുൻപ് തങ്ങൾക്കിടയിൽ വലിയ ചർച്ചകൾ ഉണ്ടായിരുന്നെന്നും ബെന്യാമിൻ പറഞ്ഞു.
ആ ചർച്ചയിൽ ആടുമായുള്ള എല്ലാ ഭാഗവും ഷൂട്ട് ചെയ്യുമെന്നാണ് തീരുമാനിച്ചതെന്നും അത് എടുക്കാതെ പോയതാണെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു. എന്നാൽ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ ആ ഭാഗം ഉൾപ്പെടുത്തിയതുകൊണ്ടാണെന്ന് വിചാരിച്ചെന്നും എന്നാൽ അത് പൃഥ്വിരാജിന്റെ നഗ്നത സീൻ ഉള്ളതുകൊണ്ടാണെന്ന് പിന്നീടാണ് മനസിലായതെന്നും ബെന്യാമിൻ കൗമുദി മൂവിസിനോട് പറഞ്ഞു.
‘അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നവർ സിനിമ ഇറങ്ങുന്നതിന് മുമ്പേ തുടങ്ങിയ തുടർച്ച തന്നെയാണ്. വിവാദങ്ങളെ ഞങ്ങൾ ഗൗരവമായി എടുക്കുന്നില്ല. ഇത് ഞങ്ങൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഗ്യാപ്പിൽ സംഭവിച്ചതാണ്. ഈ സിനിമ ഷൂട്ട് ചെയ്ത് തീർത്തിട്ട് തന്നെ ഒന്നര വർഷമായി. ഈ സിനിമയുടെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യാൻ പോകുന്നതിനു മുമ്പ് വലിയ ചർച്ചകൾ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.
ഞാനും ബ്ലെസി സാറും പൃഥ്വിരാജ് എല്ലാവരും ഇരുന്നിട്ട് സെക്കന്റ് ഭാഗത്തിലെ ഓരോ സീനുകളും എങ്ങനെ എടുക്കേണ്ടത് എന്നുള്ള രീതിയിൽ നല്ലൊരു ഡിസ്കഷൻ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് നമ്മൾ അങ്ങനെ തന്നെയാണ് പ്ലാൻ ചെയ്തത്. ആടുകളും ആയ എല്ലാ സീനുകളും എടുക്കണം എന്ന തീരുമാനത്തിലാണ് പോയത്. അതെവിടെ എടുക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ വിചാരിച്ചത് എടുത്തിട്ടുണ്ട് എന്നാണ്.
നമ്മൾ അറിയുന്നത് എ സർട്ടിഫിക്കറ്റ് ആയി പോയി. ഞാൻ വിചാരിക്കുന്നത് ആ സീനുകൾ ഉള്ളത്കൊണ്ടാണ് എ സർട്ടിഫിക്കറ്റ് കിട്ടിയത് എന്നാണ്. അത് മാറ്റി കഴിഞ്ഞപ്പോഴാണ് ഇപ്പോഴുള്ള സർട്ടിഫിക്കറ്റ് കിട്ടിയത് എന്നാണ് ഞാൻ വിചാരിച്ചത്. ഒന്നാമത് എ സർട്ടിഫിക്കറ്റ് ആയത് പൃഥ്വിരാജിന്റെ നഗ്നത കൊണ്ടാണ്. പിന്നീട് അവരത് തിരിച്ചു തരികയായിരുന്നു,’ ബെന്യാമിൻ പറഞ്ഞു.
Content Highlight: Benyamin about his wrong statement about aadujeevitham