| Friday, 19th August 2016, 11:39 pm

ബെന്റ്‌ലിയുടെ ഏറ്റവും വലിയ ഷോറൂം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഡംബര കാറുകളിലെ അവസാന വാക്കായ ബെന്റ്‌ലി മോട്ടോഴ്‌സിന്റെ ലോകത്തിലെ ഏറ്റവും വലിയ ഷോറൂം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായിലെ ഷെയ്ഖ് സായെദ് റോഡിലാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ ബെന്റ്‌ലി മോട്ടോഴ്‌സ് 75,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഷോറൂം തുറന്നത്.

യു.എ.ഇയിലെ പങ്കാളിയായ അല്‍ ഹബ്തൂര്‍ മോട്ടോഴ്‌സുമായി സഹകരിച്ചാണ് “ബെന്റ്‌ലി എമിറേറ്റ്‌സ്” എന്നു പേരിട്ട ഷോറൂം യാഥാര്‍ഥ്യമാവുന്നത്.


കമ്പനിയുടെ കാഴ്ച്ചപ്പാടും ബ്രാന്‍ഡ് മൂല്യങ്ങളും സംബന്ധിച്ച് യു.എ.ഇയിലെ ഇടപാടുകാര്‍ക്ക് വ്യക്തവും സമകാലികവും ധീരവുമായ വ്യാഖ്യാനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബെന്റ്‌ലി എമിറേറ്റ്‌സ് ആരംഭിച്ചിരിക്കുന്നതെന്ന് ബെന്റ്‌ലി മോട്ടോഴ്‌സ് റീജനല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി.

ഷോറൂമിന്റെ കവാടം അലങ്കരിക്കാനും മറ്റുമായി 1.60 ലക്ഷം എല്‍.ഇ.ഡി ബള്‍ബുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബെന്റ്‌ലി കാറുകളുടെ നിറങ്ങള്‍ തനിമ ചോരാതെ ആവിഷ്‌കരിക്കുന്നതിനൊപ്പം സവിശേഷ ഗ്രാഫിക്‌സുകളും കാഴ്ചപ്പൊലിമയും ബെന്റ്‌ലി വുഡ് വെനീറുമൊക്കെ ഇവിടെ അവതരിപ്പിക്കാനാവും.

ആറു നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഷോറൂമില്‍ ഇടപാടുകാരുടെ അഭിരുചികള്‍ക്കനുസൃതമായി കാറുകള്‍ രൂപകല്‍പ്പന ചെയ്യാനും പരിഷ്‌കരിക്കാനുമൊക്കെയുള്ള സൗകര്യവും ലഭ്യമാണ്. നൂറിലേറെ വര്‍ണ സാധ്യതകളോടെയാണു ബെന്റ്‌ലിയില്‍ നിന്നുള്ള കാറുകളുടെ വരവ്.

മൂന്നു നിലകളിലാണു ബെന്റ്‌ലി എമിരേറ്റ്‌സ് ഷോറൂമില്‍ കാറുകള്‍ പ്രദര്‍ശിപ്പിക്കുക. കോണ്ടിനെന്റല്‍, ഫ്‌ളയിങ് സ്പര്‍, മുല്‍സെന്‍, ബെന്റൈഗ എന്നിങ്ങനെ ബെന്റ്‌ലിയുടെ സമ്പൂര്‍ണ ശ്രേണി ഷോറൂമിലുണ്ടാകും.


കൂടാതെ ഇതാദ്യമായി ഷോറൂമിന്റെ ആറാം നിലയില്‍ അലംകൃത റൂഫ് ഗാര്‍ഡനും ബെന്റ്‌ലി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അത്യാധുനിക ആഡംബരങ്ങള്‍ക്കൊപ്പം പരമ്പരാഗത അറബിക് ശൈലിയും സമന്വയിക്കുന്ന വി.ഐ.പി മജ്‌ലിസ് സ്വീറ്റും ആറാം നിലയിലുണ്ട്.

നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ലോകത്തിലെ തന്നെ ആദ്യ അക്വാ ഗ്രാഫിക് വാട്ടര്‍ കര്‍ട്ടനും ബെന്റ്‌ലി എമിറേറ്റ്‌സിന്റെ സവിശേഷതയാണ്. കാറില്‍ പതിച്ച ചിഹ്നമോ വ്യക്തിയുടെ പേരോ ഈ ജല കര്‍ട്ടനിലേക്കു പ്രോജക്ട് ചെയ്താല്‍ വ്യക്തിയെ തിരിച്ചറിഞ്ഞു സ്വീകരിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.

We use cookies to give you the best possible experience. Learn more