'ഒന്നൂടെ സിനിമ കാണാൻ എനിക്ക് ടിക്കറ്റ് കിട്ടുന്നില്ല, ഇത് ഇങ്ങനെ കത്തിക്കയറുമെന്ന് നമ്മൾ പ്രതീക്ഷിച്ചില്ല'
Film News
'ഒന്നൂടെ സിനിമ കാണാൻ എനിക്ക് ടിക്കറ്റ് കിട്ടുന്നില്ല, ഇത് ഇങ്ങനെ കത്തിക്കയറുമെന്ന് നമ്മൾ പ്രതീക്ഷിച്ചില്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th October 2023, 12:45 pm

കണ്ണൂർ സ്‌ക്വാഡിന്റെ ഫസ്റ്റ് ഡേ പടം കാണാൻ പോയ അനുഭവം പങ്കുവെക്കുകയാണ് നടനും സംവിധായകനും എഴുത്തുകാരനുമായ ബെൻസി മാത്യൂസ്. മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡിൽ ബെൻസിയും അഭിനയിച്ചിട്ടുണ്ട്. പടത്തിന്റെ ആദ്യ ഷോ എല്ലാവരും ഒരുമിച്ച് ഒരേ തിയേറ്ററിൽ ഇരുന്ന് വ്യത്യസ്ത സ്‌ക്രീനുകളിലാണ് കണ്ടതെന്നും ബെൻസി പറഞ്ഞു.

പടം കഴിഞ്ഞ് ഇറങ്ങിയപ്പോൾ തങ്ങൾക്ക് കിട്ടിയ അതേ എക്സ്പീരിയൻസ് പ്രേക്ഷകർക്കും കിട്ടിയിട്ടുണ്ടെന്ന് അവരുടെ മുഖം കണ്ടപ്പോൾ മനസിലായെന്നും അദ്ദേഹം പറഞ്ഞു. പടം ഇങ്ങനെ കത്തിക്കയറുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും ഇപ്പോൾ തനിക്ക് വീണ്ടും പടം കാണാൻ ടിക്കറ്റ് കിട്ടുന്നില്ലെന്നും ബെൻസി കൂട്ടിച്ചേർത്തു. വൈറ്റ്സ് വാൻ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ എല്ലാവരും സെപ്പറേറ്റ് ഇരുന്നാണ് ഫസ്റ്റ് ഡേ പടം കണ്ടത്. ഒരേ തിയേറ്ററിൽ രണ്ട് സ്ക്രീനിൽ ഇരുന്നാണ് എല്ലാരും പടം കണ്ടത്. ടിക്കറ്റിന്റെ ഇഷ്യൂവും പിന്നെ ആരാധകരുടെ റെസ്പോൺസ് അറിയാൻ വേണ്ടിയിട്ട് കൂടിയാണ് അങ്ങനെ ഇരുന്നത്.
പക്ഷേ റോബി അന്ന് ഫസ്റ്റ് ഡേ ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു. നേർവെസ്നെസ് ഒക്കെ തന്നെയായിരിക്കും കാരണം, എനിക്കറിയില്ല.

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ വളരെ ടെൻഷനോട് കൂടി കണ്ടു. മമ്മൂക്കയുടെ ഇൻട്രൊ സീനൊക്കെ എനിക്ക് തന്നെ രോമാഞ്ചമുണ്ടാക്കി. നമ്മൾ ആ സിനിമയിലെ ടെക്നിക്കൽ സൈഡ് ഒക്കെ കണ്ടതാണെങ്കിലും പോലും ആദ്യമായിട്ട് സ്‌ക്രീനിൽ മമ്മൂക്കയെ കാണുമ്പോൾ ഭയങ്കര ഫീലാണ്. ഒരു സൂപ്പർ ഹീറോയിക് ഇൻട്രോ അല്ലാഞ്ഞിട്ടു പോലും അത് ഗംഭീരമായിരുന്നു.

ആദ്യ അഞ്ചു മിനിട്ടിനുള്ളിൽ ഓഡിയൻസിന്റെ ക്ലാപ്പ് കിട്ടി, പിന്നെ പടം തീരുന്നതുവരെ അത് കണ്ടിന്യൂ ആയിരുന്നു. പടം കണ്ടു കഴിയുമ്പോൾ നമുക്കൊരു റിലീഫ് ആയിരുന്നു. പക്ഷേ ഇത് ഇങ്ങനെ കത്തിക്കയറുമെന്ന് നമ്മൾ പ്രതീക്ഷിച്ചില്ല.
ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ കുഴപ്പമില്ലാത്ത നല്ലൊരു പടം എന്നൊരു തോന്നലായിരുന്നു . എന്നാൽ പുറത്തിറങ്ങിയപ്പോൾ നമ്മൾ ശെരിക്കും ഞെട്ടി. ആരാധകരുടെ ആവേശം എന്താണെന്ന് അവരുടെ മുഖം കാണുമ്പോൾ തന്നെ നമുക്ക് മനസിലായി.

നമുക്കുണ്ടായിരുന്ന അതേ എക്സ്പീരിയൻസ് അവരിലേക്കും എത്തിയെന്ന് നമുക്ക് മനസ്സിലായി. ഇന്ന് ഒരാഴ്ച ആകുന്നതേയുള്ളൂ , ഒന്നൂടെ സിനിമ കാണാൻ വിചാരിച്ചിട്ട് എനിക്ക് ടിക്കറ്റ് കിട്ടുന്നില്ല ,’ ബെൻസി മാത്യൂസ് പറഞ്ഞു.

Content Highlight: Benzi Mathews says he can’t get tickets to see the Kannur squad again