ന്യൂദല്‍ഹി: ബന്‍സല്‍ രാജിവെക്കുന്നതിലൂടെ രക്ഷപ്പെട്ടത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രധാനമന്ത്രി കസേര.
രാഷ്ട്രീയ കുതന്ത്രം പയറ്റി റെയില്‍വ്വെ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ പ്രധാനമന്ത്രി രാജി വെപ്പിക്കുകയാണ് സത്യത്തില്‍ ചെയ്തത്.
നേരെ മറിച്ച് കല്‍ക്കരി പാടം അഴിമതി കേസില്‍ സി.ബി.ഐ കുറ്റക്കാരനെന്നു കണ്ടത്തിയ നിയമ മന്ത്രി അശ്വിനി കുമാറാണ് ഈ അവസ്ഥയില്‍ രാജി വെച്ചിരുന്നതെങ്കില്‍ തല്‍ക്ഷണം തന്നെ പ്രധാനമന്തിയുടെ മന്ത്രിസ്ഥാനവും തെറിക്കുമായിരുന്നു.[]
കല്‍ക്കരിപ്പാടം അഴിമതിയിലെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ അറിയിച്ചിരുന്നു.
നിയമമന്ത്രി അശ്വിനി കുമാറും, പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ട് കണ്ടുവെന്നും, അതിന് ശേഷം തിരുത്തലുകള്‍ നടത്തിയെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്തിയേയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു സി.ബി.ഐയുടെ ഈ സത്യവാങ് മൂലം.
നേരത്തെ റിപ്പോര്‍ട്ട് തിരുത്തിയെന്ന വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ
ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് ശക്തി നല്‍കുന്നതരത്തിലായിരുന്നു സി.ബി.ഐയുടെ വെളിപ്പെടുത്തല്‍.
കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് നിയമ മന്ത്രി അശ്വിനി കുമാര്‍ തിരുത്തിയെന്ന വാര്‍ത്ത നേരത്തെ തന്നെ വിവാദമായിരുന്നു.
പ്രധാനമന്ത്രിയുടെ അറിവില്ലാതെ നിയമമന്ത്രിക്ക് കാര്യങ്ങള്‍ ഒറ്റക്ക് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഈ അവസരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് നിയമമന്ത്രി അശ്വിനികുമാര്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയെ കണ്ട് തിരുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2006-09 കാലഘട്ടത്തില്‍ 155 കല്‍ക്കരി ബ്ലോക്കുകള്‍ ഖനനത്തിനുവേണ്ടി അനുവദിച്ചതാണ് വിഷയം. ബ്ലോക്കുകള്‍ അനുവദിച്ചുകിട്ടിയ 155 സ്ഥാപനങ്ങളില്‍ 100 എണ്ണം സ്വകാര്യ സ്ഥാപനങ്ങളായിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ പ്രകാശ് ജാവദേക്കര്‍ കേന്ദ്ര വിജിലന്‍സ് കമീഷന് പരാതി നല്‍കുകയും കമീഷന്‍ അഴിമതി അന്വേഷിക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെടുകയുമായിരുന്നു.
അന്ന് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. വിവാദ ഇടപാട് തീരുമാനിച്ച സമയത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത്.
രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയായി വിലയിരുത്തപ്പെടുന്ന കല്‍ക്കരിപ്പാടം അഴിമതിയിലുടെ 10.67 ലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടമായെന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത്തരത്തിലുള്ള അഴിമതി കഥ മറച്ചുവെക്കാനാണ് പ്രധാനമന്ത്രി മനപ്പൂര്‍വ്വം റെയില്‍വ്വെ മന്ത്രിയെ കൊണ്ട് രാജിവെപ്പിച്ചത്. പ്രധാനമന്ത്രിയുടെ കുരുക്കില്‍ പവന്‍ കുമാര്‍ ബന്‍സല്‍ ഒന്നുകില്‍ അറിഞ്ഞുകൊണ്ട് വീണു. അതല്ലെങ്കില്‍ ഒന്നുമറിയാത്തവനെ പോലെ അഭിനയിച്ചു നിന്നു.
എത്രയൊക്കെ കളികള്‍ കളിച്ചാലും ജനത്തിന് മുന്നില്‍ അധിക കാലം നില്‍ക്കാനാവില്ലെന്നാണ് ഇന്ത്യയില്‍ ഇതിന് മുമ്പ് നടന്ന(നടത്തിയ) അഴിമതി കഥകള്‍ വ്യക്തമാക്കിയിരുന്നത്.