| Thursday, 1st February 2024, 8:06 pm

'ആ വാണിങ് വകവെക്കാതെ അപകടമാണെന്ന് അറിഞ്ഞിട്ടും പൃഥ്വിരാജ് അതിന് തയ്യാറായി' ആടുജീവിതത്തെ കുറിച്ച് ബെന്യാമിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന സിനിമ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

മലയാളത്തിൽ വലിയ സ്വീകാര്യത നേടിയ നോവലാണ് ആടുജീവിതം. പുസ്തകം വായിച്ചപ്പോൾ ലഭിച്ച വായന അനുഭവം, സിനിമ കാണുമ്പോൾ കിട്ടുമോ എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മെക്കോവറുകൾ വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ കുറിച്ച് സംസാരിക്കുകയാണ് ആടുജീവിതം എഴുതിയ ബെന്യാമിൻ. ചിത്രത്തിനായി ഇരുപതോളം കിലോ ഭാരം കുറച്ചിട്ടുണ്ടെന്നും ഒരു നടനെ സംബന്ധിച്ച് അത് വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സമയത്ത് ഭാരം കൂടിയപ്പോൾ ഡോക്ടർമാരുടെ വാണിങ് ഉണ്ടായിട്ടും പൃഥ്വിരാജ് വീണ്ടും ഭാരം കുറച്ചെന്നും ബെന്യാമിൻ ദി മലബാർ ജേർണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘പൃഥ്വിരാജ് ഏകദേശം ഇരുപതോളം കിലോ ആടുജീവിതത്തിനായി കുറച്ചിട്ടുണ്ട്. ഒരു നടനെ സംബന്ധിച്ച് ഒരു വലിയൊരു വെല്ലുവിളിയാണ്. ശരീരം എന്ന് പറയുന്നത് അവരുടെ മൂലധനമാണ്. പൃഥ്വിരാജ് അതിന്റെ മുകളിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത് എന്നതാണ് വലിയ കാര്യം.

മറ്റൊരു കാര്യം, കൊവിഡ് കാലമായപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തേണ്ടി വന്നു. ആ സമയത്ത് വീണ്ടും പൃഥ്വിരാജിന്റെ ശരീര ഭാരം കൂടി. രണ്ടാമത് വീണ്ടും കുറക്കേണ്ടി വരുന്ന വലിയൊരു അപകടം അതിനകത്ത് ഉണ്ടായിരുന്നു.

ഡോക്ടർമാർ അതിനുള്ള വാണിങ് ഒക്കെ കൊടുത്തിട്ടും അദ്ദേഹം അതിന് വേണ്ടി നിന്നു എന്നതാണ് പ്രധാന കാര്യം.

ഒരു കഥാപാത്രം ചെയ്യാനായി അദ്ദേഹം മാനസികമായി അത്രയും തയ്യാറായി എന്നതാണ് സത്യം,’ബെന്യാമിൻ പറയുന്നു.

Content Highlight:  Bennyamin Talk About Aadujeevitham And Prithviraj

We use cookies to give you the best possible experience. Learn more