| Tuesday, 26th July 2016, 9:28 am

'വകതിരിവില്ലായ്മയെ മതമെന്നു വിളിക്കരുത്' ജിംഷാറിനു പിന്തുണയുമായി ബെന്ന്യാമിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: “പടച്ചോന്റെ ചിത്രപ്രദര്‍ശനം” എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട യുവ നോവലിസ്റ്റ് ജിംഷാറിന് പിന്തുണയുമായി സാഹിത്യലോകം. ജിംഷാറിനെതിരായ ആക്രമണം അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രമുഖ സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ പ്രതികരിച്ചു.

“എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും എതിരായ അതിക്രമം വര്‍ധിക്കുന്നത് ഞെട്ടിക്കുന്നു. സ്വതന്ത്ര്യമായ അഭിപ്രായ പ്രകടനത്തിനുള്ള അവരുടെ അവകാശത്തിന്റെ ലംഘനമാണിത്.” സച്ചിദാനന്ദന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

അസഹിഷ്ണുത ഏതുവിശ്വാസത്തിന്റെ പേരിലായാലും അത് അപലപിക്കുക തന്നെ വേണമെന്ന് നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്‍ പ്രതികരിച്ചു. “ഈ സംഭവം നടന്നത് കല്‍ബുര്‍ഗി കൊല്ലപ്പെട്ട കര്‍ണാടകയിലോ ബ്ലോഗര്‍മാര്‍ കൊല്ലപ്പെടുന്ന ബംഗ്ലാദേശിലോ ഏതെങ്കിലും ഉത്തരേന്ത്യന്‍ ഗ്രാമത്തിലോ ഒന്നുമില്ല. ഇങ്ങ് കേരളത്തില്‍ കുറ്റനാട്. മലയാളികള്‍ ലജ്ജിച്ചു തല താഴ്ത്തിയാല്‍ മാത്രം പോര. ചുറ്റും പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധവാന്മാരാവുക കൂടി വേണ്ട സന്ദര്‍ഭമാണിത്. അസഹിഷ്ണുത ഏതു വിശ്വാസ ത്തിന്റെ പേരിലായാലും അപലപിക്കപ്പെടുക തന്നെ വേണം.” അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ മണ്ണില്‍ ഇനിയൊരു എഴുത്തുകാരന്റെ ചോര വീഴാതെ നോക്കാനുള്ള ബാധ്യത നമുക്കൊരോരുതര്‍ക്കുമുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജിംഷാറിനുവേണ്ടി നാം ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്ന് എഴുത്തുകാരന്‍ ബെന്ന്യാമിന്‍ അഭിപ്രായപ്പെട്ടു.

“വകതിരിവില്ലായ്മയെ മതമെന്ന് വിളിക്കരുത്. ജിംഷാറിനു വേണ്ടി നാം ഒന്നിച്ച് ശബ്ദമുയര്‍ത്തുക.” ബെന്ന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

We use cookies to give you the best possible experience. Learn more