| Friday, 8th May 2020, 12:45 pm

'വെള്ളപ്പൊക്ക കാലത്ത് 1000 ആയിരം വീടുകള്‍ വച്ച് മാതൃക കാട്ടിയ കെ.പി.സി.സിയുടെ പിന്മുറക്കാരല്ലേ നിങ്ങള്‍, എനിക്ക് വിശ്വാസമുണ്ട്'; ശബരിനാഥനെതിരെ വീണ്ടും ബെന്യാമിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരീനാഥന്‍ എം.എല്‍.എയും എഴുത്തുകാരന്‍ ബെന്യാമിനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ സഹായധനം ചോദിച്ച ശബരീനാഥിനെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബെന്യാമിന്‍.

യഥാര്‍ത്ഥത്തില്‍ സഹായമാണ് നിങ്ങള്‍ക്കാവശ്യമെങ്കില്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നില്ല, എന്നെ വിളിക്കുകയായിരുന്നു നിങ്ങള്‍ ചെയ്യുകയെന്നാണ് ബെന്യാമിന്‍ പോസ്റ്റില്‍ പറഞ്ഞത്. തന്നെ ഒന്നു ആക്കിക്കളയാം എന്ന ഉദ്ദേശത്തിലാണ് പോസ്റ്റ് ഇട്ടതെന്നും അതിന് ഇതിന്റെ ആവശ്യമില്ലെന്നും ബെന്യാമിന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവില്‍ പൊതു സമൂഹത്തില്‍ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തില്‍ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്. അതിനു മറുപടിയായി ഞാന്‍ എന്തെങ്കിലും കാര്യമായി പറഞ്ഞു പോയാല്‍ ആ വാക്കുകളുടെ ഭാരം താങ്ങാനുള്ള മനശക്തി ശബരി, തക്കുടുക്കുട്ടാ, താങ്കള്‍ക്കുണ്ടാവില്ല,’ ബെന്യാമിന്‍ പറഞ്ഞു.

നൂറു പ്രവാസികളെ മടക്കിയെത്തിക്കുമെന്ന് പറയുന്നത് ചെറിയ നമ്പര്‍ അല്ലേ എന്നും നിങ്ങളുടെ സംഘടനാ മികവില്‍ അതിനെക്കാളും എണ്ണം പേരെ വിദേശത്തു നിന്ന കൊണ്ടു വരാമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയില്‍ വിശ്വാസമില്ലാതെ കോടതിയിലേക്കോടിയ സര്‍വ്വീസ് സംഘടനകളും ഉത്തരവ് കത്തിച്ച അധ്യാപകരും ഇന്നലത്തെ പോസ്റ്റു താഴെ വന്ന് ‘സബാഷ് ശബരി’ പറഞ്ഞ താങ്കളുടെ സ്വന്തം അണികളും നിങ്ങളിലുള്ള കടുത്ത വിശ്വാസം രേഖപ്പെടുത്തി സംഭാവന നല്‍കാന്‍ ക്യൂ നില്‍ക്കുക ആയിരിക്കുമല്ലോ. അവര്‍ ഏല്പിച്ച സംഭാവനയുടെ വിവരങ്ങള്‍ സുതാര്യതയുടെ പര്യായമായ നിങ്ങള്‍ ഫേസ്ബുക്ക് ലൈവിലോ പത്രസമ്മേളനത്തിലോ ദിവസവും പറയണം. അത് കേള്‍ക്കാന്‍ ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാത്തിനും ഒടുവില്‍ പറയട്ടെ, അക്കൗണ്ട് നമ്പര്‍ അയക്കൂ, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ എന്ന നിലയില്‍ എന്നാല്‍ കഴിയുന്ന ഒരു തുക നിശ്ചയമായും അയച്ചു തരാം. നിങ്ങളുടെ സംഘടനാ നേതാക്കളെപ്പോലെയല്ല, നിങ്ങള്‍ ചെറുപ്പക്കാരെ എനിക്ക് വിശ്വാസമാണ്. കളിയാക്കിയതല്ല, സത്യമായും എനിക്ക് നല്ല വിശ്വാസമാണ്. നിങ്ങള്‍ പറഞ്ഞത് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. വെള്ളപ്പൊക്ക കാലത്ത് ആയിരം വീടുകള്‍ വച്ചു കൊടുത്ത് മാതൃക കാട്ടിയ കെ പി സി. സി യുടെ പിന്മുറക്കാരല്ലേ നിങ്ങള്‍,’ ബെന്യാമിന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്നുള്ളത് താങ്കള്‍ അറിഞ്ഞുകാണുമല്ലോ. അതിനായി സഹായിക്കാമോ എന്നായിരുന്നു ശബരീനാഥന്റെ പോസ്റ്റ്.

‘പ്രിയപ്പെട്ട ശ്രീ ബെന്യാമിന്‍, താങ്കള്‍ അധിക്ഷേപിച്ച കോണ്‍ഗ്രസിലെ ചില യുവ എം.എല്‍.എമാര്‍ (വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, ഞാന്‍ ) എന്നിവര്‍ ദുരന്ത മുഖത്ത് നിന്ന് പ്രവാസികളെ കേരളത്തില്‍ എത്തിക്കുവാന്‍ സഹായങ്ങള്‍ സമാഹരിക്കുകയാണ്. വേറെ ആള്‍ക്കാരും കൂടെ ചേരുന്നുണ്ട്.യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്നുള്ളത് താങ്കള്‍ അറിഞ്ഞുകാണുമല്ലോ.

ആടുജീവിതം നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാര്‍ ടിക്കറ്റ് വാങ്ങാന്‍ പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടില്‍ എത്തിക്കുവാന്‍ താങ്കള്‍ സഹായം ചെയ്യാമോ? ഇതില്‍ രാഷ്ട്രീയവ്യത്യാസമില്ല,’ ശബരിനാഥ് പോസ്റ്റില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more