| Saturday, 6th April 2024, 11:57 am

എനിക്ക് കഴിഞ്ഞ ദിവസം ഒരു കോള്‍ വന്നു, അദ്ദേഹം കരയുകയാണ്; ഹക്കീമിനെ കുറിച്ചുള്ള ചോദ്യത്തില്‍ ബെന്യാമിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റേയും മനസില്‍ നോവായി മാറിയ കഥാപാത്രമായിരുന്നു ഹക്കീം. ഗോകുല്‍ അവതരിപ്പിച്ച ആ കഥാപാത്രം സിനിമയില്‍ മരണപ്പെടുന്നതായിട്ടാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ സംഭവത്തില്‍ അന്ന് നജീബിനൊപ്പം ഹക്കീമും രക്ഷപ്പെട്ടിരുന്നെന്ന് എഴുത്തുകാന്‍ ബെന്യാമിന്‍ പറഞ്ഞിരുന്നു.

നജീബ് തന്നോട് പറഞ്ഞ കഥയില്‍ അയാള്‍ക്കൊപ്പം മരുഭൂമിയല്‍ നിന്ന് ഹക്കീമും രക്ഷപ്പെട്ടിരുന്നെന്നും പക്ഷേ സിനിമ ഇത്രയും വലിയ വിജയമായപ്പോഴും ഹക്കീമാണെന്ന് അവകാശപ്പെട്ട് ഒരാള്‍ പോലും വന്നിട്ടില്ലെന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു. ചിലപ്പോള്‍ അദ്ദേഹം ഇപ്പോള്‍ വലിയ നിലയില്‍ ജീവിക്കുകയായിരിക്കുമെന്നും ചിലപ്പോള്‍ മറിച്ചുമാകാമെന്നുമാണ് ബെന്യാമിന്റെ വാക്കുകള്‍.

ഹക്കീം എവിടെയെന്ന് ചോദ്യത്തിന് തനിക്ക് കഴിഞ്ഞ ദിവസം വന്ന ഒരു ഫോള്‍കോളിനെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ബെന്യാമിന്‍ മറുപടി പറഞ്ഞത്.

‘ ഹക്കീം യഥാര്‍ത്ഥത്തില്‍ രക്ഷപ്പെട്ടു എന്നാണ് നജീബ് എന്നോട് പറഞ്ഞത്. ഇവര്‍ രണ്ടുപേരും ഒന്നിച്ചാണ് പുറത്തുവന്നത്. സൗദിയില്‍ വെച്ച് ഇവര് പിരിഞ്ഞു എന്നാണ് പറഞ്ഞത്. നോവല്‍ ഇറങ്ങിയിട്ട് 16 വര്‍ഷമായി. ഇത്രയും കാലത്തിനിടയ്ക്ക് ഞാനാണ് ഹക്കീം എന്ന് പറഞ്ഞ് ഒരാളും മുന്നോട്ടുവന്നിട്ടില്ല.

നോവല്‍ വന്നു, സിനിമ വന്നു. എന്നിട്ടുപോലും വന്നിട്ടില്ല. ഹക്കീം ആരാണെന്ന് എനിക്ക് അറിയില്ല. നജീബ് പറഞ്ഞ കഥയല്ലേ നമുക്ക് അറിയുള്ളൂ. ഇതൊക്കെ 30 വര്‍ഷം മുന്‍പ് നടന്ന കാര്യമാണ്. സൗദിയില്‍ വെച്ച് രണ്ട് പേരും രണ്ടിടത്തേക്ക് പിരിഞ്ഞുപോയി. നജീബ് തിരിച്ച് നാട്ടിലേക്ക് വന്നു. ഹക്കീം ഒരുപക്ഷേ അവിടെ തന്നെ നിന്നിട്ടുണ്ടാകാം.

അല്ലെങ്കില്‍ വേറെ ഏതെങ്കിലും രാജ്യത്തേക്ക് പോയിട്ടുണ്ടാകാം. അദ്ദേഹം ചിലപ്പോള്‍ ഇപ്പോള്‍ വലിയ നിലയില്‍ എത്തിയിട്ടുണ്ടാകും. തന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചു എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല. ഈ കഴിഞ്ഞ ദിവസം ഒരാള്‍ എന്നെ വിളിച്ചു. കുവൈറ്റില്‍ നാല് വര്‍ഷം സമാനമായ ജീവിതം ജീവിച്ച ആളാണ് അദ്ദേഹം എന്ന് പറഞ്ഞു.

കരഞ്ഞുകൊണ്ടാണ് പറയുന്നത്. അവിടെ നിന്ന് അദ്ദേഹം പിന്നീട് രക്ഷപ്പെട്ടു, അതിന് ശേഷം കുവൈറ്റില്‍ തന്നെ പത്ത് വര്‍ഷക്കാലം നല്ല ജോലി ചെയ്ത് ജീവിച്ചു. ഇപ്പോള്‍ പതിനാല് വര്‍ഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരാള്‍ക്കും ഇതറിയില്ല. രണ്ട് കൂട്ടുകാര്‍ക്കൊഴികെ വേറെയാര്‍ക്കും ഇങ്ങനെയൊരു ജീവിതം താന്‍ ജീവിച്ചു എന്ന് അറിയില്ലെന്നാണ് പറഞ്ഞത്.

അത് ആരോടും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് പറഞ്ഞത്. പറയാന്‍ ആഗ്രഹിക്കുന്നവരും അല്ലാത്തവരും ഉണ്ടാകും. ചിലപ്പോള്‍ ഹക്കീം അങ്ങനെ ഒരാളായിരിക്കും. എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് ആരും അറിയരുത് എന്ന് അദ്ദേഹം കരുതുന്നുണ്ടാകും. നമ്മുടെ ജീവിതത്തിലും ഉണ്ടാവില്ലേ ആരും അറിയാത്ത ചില കാര്യങ്ങള്‍. ആരും അറിയരുതെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍. അത് ആരുമാകട്ടേ. അദ്ദേഹത്തെ നമ്മള്‍ അന്വേഷിക്കേണ്ടതില്ല,’ ബെന്യാമിന്‍ പറഞ്ഞു.

Content Highlight: Bennyamin about Hakkim and and a phone call

We use cookies to give you the best possible experience. Learn more