മമ്മൂട്ടി, ലാല്‍, രാജന്‍ പി. ദേവ് കോമ്പിനേഷനില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും. സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന മമ്മൂട്ടിയുടെ മുഴുനീള കോമഡി കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു തൊമ്മനും മക്കളിലേത്.
എന്നാല്‍ ആ കഥയെഴുതിയത് മമ്മൂട്ടിക്ക് വേണ്ടിയായിരുന്നില്ലെന്നും പൃഥ്വിരാജ് -ജയസൂര്യ- ലാല്‍ കോമ്പിനേഷനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. ഏഷ്യാനെറ്റില്‍ ടിനി ടോം അവതരിപ്പിച്ച ‘മമ്മൂട്ടിയെ കൊണ്ട് തമാശ പറയിച്ചവര്‍ക്ക് പറയാനുള്ളത് ‘എന്ന പരിപാടിയിലായിരുന്നു ബെന്നി പി. നായരമ്പലം ഇക്കാര്യം പറഞ്ഞത്. സിദ്ദിഖ്, ലാല്‍ ഷാഫി, തുടങ്ങിയവരായിരുന്നു പരിപാടിയിലെ മറ്റ് അതിഥികള്‍.
” തൊമ്മനും മക്കളും മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നില്ല എഴുതിയത്. പൃഥ്വിരാജ് -ജയസൂര്യ-ലാല്‍ കോമ്പിനേഷനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍
പൃഥ്വിരാജിന് തമിഴില്‍ ഒരു പടം അതേ ഡേറ്റില്‍ വന്നു. പടമാണെങ്കില്‍ പെട്ടെന്ന് നടക്കുകയും വേണം.
ആ സമയത്ത് ബ്ലാക്ക് എന്ന സിനിമയുടെ ഷൂട്ട് നടക്കുകയാണ്. ലാലാണ് ആ സിനിമ നിര്‍മ്മിക്കുന്നത്. അവിടെ മമ്മൂക്കയുണ്ട്. അങ്ങനെ ലാലേട്ടനാണ് നമുക്ക് പോയി മമ്മൂക്കയോട് കഥ പറഞ്ഞാലോ എന്ന് ചോദിക്കുന്നത്.
സ്‌ക്രിപ്റ്റില്‍ ആണെങ്കില്‍ അല്പം ലൗ ട്രാക്കൊക്കെയുണ്ട്. എന്നാലും മമ്മൂക്കയുടെ അടുത്ത് പോയി ഒന്നു കഥ പറയാമെന്നും ലൗ ട്രാക്കില്‍ കുറച്ചു മാറ്റം വരുത്തേണ്ടി വരുമെന്നും ലാല്‍ പറഞ്ഞു. എങ്കിലും മമ്മൂക്ക ചെയ്യുമോ എന്ന് സംശയം ഉണ്ടായിരുന്നു.
അങ്ങനെ ഞങ്ങള്‍ ബ്ലാക്കിന്റെ സെറ്റില്‍ പോയി. ഷൂട്ടിങ് കഴിയാറായിട്ടുണ്ട്. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞു. പൃഥ്വിരാജാണ് അഭിനയിക്കുന്നത്. കഥയൊന്ന് കേള്‍ക്കാന്‍ വേണ്ടിയിട്ടാണെന്ന് പറഞ്ഞു.
എന്നാല്‍ കാറില്‍ കയറ്. വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വണ്ടിയില്‍ കയറി. കഥ പറയാന്‍ വേണ്ടി ഞാന്‍ മുന്നിലാണ് ഇരിക്കുന്നത്. ലാലേട്ടന്‍ പിറകിലും. മമ്മൂക്ക വണ്ടിയോടിക്കുകയാണ്. അങ്ങനെ ഞാന്‍ കഥ പറയുന്നു. മമ്മൂക്ക കഥ കേള്‍ക്കുന്നു. ഇതിനിടെ പുറത്തേക്ക് നോക്കി ‘എവിടെ നോക്കിയാണ് വണ്ടിയോടിക്കുന്നത്’ എന്നൊക്കെ ചോദിച്ച് ചിലരെ ചീത്ത വിളിക്കുന്നൊക്കെയുണ്ട്.
ഇതോടെ എന്റെ കയ്യില്‍ നിന്ന് പോകും. ഞാന്‍ എവിടെയായിരുന്നു നിര്‍ത്തിയത് എന്ന് ചോദിച്ചപ്പോള്‍ കൃത്യമായി പറഞ്ഞു തരും. അങ്ങനെ ഏകദേശം വീടെത്താനാവുമ്പോഴേക്ക് കഥ പറഞ്ഞു കഴിഞ്ഞു.
‘ഇത് ഗംഭീര റോളല്ലേ ഇത് പൃഥ്വിരാജ് എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. അല്ല, രാജു ഇല്ല അവന് ഒരു തമിഴ് പടമുണ്ട്. മമ്മൂക്കയ്ക്ക് ചെയ്യാമോയെന്ന് ലാലേട്ടന്‍ ചോദിച്ചു. പിന്നെന്താ നമുക്ക് ചെയ്യാമെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ കമ്മിറ്റ് ചെയ്തതാണ് ആ പടം,” ബെന്നി പി. നായരമ്പലം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Benny Pa Nayarambalam about the Story Behind Thommanum Makkalum Movie and mammootty