ലോലിപോപ്പ് എന്ന സിനിമയിലേക്ക് കുഞ്ചാക്കോ ബോബനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. സിനിമാ മേഖലയില്‍ ചാക്കോച്ചന് നല്ല ഗ്യാപ് വരുകയും അദ്ദേഹം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അന്ന് റിയല്‍എസ്റ്റേസ്റ്റ് പരിപാടികളായിരുന്നു ചാക്കോച്ചന്‍ ചെയ്തിരുന്നതെന്നും ബെന്നി പി നായരമ്പലം പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എ.ബി.എസ് എന്ന ഞങ്ങളുടെ കമ്പനിയുടെ ആദ്യ സിനിമയായിരുന്നു ലോലിപോപ്പ്. സിനിമാ രംഗത്ത് ചാക്കോച്ചന് നല്ല ഗ്യാപ് വന്നിരുന്നു. കുറേ സിനിമകളില്‍ ഹീറോയായി ചെയ്തതിന് ശേഷം മൂന്ന് നാല് വര്‍ഷം ചാക്കോച്ചന് ഗ്യാപ് വരുകയും അദ്ദേഹം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു. റിയല്‍ എസ്‌റ്റേറ്റ് പരിപാടികളുമായി പോകുകയായിരുന്നു അന്ന്. അപ്പോഴാണ് ഒരു പരിപാടിയില്‍ വെച്ച് ചാക്കോച്ചന്റെ ഭാര്യ പ്രിയയും എന്റെ ഭാര്യയും പരിചയപ്പെടുന്നത്. അവര്‍ നല്ല കൂട്ടായി. പ്രിയയും ചാക്കോച്ചനുമൊക്കെ വീട്ടില്‍ വരാറുണ്ടായിരുന്നു. അപ്പോഴൊക്കെ പ്രിയ ചാക്കോച്ചന് വേണ്ടി ക്യാരക്ടര്‍ എഴുതിയിട്ട് വീണ്ടും സിനിമയിലേക്ക് കൊണ്ടുവരണമെന്ന് പറയുമായിരുന്നു. അപ്പോള്‍ എനിക്കും മനസില്‍ ഉണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
കുഞ്ചാക്കോ ബോബനുമായി ഒരു വേളാങ്കണ്ണി ട്രിപ്പ് പോയിരുന്നെന്നും ആ യാത്രയില്‍ നിന്നാണ് ചാക്കോച്ചനെ ലോലിപോപ്പ് എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു.
‘ഒരു ദിവസം ചാക്കോച്ചന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു ഞങ്ങള്‍ ഒരു വേളാങ്കണ്ണി ട്രിപ് പ്ലാന്‍ ചെയ്തിരുന്നു, ട്രാവലറും ബുക്ക് ചെയ്തു, പക്ഷെ ഇപ്പോള്‍ പല കാരണങ്ങളാല്‍ കൂടെ വരാമെന്ന് പറഞ്ഞവരില്ല, സീറ്റൊഴിവുണ്ട്, ബിനു ചേട്ടന്‍ വരുന്നോയെന്ന് ചോദിച്ചു. ഡേറ്റ് നോക്കുമ്പോള്‍ ഞങ്ങള്‍ ഫ്രീയാണ്, അപ്പോള്‍ ഞാന്‍ വരാമെന്ന് പറഞ്ഞു. സീറ്റിനിയും ഒഴിവുണ്ട് ഫ്രണ്ട്‌സ് ആരെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാനും പറഞ്ഞു. അപ്പോള്‍ എനിക്ക് ലാല്‍ ജോസിനെയാണ് ഓര്‍മ വന്നത്. ഞാന്‍ ചോദിച്ചപ്പോള്‍ ലാല്‍ ജോസും വരാമെന്ന് പറഞ്ഞു. അങ്ങനെ ഞാനും ചാക്കോച്ചനും സാബു ചെറിയാനും ലാല്‍ ജോസും ഞങ്ങളുടെ ഫാമിലിയും കൂടി വേളാങ്കണ്ണിക്ക് പോയി.
അപ്പോഴാണ് ലാല്‍ ജോസും ചാക്കോച്ചനും പരിചയപ്പെടുന്നത്. ഞങ്ങള്‍ എല്ലാവരും നല്ല കമ്പനിയായി. പ്രിയ ലാല്‍ ജോസിനോടും യാത്രക്കിടെ ചാക്കോച്ചനെ വെച്ച് പടം ചെയ്യണമെന്ന് പ്രിയ പറഞ്ഞിരുന്നു. നമുക്ക് ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആ യാത്രയില്‍ നിന്നും രണ്ട് പടങ്ങളാണ് ഉണ്ടായത്. ലോലിപോപ്പ് എന്ന സിനിമയില്‍ ചാക്കോച്ചനെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത് ആ ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും പുറത്തായിരുന്നു. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ചാക്കോച്ചനെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതും ആ സ്‌നേഹത്തിന്റെ പുറത്തായിരുന്നു,’ അദ്ദേഹം പറഞ്ഞു.
Content Highlight: Benny p nayaranbalam talks about chackochan return on movie