| Thursday, 12th December 2024, 4:02 pm

രാജേട്ടന് ഞാന്‍ കൊടുത്ത ദക്ഷിണയാണ് ആ ചിത്രമെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെന്നി. പി നായരമ്പലത്തിന്റെ രചനയില്‍ ഷാഫി സംവിധാനം ചെയ്ത് 2005ല്‍ റിലീസായ ചിത്രമാണ് തൊമ്മനും മക്കളും. തൊമ്മനായി രാജന്‍ പി. ദേവ് എത്തിയ ചിത്രത്തില്‍ തൊമ്മന്റെ മക്കളായി മമ്മൂട്ടിയും ലാലുമാണ് അഭിനയിച്ചത്.

ചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. തൊമ്മനും മക്കളും എന്ന ചിത്രം താന്‍ രാജന്‍ പി. ദേവിന് കൊടുത്ത ദക്ഷിണയാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നെന്ന് ബെന്നി പി. നായരമ്പലം പറയുന്നു. സഫാരി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെന്നി പി. നായരമ്പലം.

‘പൃഥ്വിരാജായിരുന്നു തൊമ്മനും മക്കളിലും മമ്മൂക്ക ചെയ്ത വേഷത്തില്‍ ആദ്യം അഭിനയിക്കേണ്ടിയിരുന്നത്. പിന്നീട് അത് മമ്മൂക്ക ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. ലാല്‍ ആയിരുന്നു ആദ്യം അച്ഛന്‍ വേഷം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മമ്മൂക്ക സിനിമയിലേക്ക് വന്നപ്പോള്‍ ലാലിന് അച്ഛന്‍ വേഷം ചെയ്യാന്‍ കഴിയില്ലലോ. അതുകൊണ്ട് ലാലിനെ തൊമ്മന്റെ മക്കളിലെ ഒരാളാക്കി.

അപ്പോള്‍ അവിടെ തൊമ്മനായിട്ട് ഇവര്‍ രണ്ടുപേരുടെയും അപ്പന്റെ പ്രായമുള്ള ആരെ കാസ്റ്റ് ചെയ്യുമെന്നായി. ഇന്നസെന്റ് ചേട്ടന്‍ കറക്ട് ആയിരിക്കും എന്ന ചിന്തയിലേക്ക് അങ്ങനെ ഞങ്ങള്‍ എത്തി. പക്ഷെ ആ സമയത്ത് അദ്ദേഹം വേറെ സിനിമ കമ്മിറ്റ് ചെയ്തതുകൊണ്ട് അദ്ദേഹത്തിന് ഈ സിനിമ ഒഴിവാക്കേണ്ടി വന്നു.

അങ്ങനെ ഞങ്ങള്‍ ചെന്നെത്തിയത് ജഗദീഷ് ശ്രീകുമാറിലാണ്. ഞങ്ങള്‍ ചെന്ന് അദ്ദേഹത്തിന്റെ അടുത്ത് കഥയെല്ലാം പറഞ്ഞ് ഓക്കേ ആക്കി. എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റും വേറെ ഡേറ്റുമായി ക്ലാഷ് ആയിരുന്നു. വീണ്ടും ഞങ്ങള്‍ വേണു(നെടുമുടി വേണു) ചേട്ടന്റെ അടുത്തേക്ക് പോയി. അവിടെയും ഇതേ ഡേറ്റിന്റെ പ്രശ്‌നം. തൊമ്മനായി ആര് എന്ന ആശയകുഴപ്പത്തിലേക്ക് വീണ്ടും ഞങ്ങള്‍ എത്തി.

അങ്ങനെ പലരുടെയും പേര് സജസ്റ്റ് ചെയ്ത കൂട്ടത്തില്‍ രാജേട്ടന്റെ (രാജന്‍ പി. ദേവ്) പേര് വന്നു. ഞാനും രാജേട്ടനും തമ്മില്‍ വളരെ അടുപ്പമായതുകൊണ്ട് ഞാന്‍ തന്നെ രാജേട്ടനെ വിളിക്കുന്നു. ടൈറ്റില്‍ റോളാണ്, മമ്മൂക്കയുണ്ട്. തൊമ്മനും മക്കളും എന്നാണ് പേര്, അതില്‍ തൊമ്മനായിട്ടാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം വളരെ സന്തോഷത്തോടെ ആ റോളിലേക്ക് വരികയായിരുന്നു.

പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്, തൊമ്മന്‍ എനിക്ക് ബെന്നി നല്‍കിയ ദക്ഷിണയാണെന്ന്. വളരെ ഗംഭീരമായി തന്നെ അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlight: Benny P Nayarambalam Talks About Rajan P dev And Casting Of Thommanum Makkalum Movie

We use cookies to give you the best possible experience. Learn more