മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം. 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, ചന്തുപൊട്ട്, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി. സാറാസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചു.
മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ രാജന്‍ പി. ദേവിനെ കുറിച്ച് സംസാരിക്കുകയാണ് ബെന്നി പി. നായരമ്പലം. ഇരുവരും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചവരായിരുന്നു. രാജന്‍ പി. ദേവ് തമിഴിലും തെലുങ്കിലും അഭിനയിച്ച സിനിമകളില്‍ അദ്ദേഹം ഗുണ്ടാനേതാവോ മന്ത്രിയോ ആയിരിക്കുമെന്ന് ബെന്നി പി. നായരമ്പലം പറയുന്നു.
ഇതിനെ കുറിച്ച് താന്‍ ഒരിക്കല്‍ രാജന്‍ പി. ദേവിനോട് ചോദിച്ചിട്ടുണ്ടെന്നും അപ്പോള്‍ താന്‍ മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോയാല്‍ അവര്‍ ആദ്യം മുറുക്കാന്‍ ചെല്ലവും തോക്കുമാണ് തനിക്ക് തരുന്നതെന്നും അദ്ദേഹം പറഞ്ഞെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു. നല്ല കഥാപാത്രം താന്‍ എഴുതി കൊടുക്കണമെന്ന് രാജന്‍ പി. ദേവ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമൃത ടി.വിയോടെ സംസാരിക്കുകയാണ് ബെന്നി പി. നായരമ്പലം.
‘രാജേട്ടന്‍ അഭിനയിച്ച മിക്ക തമിഴ് തെലുങ്ക് സിനിമകള്‍ നോക്കിയാലും അതിലെല്ലാം പുള്ളി വല്ല ഗുണ്ടാനേതാവോ മന്ത്രിയോ എം.പിയോ ഒക്കെ ആയിരിക്കും. രാജേട്ടന്‍ തന്നെ എന്നിട്ട് കളിയാക്കി പറയും ‘ഞാന്‍ ചെന്ന് കഴിഞ്ഞാല്‍ അവരൊരു മുറുക്കാന്‍ ചെല്ലമോ തോക്കോ തരും’ എന്ന്.
‘ഞാന്‍ എന്ത് ചെയ്യാനാണ്. അവര്‍ ഞാന്‍ ചെല്ലുമ്പോള്‍ തന്നെ അവര്‍ മുറുക്കാന്‍ ചെല്ലവും തോക്കും എടുത്ത് വെക്കും. നീയൊക്കെ എഴുതിയിട്ട് വേണം എനിക്ക് വേറെ കഥാപാത്രങ്ങള്‍ തരാന്‍’എന്ന്,’ ബെന്നി പി. നായരമ്പലം പറയുന്നു.
Content Highlight: Benny p Nayarambalam Talks About Rajan P Dev