ജഗതി ചേട്ടനെ കണ്ടാണ് ആ കഥാപാത്രത്തെ എഴുതിയത്, അപ്പോഴാണ് കാറപകടം നടന്നത്: ബെന്നി പി. നായരമ്പലം
Entertainment news
ജഗതി ചേട്ടനെ കണ്ടാണ് ആ കഥാപാത്രത്തെ എഴുതിയത്, അപ്പോഴാണ് കാറപകടം നടന്നത്: ബെന്നി പി. നായരമ്പലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th July 2023, 6:41 pm

 

പുതിയ തീരങ്ങള്‍ എന്ന സിനിമ ആരംഭിക്കുന്നത് ദിലീപിനെ വെച്ച് ചെയ്യാമെന്ന ചിന്തയില്‍ നിന്നാണെന്നും പിന്നീടാണ് സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള പ്രമേയത്തിലേക്ക് അതിനെ മാറ്റുന്നതെന്നും ബെന്നി പി. നായരമ്പലം. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോലിപോപ്പിന് ശേഷം ഒന്ന് രണ്ട് പടങ്ങള്‍ ചെയ്തതിന് ശേഷമായിരുന്നു സത്യേട്ടന്റെ പുതിയ തീരങ്ങള്‍ എന്ന പ്രൊജക്ടിലേക്ക് ഞാനെത്തുന്നത്. ദിലീപിനെ നായകനാക്കി ചെയ്യാമെന്ന ചിന്തയിലാണ് ആ സിനിമയുടെ ആരംഭവും ഞങ്ങളുടെ ചര്‍ച്ച തുടങ്ങുന്നതും. ദിലീപിനോട് സംസാരിച്ചപ്പോള്‍ ദിലീപും ഹാപ്പിയായിരുന്നു. അതിന് ശേഷമാണ് കഥ ഉണ്ടാക്കുന്നത്. അന്ന് പുതിയ തീരങ്ങളെന്ന് പേരിട്ടിട്ടില്ല. തീരദേശത്ത് നടക്കുന്ന കഥ തന്നെയാണ് ആലോചിച്ചത്. പണത്തിനോട് മോഹമുള്ള ഒരപ്പന്‍, അപ്പന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്ന ഒരു മകന്‍, അവന്‍ പലിശ പിരിക്കാനൊക്കെ കടപ്പുറങ്ങളില്‍ സഞ്ചരിക്കുന്നു എന്ന തരത്തിലായിരുന്നു കഥ.

അവന്‍ അവിടെ കടപ്പുറത്തുള്ള ഒരു പെണ്ണിന് വള്ളം വാങ്ങിക്കാനായി കാശ് കൊടുത്തിട്ടുണ്ട്, അവളില്‍ നിന്നും ആ കാശെല്ലാം ചോദിക്കാന്‍ ചെല്ലുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നു. കടലില്‍ പോകുന്ന ഒരു പെണ്ണ് എന്ന കഥാപാത്രമായിരുന്നു നായികക്ക്. പിന്നീട് നായികയും നായകനും ലൗ ഉണ്ടാകുകയും നിര്‍ധനയായ ഈ പെണ്ണിനെ നായകന് വിവാഹം കഴിക്കേണ്ടി വരികയും ചെയ്യുന്നു. ആ സമയത്ത് അപ്പന്‍ ആദ്യം നിഷേധിക്കുമെങ്കിലും പിന്നീട് അവള്‍ അപ്പനേയും മകനെയും തിരുത്തുന്ന ഒരു പ്രമേയമായിരുന്നു. ഡേറ്റിന്റെ കാര്യം സംസാരിക്കാനായി ആന്റോ ജോസഫ് ദിലീപിനെ കാണാന്‍ പോയി, അവര്‍ തമ്മില്‍ എന്തൊക്കയോ അഭിപ്രായ വ്യത്യാസമുണ്ടായി. അപ്പോള്‍ സത്യേട്ടന്‍ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ട് ഈ കഥ മാറ്റിചിന്തിക്കാമെന്ന് പറഞ്ഞു,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

പുതിയ തീരത്തിലെ അച്ഛന്‍ കഥാപാത്രമായി ആദ്യം ചിന്തിച്ചിരുന്നത് ജഗതിയെ ആയിരുന്നെന്നും ആ സമയത്താണ് അദ്ദേഹത്തിന് കാറപകടം സംഭവിക്കുന്നതെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. അതിന് ശേഷമാണ് നെടുമുടി വേണുവിലേക്ക് ആ കഥാപാത്രം എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ട് അവളുടെ ജീവിതം പറയുന്ന സിനിമ. അങ്ങനെയാണ് ആദ്യത്തെ സിനിമയെ മാറ്റാന്‍ തീരുമാനിച്ചത്. പന്ത്രണ്ടുകാരിയായ മകളെ ഒറ്റക്ക് കരയില്‍ ഇരുത്തി കടലില്‍ പോകേണ്ടി വരുന്ന അച്ഛന്റെ അവസ്ഥ എന്ന കഥയിലേക്ക് ഞങ്ങള്‍ എത്തി. മകളെ തനിയെ വിട്ട് പോകുന്നതില്‍ ആശങ്ക തോന്നിയ അച്ഛന്‍ ഒരിക്കല്‍ മകളെ വള്ളത്തില്‍ കയറ്റി കടലിലേക്ക് കൊണ്ടുപോകുന്നു. കടലില്‍ കൊണ്ടുപോകുന്നത് അപകടമാണെന്ന് സുഹൃത്തുക്കള്‍ പറയുമ്പോള്‍ കടലിനേക്കാള്‍ അപകടമാണ് കരയിലിരിക്കുന്ന എന്റെ മകള്‍ക്ക് എന്നാണ് അച്ഛന്‍ പറയുന്നത്. അവള്‍ കടല്‍ കണ്ട് വളരുന്നു, ആ കടലറിവുകള്‍ അവളെ കടലില്‍ തന്നെ പോയി ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കടലിനോട് മല്ലിട്ട് ജീവിക്കുന്നു. പിന്നീട് അച്ഛന്‍ കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിക്കുമ്പോള്‍ അവള്‍ കരയില്‍ ഒറ്റപ്പെട്ടു പോകുന്നു.

പിന്നീട് മരിക്കാനായി കടലില്‍ ചാടിയ ഒരാളെ അവള്‍ രക്ഷപ്പെടുത്തുകയും അച്ഛനും മകളുമല്ലാത്ത അവര്‍ തമ്മില്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധം ഉടലെടുക്കുകയും ചെയ്യുന്ന ഒരു പ്രമേയമായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. ഈ കടലില്‍ ചാടി മരിക്കാന്‍ ശ്രമിക്കുന്ന അച്ഛന്റെ കഥാപാത്രമായി ജഗതിയെയാണ് ആലോചിച്ചത്. ജഗതി ചേട്ടനോട് സംസാരിക്കുകയും ചെയ്തു. ഞങ്ങളുടെ ചര്‍ച്ചയും സ്‌ക്രിപ്റ്റുമെല്ലാം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ജഗതി ചേട്ടന്‍ കാറപകടത്തില്‍പ്പെടുന്നതും സംസാരം പോലും ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തുന്നതും. ജഗതി ചേട്ടനെ മനസില്‍ കണ്ടുകൊണ്ടായിരുന്നു ആ ക്യാരക്ടറിനെ ഞാന്‍ എഴുതിയതും കഥാപാത്ര സൃഷ്ടി നടത്തിയതും. പിന്നീടാണ് നെടുമുടി വേണുചേട്ടനിലേക്ക് ഞങ്ങള്‍ എത്തുന്നത്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlight: Benny P Nayarambalam talks about puthiya theeram