പുതിയ തീരങ്ങള്‍ എന്ന സിനിമയിലേക്ക് നമിത പ്രമോദ് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. പുതിയ തീരങ്ങള്‍ എന്ന സിനിമ പുതുമുഖ നടിയെ വെച്ച് ചെയ്യണമെന്നായിരുന്നു ഉണ്ടായിരുന്നതെന്നും നടിയെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ആന്റോ ജോസഫ് ആണ് നമിതയുടെ കാര്യം പറഞ്ഞതെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുതിയ തീരങ്ങള്‍ എന്ന സിനിമയിലേക്ക് നല്ല കരുത്തുള്ള ഒരു പെണ്ണ് വേണമായിരുന്നു. അത് പണ്ട് മഞ്ജു വാര്യരൊക്കെ ചെയ്തത് പോലുള്ള ഒരു കഥാപാത്രമാണെന്നാണ് സത്യന്‍ അന്തിക്കാട് എനിക്ക് സൂചന തന്നത്. ഒരു പുതുമുഖ നടിയെ കണ്ടെത്താം എന്നായിരുന്നു ആലോചന. അങ്ങനെ അന്യഭാഷ നടികളെയും നാട്ടിലെ തന്നെ പുതുതായി കൊണ്ടുവരാന്‍ പറ്റുന്ന പെണ്‍കുട്ടികളെയും നോക്കി. അങ്ങനെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആന്റോ ജോസഫ് തന്നെ ചെറിയ റോളുകള്‍ ഒക്കെ ഒന്ന് രണ്ട് പടത്തില്‍ ചെയ്ത ഒരു പെണ്‍കുട്ടിയുണ്ടെന്ന് പറഞ്ഞത്. സീരിയലിലും മുന്‍പ് അഭിനയിച്ചിട്ടുണ്ട്, ബെന്നി ചേട്ടനും സത്യേട്ടനും കണ്ട് നോക്കെന്ന് പറഞ്ഞു.
കുമരകം രഘുനാഥന്റെ സഹോദരന്റെ മകളാണെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് നല്ല താല്‍പര്യം തോന്നി, അദ്ദേഹവുമായി നല്ല ബന്ധമുള്ള ആളാണ് ഞാന്‍. അങ്ങനെ പറഞ്ഞ ഡേറ്റില്‍ നമിത പ്രമോദും അമ്മയും അച്ഛനുമായി എന്റെ ഫ്‌ളാളിറ്റില്‍ വന്നു. ഞാനും സത്യേട്ടനും എന്റെ ഫ്‌ലാറ്റില്‍ ഇരുന്നാണ് അതിന്റെ ചര്‍ച്ച. സത്യേട്ടന്‍ അവിടെ താമസിപ്പിച്ചിട്ടായിരുന്നു ചര്‍ച്ച. എഴുതാന്‍ വേണ്ടി മാത്രം ഞാന്‍ ഇരിക്കുന്ന ഫ്‌ളാറ്റാണ് അത്. അവിടേക്ക് വരാനാണ് നമിതയോട് പറഞ്ഞിരുന്നത്. വരുമ്പോള്‍ സാരി ഉടുത്തിട്ട് വരാനാണ് സത്യേട്ടന്‍ പറഞ്ഞിരുന്നത്. മെച്യൂരിറ്റി ഉണ്ടോയെന്ന് അറിയാനായിരുന്നു ഞങ്ങള്‍ അങ്ങനെ പറഞ്ഞത്.
അങ്ങനെ നമിത പറഞ്ഞത് പോലെ സാരി ഒക്കെ ഉടുത്തു തന്നെ എത്തി. ഞങ്ങള്‍ക്ക് കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. ഞങ്ങള്‍ സാധാരണ രീതിയില്‍ സംസാരിക്കുകയും പല കാര്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയ്തു. അത് കഴിഞ്ഞ് ഹാന്‍ഡി ക്യാമില്‍ ആ കുട്ടി നടക്കുന്നതിന്റെയും ചിരിക്കുന്നതിന്റെയുമൊക്കെ എക്‌സ്പ്രഷനുമൊക്കെ ഞങ്ങള്‍ ഷൂട്ട് ചെയ്തു. സ്‌ക്രീന്‍ പ്രസന്‍സ് നോക്കിയപ്പോള്‍ കാണാനൊക്കെ ചന്തമുള്ള കുട്ടിയാണെന്ന് മനസിലായി. അങ്ങനെയാണ് നായികയായി നമിത പ്രമോദിനെ പുതിയ തീരങ്ങളില്‍ ഫിക്‌സ് ചെയ്യുന്നത്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.
സിനിമക്കായി നമിതയോട് ചില കണ്ടീഷന്‍സ് വെച്ചിരുന്നതായും അതെല്ലാം നമിത അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
‘നമിതയോട് ഒന്ന് രണ്ട് കണ്ടീഷന്‍സ് പറഞ്ഞിരുന്നു. മുടിയുടെ അറ്റമൊന്നും മുറിക്കരുത്, നെയില്‍ പോളിഷ് കളയണം, പുരികം പ്ലക്ക് ചെയ്ത് ഷെയ്പ് ആക്കരുത് എന്നതൊക്കെയായിരുന്നു പറഞ്ഞിരുന്നത്. നാട്ടിന്‍പ്പുറത്തെ കുട്ടി എന്ന തരത്തിലുള്ള അപ്പിയറന്‍സ് ആയിരുന്നു വേണ്ടത്. മാക്‌സിമം വെയില്‍ കൊണ്ട് നടക്കാന്‍ പറ്റുമെങ്കില്‍ നീ വെയില്‍ കൊണ്ടോയെന്നും പറഞ്ഞിരുന്നു. അത്തരത്തില്‍ ടാന്‍ ചെയ്തിട്ടുള്ള സ്‌കിന്‍ ടോണ്‍ ആയിരുന്നു ഞങ്ങള്‍ക്ക് വേണ്ടത്. കടലില്‍ പോകുന്ന പെണ്‍കുട്ടിയാണ്, മേക്കപ്പേ ഉണ്ടാകില്ലെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. നീന്തല്‍ പഠിക്കാനും പറഞ്ഞു. അറിയില്ല പഠിക്കാമെന്ന് നമിത പറഞ്ഞു. എല്ലാത്തിനും സമ്മതിച്ചിട്ട് വളരെ സന്തോഷത്തോടു കൂടിയാണ് നമിത ഫ്‌ളാറ്റില്‍ നിന്നും പോയത്. പിന്നീട് മാസങ്ങളോളം ഈ കുട്ടി വെയില്‍ കൊള്ളുകയും നീന്തല്‍ പഠിക്കാന്‍ പോകുകയുമൊക്കെ ചെയ്തിരുന്നെന്ന് പിന്നീട് പറഞ്ഞു,’ ബെന്നി പി. നായരമ്പലം പറഞ്ഞു.
Content Highlight: Benny P Nayarambalam talks about namitha entry to film