ബെന്നി. പി. നായരമ്പലത്തിന്റെ രചനയില്‍ ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’. മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രം കണ്ട സിനിമയില്‍ ഹണി റോസ്, സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
സിനിമയില്‍ മമ്മൂട്ടി യേശുവിന്റെ വേഷത്തില്‍ എത്തുന്ന ചില സീനുകളുണ്ട്. എന്നാല്‍ ആ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് ഫഹദിനെ പോലെ ഒരു അഭിനേതാവിനെയാണെന്നും എന്നാല്‍ കഥ കേട്ടപ്പോള്‍ ഈ കഥാപാത്രം താന്‍ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞെന്നും ബെന്നി.പി.നായരമ്പലം പറയുന്നു. ആ കഥാപാത്രത്തിനായി മമ്മൂട്ടി ശരീര ഭാരം കുറച്ചിരുന്നുവെന്നും അങ്ങനെയാണ് സിനിമയില്‍ അഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ ക്രൈസ്റ്റിന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മമ്മൂക്കയെ അല്ലായിരുന്നു. മമ്മൂക്ക ആ നാടക ട്രൂപ്പിന്റെ ഡയറക്ടറും അതിലെ പ്രധാനപ്പെട്ട ഒരാളും, പിന്നെ അയാള്‍ കണ്ടെത്തുന്ന അഭിനയിക്കാന്‍ അറിയുന്ന മറ്റൊരു നടന്‍.
ആ വേഷത്തിലേക്ക് ഫഹദിനെ പോലൊരു പയ്യന്‍ വേണമെന്നാണ് ആദ്യം ഞങ്ങള്‍ ഉദേശിച്ചത്. അങ്ങനെ ഒരാളെ സംവിധായകനായ മമ്മൂട്ടി കൊണ്ടുവരുന്നു. അയാളെ വെച്ച് നാടകം തുടങ്ങുമ്പോഴാണ് അറിയുന്നത് അതൊരു വലിയ ഗുണ്ടയാണെന്ന്.
മമ്മൂക്കയുടെ കഥാപാത്രം യൂദാസിന്റെ വേഷവും അഭിനയിക്കുന്നു. ക്രൈസ്റ്റിന്റെ വേഷത്തിലുള്ള ഗുണ്ടയെ ആക്രമിക്കാന്‍ വില്ലന്മാര്‍ വരുമ്പോള്‍ ഒറ്റികൊടുക്കാന്‍ നില്‍ക്കുന്ന യൂദാസിന്റെ വേഷത്തിലുള്ള മമ്മൂക്ക രക്ഷിക്കും. അങ്ങനെയാണ് ആ കഥ പ്ലാന്‍ ചെയ്തത്.
എന്നാല്‍ ക്ലൈമാക്‌സൊക്കെ മമ്മൂക്കയ്ക്ക് ഇഷ്ടമായെങ്കിലും അതിനേക്കാളേറെ ഇഷ്ടമായത് ക്രൈസ്റ്റിന്റെ കഥാപാത്രമാണ്. കഥ കേട്ടപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചത്, ആ ക്രൈസ്റ്റിന്റെ വേഷം ഞാന്‍ ചെയ്താല്‍ എന്താണ് കുഴപ്പം എന്നായിരുന്നു.
ഞാന്‍ പറഞ്ഞത് ക്രൈസ്റ്റ് വളരെ ശോഷിച്ച് ഒട്ടിയ വയറുമൊക്കെയായി നില്‍ക്കുന്ന രൂപമാണ് എന്നായിരുന്നു. അത് കേട്ടപാതി മമ്മൂക്ക പറഞ്ഞു, അതിനെന്താ ഞാന്‍ ഭാരം കുറയ്ക്കാമെന്ന്. എനിക്കും അത് ശരിയാണെന്ന് തോന്നി.
കാരണം മമ്മൂക്ക ഒരു ക്രൈസ്റ്റ് ആവുകയെന്ന് പറയുന്നത് ഇന്‍ട്രെസ്റ്റിങ് ആയ കാര്യമാണ്. മമ്മൂക്ക എനിക്ക് തന്ന ഓഫര്‍ ഈ ഷൂട്ട് കഴിയുമ്പോഴേക്കും അഞ്ച് കിലോ ഞാന്‍ കുറയ്ക്കാം എന്നായിരുന്നു. പറഞ്ഞ പോലെ തന്നെ അദ്ദേഹം ഷൂട്ട് തുടങ്ങുമ്പോഴേക്കും വ്യായാമമൊക്കെ ചെയ്ത് വെയിറ്റ് കുറച്ചു. അങ്ങനെയാണ് ക്രൈസ്റ്റ് ആയിട്ടുള്ള കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നത്,’ബെന്നി. പി. നായരമ്പലം പറയുന്നു.
Content Highlight: benny p. nayarambalam talks about mammootty