ബെന്നി.പി. നായരമ്പലത്തിന്റെ രചനയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. ഭാവനയും ബിജു മേനോനും ദിലീപും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
ചിത്രത്തില്‍ ബിജു മേനോനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ബെന്നി.പി. നായരമ്പലം. മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ജോസ് എന്ന കഥാപാത്രമായിട്ട് ആദ്യം തീരുമാനിച്ചത് സുരേഷ് ഗോപിയെ ആണെന്നും എന്നാല്‍ സുരേഷ് ഗോപി വന്നാല്‍ ആളുകള്‍ പ്രെഡിക്ട് ചെയ്യുമെന്ന് തോന്നിയപ്പോള്‍ മറ്റൊരാളെ വെക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
അതിന് ശേഷം സിദ്ദിഖ്-ലാലിലെ ലാലിനെ ആക്കാമെന്ന് തീരുമാനിച്ചെന്നും എന്നാല്‍ ഡേറ്റ് ക്ലാഷ് കാരണം അദ്ദേഹവും പിന്മാറുകയായിരുന്നെന്നും ബെന്നി പറയുന്നു. അങ്ങനെയാണ് ബിജു മേനോനിലേക്ക് ജോസ് എന്ന കഥാപാത്രം എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബിജു മേനോന് പകരം മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ആ റോള്‍ ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത് സുരേഷ് ഗോപിയെ ആയിരുന്നു. അദ്ദേഹം വളരെ സന്തോഷത്തോടെ ചെയ്യാമെന്ന് സമ്മതിച്ചു.
അതിന് ശേഷം ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് എനിക്ക് വേറൊരു ചിന്ത വരുന്നത്. സുരേഷേട്ടനാകുമ്പോള്‍ ആളുകള്‍ക്ക് പ്രെഡിക്റ്റബിള്‍ ആകുമോ ഇത്, കാരണം പ്രേക്ഷകര്‍ സിനിമ തുടങ്ങുമ്പോള്‍ മുതല്‍ എന്തൊക്കെ കുഴപ്പം കാണിച്ചാലും ക്ലൈമാക്‌സില്‍ സുരേഷേട്ടന്‍ നന്നാകും എന്തായാലും വില്ലന്‍ ആയിട്ട് മാറില്ല എന്നൊരു മുന്‍ധാരണ ആളുകള്‍ക്ക് ഉണ്ടാകില്ലേ എന്നെനിക്ക് തോന്നി. ഞാന്‍ അപ്പോള്‍ തന്നെ സുരേഷേട്ടനെ വിളിച്ചിട്ട് ഇങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം ഓക്കേ, കുഴപ്പമില്ല എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ആലോചിച്ച് എത്തിയത് സിദ്ദിഖ്-ലാലിലെ ലാലേട്ടനില്‍ ആയിരുന്നു. അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് അദ്ദേഹം വിളിച്ചിട്ട് പറഞ്ഞു ‘ബെന്നി ഇങ്ങനെ വേറൊരു പടത്തിന്റെ ഡേറ്റുമായി ചെറിയൊരു ക്ലാഷ് വന്നിട്ടുണ്ട്’.
അങ്ങനെ ഞങ്ങള്‍ക്ക് വീണ്ടും വേറൊരാളെ അന്വേഷിക്കേണ്ടതായിട്ട് വന്നു. അപ്പോഴാണ് ബിജു മേനോന്‍ ആണെങ്കില്‍ എങ്ങനെ ഉണ്ടാകും എന്ന് ആലോചിക്കുന്നത്. കഥ കേട്ടപ്പോള്‍ വളരെ ആവേശത്തോടെ ബിജു ആ കഥാപാത്രത്തെ ചെയ്യാം എന്ന് പറഞ്ഞു,’ ബെന്നി.പി. നായരമ്പലം പറയുന്നു.
Content Highlight: Benny P Nayarambalam Talks About Casting Of Biju Menon’s Character In Marykkundoru Kunjaadu Movie