2005ലാണ് ഷാഫിയുടെ സംവിധാനത്തില്‍ ബെന്നി. പി നായരമ്പലം തിരക്കഥയെഴുതിയ തൊമ്മനും മക്കളും റിലീസായത്.
വലിയ ഹിറ്റായി മാറിയ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബെന്നി. പി നായരമ്പലം. ചിത്രത്തില്‍ ആദ്യം അഭിനയിപ്പിക്കാന്‍ ഉദ്ദേശിച്ചതും അതിനായി കഥ കേട്ടതും മമ്മൂട്ടി അല്ല എന്നാണ് അദ്ദേഹം പറയുന്നത്.
സിനിമ ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് പൃഥ്വിരാജിനെയും ജയസൂര്യയേയും വെച്ചാണെന്നും എന്നാല്‍ പിന്നീട് നടന്ന ചില സംഭവങ്ങള്‍ കാരണം അത് മമ്മൂട്ടിയിലേക്ക് എത്തുക ആയിരുന്നുവെന്നും ബെന്നി പറയുന്നു.
‘തൊമ്മനും മക്കളും ആദ്യം ആലോചിച്ചപ്പോള്‍ മക്കളായി അഭിനയിപ്പിക്കാന്‍ ഉദ്ദേശിച്ചത് പൃഥ്വിരാജിനെയും ജയസൂര്യയേയും ആയിരുന്നു.
മൂന്ന് കള്ളമാരുടെ മോഷണം നിര്‍ത്തിയ ശേഷം ഉള്ള ജീവിതം ആയിട്ടാണ് സിനിമ ആദ്യം ചിന്തിച്ചത്. തൊമ്മന്‍ ആയി ആദ്യം അഭിനയിക്കാം എന്ന് വിചാരിച്ചത് സംവിധായകനും നടനുമായ ലാല്‍ ആയിരുന്നു.
അതിന് വേണ്ടി ലാലേട്ടന്റെ ലുക്ക് ഒക്കെ മാറ്റം എന്ന് കരുതി. പക്ഷെ കഥയൊക്കെ കേട്ട ശേഷം പൃഥ്വിരാജിന് ഇഷ്ടപ്പെട്ടുവെങ്കിലും മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡേയിറ്റ് ക്ലാഷ് വന്നത് കൊണ്ട് പൃഥ്വി പിന്മാറി,’ ബെന്നി പറയുന്നു.
അതിന് ശേഷമാണ് എന്തുകൊണ്ട് ഈ സിനിമ മമ്മൂട്ടിയെ വെച്ച് ആലോചിച്ചുകൂടാ എന്ന് വിചാരിച്ചതും അദ്ദേഹത്തോട് കഥ പറയുന്നതെന്നും കഥകേട്ട ശേഷം മമ്മൂട്ടിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടെന്നും അങ്ങനെയാണ് തൊമ്മനും മക്കളും സിനിമയിലേക്ക് വരുന്നതെന്നും ബെന്നി പി നായരമ്പലം കൂട്ടിച്ചേര്‍ക്കുന്നു.
പൃഥ്വിരാജ് പിന്മാറിയത് കൊണ്ടാണ് തൊമ്മനായി അഭിനയിക്കാന്‍ ഇരുന്ന ലാല്‍ പിന്മാറിയെന്നും ആ വേഷം പിന്നീട് രാജന്‍. പി. ദേവിലേക്ക് അങ്ങനെ ആണ് എത്തുന്നതെന്നും ബെന്നി പറയുന്നുണ്ട്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ബെന്നി.പി. നായരമ്പലം ഇക്കാര്യങ്ങള്‍ പറഞ്ഞത്.