ഷാഫിയുടെ സംവിധാനത്തില്‍ ദിലീപിനെ നായകനായി 2010 ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ചിത്രമാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം അന്നത്തെ സൂപ്പര്‍ഹിറ്റായിരുന്നു. ദിലീപ്, ബിജു മേനോന്‍, വിജയരാഘവന്‍, ഇന്നസെന്റ്, ജഗതി, ഭാവന തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിനുവേണ്ടി അണിനിരന്നിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിജു മേനോന്‍ ആയിരുന്നു. വലിയ രീതിയില്‍ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയായിരുന്നു അദ്ദേഹം ചിത്രത്തില്‍ അഭിനയിച്ചത്.
ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്യാന്‍ തീരുമാനിച്ചത് സുരേഷ് ഗോപി ആണെന്നും എന്നാല്‍ സുരേഷ് ഗോപി വന്നാല്‍ ആളുകള്‍ പ്രെഡിക്ട് ചെയ്യുമെന്ന് തോന്നിയപ്പോള്‍ മറ്റൊരാളെ ആക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും ബെന്നി.പി. നായരമ്പലം പറയുന്നു. അതിന് ശേഷം സിദ്ദിഖ് ലാലിലെ ലാലിനെ ആകാമെന്ന് തീരുമാനിച്ചെന്നും അവസാനമാണ് ബിജു മേനോനിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബിജു മേനോന് പകരം മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ആ റോള്‍ ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത് സുരേഷ് ഗോപി ആയിരുന്നു. അദ്ദേഹം വളരെ സന്തോഷത്തോടെ ചെയ്യാമെന്ന് സമ്മതിച്ചു.
അതിന് ശേഷം ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് എനിക്ക് വേറൊരു ചിന്ത വരുന്നത്. സുരേഷേട്ടനാകുമ്പോള്‍ ആളുകള്‍ക്ക് പ്രെഡിക്റ്റബിള്‍ ആകുമോ ഇത്, കാരണം പ്രേക്ഷകര്‍ സിനിമ തുടങ്ങുമ്പോള്‍ മുതല്‍ എന്തൊക്കെ കുഴപ്പം കാണിച്ചാലും ക്ലൈമാക്സില്‍ സുരേഷേട്ടന്‍ നന്നാകും എന്തായാലും വില്ലന്‍ ആയിട്ട് മാറില്ല എന്നൊരു മുന്‍ധാരണ ആളുകള്‍ക്ക് ഉണ്ടാകില്ലേ എന്നെനിക്ക് തോന്നി.
ഞാന്‍ അപ്പോള്‍ തന്നെ സുരേഷേട്ടനെ വിളിച്ചിട്ട് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം ഓക്കേ, കുഴപ്പമില്ല എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ആലോചിച്ച് എത്തിയത് സിദ്ദിഖ്-ലാലിലെ ലാലേട്ടനില്‍ ആയിരുന്നു. അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് അദ്ദേഹം വിളിച്ചിട്ട് പറഞ്ഞു ‘ബെന്നി ഇങ്ങനെ വേറൊരു പടത്തിന്റെ ഡേറ്റുമായി ചെറിയൊരു ക്ലാഷ് വന്നിട്ടുണ്ട്’.
അങ്ങനെ ഞങ്ങള്‍ക്ക് വീണ്ടും വേറൊരാളെ അന്വേഷിക്കേണ്ടതായിട്ട് വന്നു. അപ്പോഴാണ് ബിജു മേനോന്‍ ആണെങ്കില്‍ എങ്ങനെ ഉണ്ടാകും എന്ന് ആലോചിക്കുന്നത്. കഥ കേട്ടപ്പോള്‍ വളരെ ആവേശത്തോടെ ബിജു ആ കഥാപാത്രത്തെ ചെയ്യാം എന്ന് പറഞ്ഞു,’ ബെന്നി.പി. നായരമ്പലം പറയുന്നു.
Content Highlight: Benny P Nayarambalam Says Suresh Gopi to play the role of Biju Menon in Marykkundoru Kunjaadu