മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം. 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി. സാറാസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചു.
മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ രാജന്‍ പി. ദേവിനെക്കുറിച്ച് സംസാരിക്കുകയാണ് ബെന്നി പി. നായരമ്പലം. സിനിമയില്‍ തനിക്ക് ഒരുപാട് ബഹുമാനമുണ്ടായിരുന്ന നടനായിരുന്നു രാജന്‍ പി. ദേവെന്ന് ബെന്നി പറഞ്ഞു. അസുഖബാധിതനായി ഇരിക്കുന്ന സമയത്തും അദ്ദേഹം ഓടിനടന്ന് സിനിമകള്‍ ചെയ്യുമായിരുന്നെന്നും അത് കണ്ട് തനിക്ക് ടെന്‍ഷനാകുമായിരുന്നെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.
വിശ്രമിക്കാന്‍ താന്‍ ആവശ്യപ്പെടുമെന്നും എന്നാല്‍ വീട്ടിലിരുന്നാലാണ് കൂടുതല്‍ രോഗിയാവുന്നതെന്ന് രാജന്‍ പി. ദേവ് മറുപടി നല്‍കിയെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. ചട്ടമ്പിനാടിന്റെ സ്‌ക്രിപ്റ്റ് എഴുതന്ന സമയത്ത് അദ്ദേഹം തന്നെ വിളിച്ചെന്നും ആ സിനിമയിലേക്ക് വേഷമില്ലാത്ത് എന്താണെന്ന് ചോദിച്ചെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.
പൊള്ളാച്ചിയിലാണ് ഷൂട്ടെന്നും അവിടം വരെ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതുകൊണ്ട് വേണ്ടെന്ന് വെച്ചെന്ന് മറുപടി നല്‍കിയെന്നും ബെന്നി പറഞ്ഞു. ഒടുവില്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കസേരയില്‍ ഇരിക്കുന്ന ഒരു ഗുണ്ടയുടെ കഥാപാത്രത്തെ രാജന്‍ പി. ദേവിന് ഉണ്ടാക്കിയെന്ന് ബെന്നി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം നമ്മളെ വിട്ടുപോയെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ബെന്നി പി. നായരമ്പലം.
‘സിനിമയില്‍ എനിക്ക് ഒരുപാട് ബഹുമാനമുള്ള നടന്മാരില്‍ ഒരാളാണ് രാജന്‍ ചേട്ടന്‍. അവസാനകാലങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. എന്നിട്ടും അതൊന്നും വകവെക്കാതെ ഓടിനടന്ന് സിനിമകള്‍ ചെയ്യുമായിരുന്നു. അതൊക്കെ കാണുമ്പോള്‍ ഞാന്‍ പുള്ളിയോട് വിശ്രമിക്കാന്‍ പറയും.
‘എടാ, വയ്യാ എന്ന് പറഞ്ഞ് വീട്ടില്‍ തന്നെയിരുന്നാല്‍ കൂടുതല്‍ രോഗിയാവും. അതിന് പകരമാണ് ഇങ്ങനെ ചെയ്യുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയിരിക്കുമ്പോഴാണ് ചട്ടമ്പിനാടിന്റെ സ്‌ക്രിപ്റ്റ് എഴുതാന്‍ വേണ്ടി ഞാന്‍ ഇരുന്നത്. ഒരുദിവസം രാജന്‍ ചേട്ടന്‍ എന്നെ വിളിച്ചിട്ട് ‘ചട്ടമ്പിനാടില്‍ എന്തെങ്കിലും വേഷമുണ്ടോ, നീ ഒന്നും പറഞ്ഞില്ലല്ലോ’ എന്ന് ചോദിച്ചു.
പൊള്ളാച്ചിയിലാണ് ഷൂട്ടെന്നും അവിടം വരെ യാത്ര ചെയ്യാന്‍ പറ്റുമോ എന്നും ചോദിച്ചു. അതിലൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് വേണ്ടി ഒരു ക്യാരക്ടര്‍ ഉണ്ടാക്കി. കസേരയില്‍ ഇരിക്കുന്ന പഴയ ഗുണ്ട എന്ന രീതിയലാണ് ആ ക്യാരക്ടറിനെ ഉണ്ടാക്കിയത്. പക്ഷേ, ആ സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം നമ്മളെ വിട്ട് പോയി, ആ വേഷം പിന്നീട് ജനാര്‍ദനന്‍ ചേട്ടന്‍ ചെയ്തു.’ ബെന്നി പി. നായരമ്പലം പറഞ്ഞു.
Content Highlight: Benny P Nayarambalam says he wrote a character for Rajan P Dev in Chattambinadu movie