മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം. 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, ചന്തുപൊട്ട്, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തൂലിക ചലിപ്പിച്ചു. സാറാസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചു.
ഷാഫി സംവിധാനം ചെയ്ത് 2005ല്‍ റിലീസായ ചിത്രമായിരുന്നു തൊമ്മനും മക്കളും. രാജന്‍ പി.ദേവ് ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തില്‍ മമ്മൂട്ടിയും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കോമഡിയും മാസും സമാസമം ചേര്‍ന്ന ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ചിത്രത്തിന്റെ കഥ പൂര്‍ത്തിയായ സമയത്ത് ടൈറ്റില്‍ റോളില്‍ മോഹന്‍ലാലിനെയായിരുന്നു മനസില്‍ ഉദ്ദേശിച്ചതെന്ന് ബെന്നി പറഞ്ഞു.
തൊമ്മന്‍ എന്ന ക്യാരക്ടറായി മോഹന്‍ലാലിനെയും മക്കളായി പൃഥ്വിരാജിനെയും ജയസൂര്യയെയുമാണ് ഉദ്ദേശിച്ചതെന്ന് ബെന്നി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന് കഥ ഇഷ്ടമായെന്നും ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്‌തെന്ന് ബെന്നി പറഞ്ഞു. എന്നാല്‍ ആ സമയത്ത് പൃഥ്വി തമിഴ് സിനിമയുടെ തിരക്കിലായതിനാല്‍ നടക്കാതെ പോയെന്നും പിന്നീട് ആ കഥയിലേക്ക് മമ്മൂട്ടി വന്നെന്നും ബെന്നി പറഞ്ഞു.
‘തൊമ്മനും മക്കളും എന്ന സിനിമയുടെ കഥ എഴുതിത്തീര്‍ന്നപ്പോള്‍ തൊമ്മനായി മനസില്‍ വന്നത് മോഹന്‍ലാലിനെയായിരുന്നു. രണ്ട് മക്കളുടെ ക്യാരക്ടറിലേക്ക് പൃഥ്വിയും ജയസൂര്യയും. മൊട്ടയൊക്കെ അടിച്ച മോഹന്‍ലാലിനെ ആ സമയത്ത് ആരും കണ്ടിട്ടില്ലായിരുന്നു. പുള്ളി ഓക്കെ പറയുമോ എന്ന് ടെന്‍ഷനായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ നമുക്കിത് ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ പൃഥ്വിയുടെ ഡേറ്റ് ആ സമയത്ത് കിട്ടിയില്ല. ഒരു തമിഴ് സിനിമയുടെ തിരക്കിലായിരുന്നു പൃഥ്വി.
ലാലേട്ടനോട് പറഞ്ഞപ്പോള്‍ ഡേറ്റ് മാറ്റാന്‍ പറ്റില്ലെന്ന് പറഞ്ഞു. ആ ഡേറ്റില്‍ പറഞ്ഞുവെച്ച സിനിമയില്‍ മൊട്ടയടിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്ന് ലാലേട്ടന്‍ പറഞ്ഞു. അങ്ങനെ അവരെ വെച്ച് സിനിമ ചെയ്യാന്‍ പറ്റിയില്ല. പിന്നീടാണ് ഇതിലേക്ക് മമ്മൂക്ക വരുന്നത്. പിന്നീട് ലാല്‍, രാജന്‍ പി. ദേവ് എന്നിവരും ഈ സിനിമയുടെ ഭാഗമായി,’ ബെന്നി പി. നായരമ്പലം പറഞ്ഞു.
Content Highlight: Benny P Nayarambalam saying that Thommanum Makkalum was initially planned for Mohanlal