| Tuesday, 27th June 2023, 7:25 pm

വാഴുന്നോർ എന്നായിരുന്നില്ല ആ ചിത്രത്തിന് ആദ്യം നിർദേശിച്ച പേര്: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാഴുന്നോർ എന്ന ചിത്രത്തിന് ആദ്യം നിർദേശിച്ച പേര് ലൂയി പതിനാറാമൻ എന്നായിരുന്നെന്ന് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. സംവിധായകൻ കമലിന്റെ അസൊസിയേറ്റ് ആയിരുന്ന സൂര്യൻ കൂനിശ്ശേരി എന്ന സംവിധായകൻ ആയിരുന്നു ആദ്യം വാഴുന്നോർ സംവിധാനം ചെയ്യാനിരുന്നതെന്നും പുതിയ സംവിധായകന് ചെയ്യാവുന്നതിലും കൂടുതൽ ഭാരമുള്ള സിനിമയായിരിക്കും എന്ന പേടിയിലാണ് ചിത്രം സൂര്യൻ ചെയ്യാതിരുന്നതെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. സഫാരി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം വാഴുന്നോർ എന്ന ചിത്രം ചെയ്യാനിരുന്നത് സംവിധായകാൻ കമലിന്റെ അസൊസിയേറ്റ് ആയിരുന്ന സൂര്യൻ കൂനിശ്ശേരി എന്ന ആൾ ആയിരുന്നു. വാഴുന്നോർ എന്ന് ആയിരുന്നില്ല ആ ചിത്രത്തിന്റെ പേര്, ലൂയി പതിനാലാമൻ എന്നായിരുന്നു. പതിനാലു മക്കൾ ഉള്ള ഒരാളും, അയാളുടെ പ്രബലരായ മക്കളും ആയിരുന്നു കഥയുടെ ഉള്ളടക്കം. എഴുതിവന്നപ്പോൾ കഥ വളരെ ഹെവി ആയിട്ടുള്ള സബ്ജക്ട് ആയി മാറി. കാരണം ബിസിനസ്സ്കാരും അബ്‌കാരികളും പോലീസ്കാരും ഒക്കെയുള്ള വലിയൊരു കുടുംബത്തിന്റെ കഥയായതുകൊണ്ട് വലിയൊരു തുക ബഡ്‌ജറ്റ്‌ ആവശ്യമായി വന്നു. അങ്ങനെയാണ് അത് വലിയൊരു പ്രൊജക്റ്റ് ആയി മാറിയത്.

ഡിസ്‌ട്രിബ്യൂട്ടർമാരായി സംസാരിച്ചപ്പോൾ ഏല്ലാവർക്കും കഥ ഇഷ്ടമായി. ഒരു പുതിയ സംവിധായകന് താങ്ങാവുന്നതിലും വലിയ ഭാരമാണ് ഈ ചിത്രമെന്ന് എല്ലാവരും പറഞ്ഞു. അതുകൊണ്ടുതന്നെ പലരും ഈ ചിത്രത്തിൽ നിന്ന് പിന്നോട്ട് മാറി. സൂര്യൻ വളരെ കഴിവുള്ള അസ്സോസിയേറ്റ് ആണെന്ന് എനിക്കറിയാമായിരുന്നു. മിക്കവരും ഈ ചിത്രത്തിൽ നിന്ന് പിന്മാറിയതുകൊണ്ട് സൂര്യൻ തന്നെ ഈ സിനിമയിൽ നിന്നും ഒഴിവാകുകയായിരുന്നു,’ ബെന്നി പി. നായരമ്പലം.

സുരേഷ് ഗോപിയുമായി ചർച്ച ചെയ്തപ്പോൾ ചിത്രം എത്രയും പെട്ടെന്ന് ചെയ്യണമെന്നും ഷാജി കൈലാസിനെ സംവിധായകനായി അദ്ദേഹം നിർദേശിച്ചെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു.

‘ഞാൻ സംവിധായകനെ കിട്ടാത്തതിൽ വിഷമിച്ചിരുന്നപ്പോൾ സുരേഷ് ഗോപിയോട് ഇതിനെപ്പറ്റി സംസാരിച്ചു. അപ്പോൾ അദ്ദേഹം ഷാജി കൈലാസിനെ നിർദേശിച്ചു. പക്ഷെ ഷാജി കൈലാസ് മറ്റൊരു ബിഗ് ബജറ്റ് ചിത്രവുമായി തിരക്കായിരുന്നു. പിന്നീട് സുരേഷ് ഗോപി നേരിട്ട് ജോഷി സാറിനെ വിളിക്കുകയായിരുന്നു. അന്ന് രഞ്ജി പണിക്കരുടെ കൂടെ സിനിമയൊക്കെ ചെയ്ത് ജോഷി സാർ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു. സാർ ഈ പ്രൊജക്റ്റ് ചെയ്യുമോ എന്ന് അറിയില്ലായിരുന്നു. സ്ക്രിപ്റ്റ് വായിച്ച അടുത്ത ദിവസം തന്നെ കഥ ഇഷ്ടമായെന്ന് പറഞ്ഞ്‌ ജോഷി സാർ എന്നെ വിളിച്ചു. എനിക്ക് വളരെ സന്തോഷം തോന്നി അന്ന്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlights: Benny P. Nayarambalam on Vazhunnor movie

We use cookies to give you the best possible experience. Learn more