അത് കേട്ടപ്പോൾ ഉഷ ചേച്ചിയുടെ കണ്ണുനിറഞ്ഞു, അത്രയും ഫീലായോ എന്ന് ഞാൻ ചോദിച്ചു: ബെന്നി പി. നായരമ്പലം
Entertainment
അത് കേട്ടപ്പോൾ ഉഷ ചേച്ചിയുടെ കണ്ണുനിറഞ്ഞു, അത്രയും ഫീലായോ എന്ന് ഞാൻ ചോദിച്ചു: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th July 2023, 12:40 pm

പോത്തൻ വാവ എന്ന ചിത്രത്തിൻറെ കഥ പറഞ്ഞപ്പോൾ ഉഷ ഉതുപ്പിന്റെ കണ്ണ് നിറഞ്ഞെന്ന് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. ഉഷ ഉതുപ്പിന്റേത് മിശ്ര വിവാഹം ആയിരുന്നെന്നും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകൾ ആവശ്യമാണെന്നും ഉഷ ഉതുപ്പ് പറഞ്ഞതായി ബെന്നി പി. നായരമ്പലം പറഞ്ഞു. സഫാരി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പോത്തൻ വാവ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ മമ്മൂക്കക്ക് ഓക്കേ ആയായിരുന്നു. പക്ഷെ ചിത്രത്തിലേക്ക് ശക്തയായ ഒരു സ്ത്രീ കഥാപാത്രം വേണമെന്ന് പറഞ്ഞു, വക്കീലമ്മ എന്ന ക്രിസ്ത്യാനി ആയിട്ടുള്ള കഥാപാത്രം. അവർ ഒരു തന്റേടിയായിട്ടുള്ള വക്കീൽ ആണ്. സിനിമയിലുള്ള ആരെയാണ് ആ വേഷത്തിലേക്ക് തെരഞ്ഞെടുക്കുക എന്നുള്ള സംശയം ഉണ്ടായി.

ഈ കഥാപാത്രത്തിലേക്ക് പുതുതായിട്ട് ആരെയെങ്കിലും കൊണ്ടുവരണമെന്ന് ലാലേട്ടൻ (നടൻ ലാൽ) പറഞ്ഞു. നാടകത്തിൽ ആരെങ്കിലും ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. എനിക്കാരെയും മനസിലേക്ക് വന്നില്ല. പുള്ളി ഒരു ഉദാഹരണം പറഞ്ഞത് ഗോഡ് ഫാദർ എന്ന ചിത്രത്തിൽ എൻ. എം പിള്ള സാറിനെ കൊണ്ടുവന്നതാണ്. മറ്റ് രംഗങ്ങളിൽ ഉള്ളവരായാലും കുഴപ്പമില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് ഗായിക ഉഷ ഉതുപ്പ് ഞങ്ങളുടെ മനസിലേക്ക് വന്നത്. ചട്ടയും മുണ്ടും ഉടുത്ത കഥാപാത്രം
ഞങ്ങളുടെ എല്ലാവരുടെയും മനസിലേക്ക് വന്നു. എങ്ങനെയാണ് അത് ചേച്ചിയോട് ചോദിക്കുക അല്ലെങ്കിൽ അവർ സമ്മതിക്കുമോ എന്നുള്ള സംശയമൊക്കെ ഞങ്ങൾക്ക് ഉണ്ടായിരുന്നു.

ചേച്ചിയെ കാണാൻ കൽക്കട്ടയിലേക്ക് പോകാനിരുന്നപ്പോൾ ഭാഗ്യത്തിന് ചേച്ചി കൊച്ചിയിലേക്ക് വന്നു. ഞാനും ലാലേട്ടനും ചേച്ചിയുടെ കൊച്ചിയിലെ വീട്ടിൽ ചെന്ന് കണ്ടു. ഈ കഥ കേട്ടപാടെ ചേച്ചിയുടെ കണ്ണൊക്കെ നിറഞ്ഞു. അത്രയും ഫീൽ ചെയ്‌തോ എന്ന് ഞങ്ങൾ ചോദിച്ചു. എന്റെ ജീവിതവുമായി ഈ ചിത്രത്തിന് വളരെ ബന്ധമുണ്ട്, ഞാനും മിശ്ര വിവാഹം ആണെന്ന് ചേച്ചി പറഞ്ഞു. ഇത്തരം കഥകൾ വേണമെന്നും വളരെ നല്ല കഥയാണെന്നും ചേച്ചി പറഞ്ഞു. വളരെ ആവേശത്തോടെയാണ് കഥാപാത്രം ചെയ്യാമെന്ന് ചേച്ചി സമ്മതിച്ചത്.

ചേച്ചി ലൊക്കേഷനിലെ എല്ലാവരോടും വളരെ നന്നായിട്ടാണ് പെരുമാറിയിരുന്നത്. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ്‌ ചേച്ചി. എല്ലാ ദിവസവും എന്തെങ്കിലും പലഹാരമായിട്ടാണ് ലൊക്കേഷനിൽ എത്തുക. പലർക്കും വസ്ത്രങ്ങൾ വാങ്ങി കൊടുക്കുമായിരുന്നു. ഒരു ദിവസം യൂണിറ്റിലെ എല്ലാവർക്കും പോത്തൻ വാവ എന്നെഴുതിയ ടീഷർട്ട് വാങ്ങി കൊടുത്തു. മധുര പലഹാരങ്ങൾ ഇല്ലാതെ ഒരു ദിവസം പോലും ചേച്ചി ലൊക്കേഷനിൽ വന്നിട്ടില്ല,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlights: Benny P. Nayarambalam on Usha Uthupp