‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിൽ തൊമ്മൻ എന്ന കഥാപാത്രമാക്കാൻ തീരുമാനിച്ചിരുന്നത് നടൻ ലാലിനെയെന്ന് തിരക്കഥാകൃത്ത് ബെന്നി. പി. നായരമ്പലം. അദ്ദേഹത്തിന്റെ മക്കളാക്കാൻ പൃഥ്വിരാജിനെയും ജയസൂര്യയെയുമാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സഫാരി ടി.വി ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തൊമ്മനും മക്കളും എന്ന ചിത്രത്തിൽ തൊമ്മൻ ആയിട്ട് ആദ്യം തീരുമാനിച്ചിരുന്നത്
നടൻ ലാലിനെയാണ്. ലാലിന്റെ ഗെറ്റപ്പൊക്ക മാറ്റി മുടിയൊക്കെ നരപിച്ച് വയസ്സനായ ഒരു മോഷ്ടാവ്, അദ്ദേഹത്തിന്റെ മക്കളായി പ്രിത്വിരാജും ജയസൂര്യയും. ഈ കാസ്റ്റിങ്ങാണ് ഞങ്ങൾ ഉറപ്പിച്ചിരുന്നത്.
പൃഥ്വിയുമായും, ജയസൂര്യയുമായും സംസാരിച്ച് തീയതി ഒക്കെ ഫിക്സ് ചെയ്തിരുന്നു. രാജുവിനെ വിളിച്ച് സംസാരിച്ചു. രാജുവിനോട് ഞാൻ തൊമ്മനും മക്കളും എന്ന കഥ ഓർഡറിൽ പറഞ്ഞു. പൃഥ്വിരാജ് വളരെ ചിരിച്ച് ആസ്വദിച്ച് കഥ കേട്ടു. ‘ഞാൻ ഈ ടൈപ്പ് പടം ചെയ്തിട്ടില്ല, നല്ല രസമുണ്ട് കേൾക്കാൻ’ എന്നും രാജു പറഞ്ഞു. പക്ഷെ ഒരു തമിഴ് പടത്തിന്റെ ഡേറ്റും ഞങ്ങളുടെ പടത്തിന്റെ ഡേറ്റും തമ്മിൽ ഒരു ക്ളാഷ് വരുമെന്ന സൂചന നേരത്തെ തന്നിരുന്നു. അത് മണിരത്നത്തിന്റെ സിനിമ ആയിരുന്നെന്ന് എനിക്ക് തോന്നുന്നു. രാജു ശ്രമിക്കാം എന്ന് പറഞ്ഞെങ്കിലും ആ ചിത്രത്തിൻറെ ഡേറ്റ് നമ്മുടെ ചിത്രത്തിന്റെ സമയത്ത് ഷെഡ്യൂൾ ആകുകയും ചെയ്തു.
തൊമ്മനും മക്കളും രണ്ട് ഷെഡ്യൂൾ ആക്കി ചെയ്യേണ്ടി വരുമെന്ന് തോന്നിയപ്പോൾ, ഡേറ്റ് നീട്ടാൻ പറ്റില്ല അത് സിനിമയെ ബാധിക്കുമെന്ന് ലാൽ പറഞ്ഞു. അപ്പോൾ വിഷമത്തോടെ ആണെങ്കിലും രാജു സ്വയം ഒഴിഞ്ഞുമാറി,’ ബെന്നി. പി നായരമ്പലം പറഞ്ഞു.
Content Highlights: Benny P. Nayarambalam on Thommanum Makkalaum movie