ജഗദീഷിനെ സംരക്ഷിക്കാനായി ഞാനും അലി അക്ബറും ചേര്‍ന്ന് അയാളെ അടിച്ച് താഴെയിട്ടു: ബെന്നി പി. നായരമ്പലം
Entertainment news
ജഗദീഷിനെ സംരക്ഷിക്കാനായി ഞാനും അലി അക്ബറും ചേര്‍ന്ന് അയാളെ അടിച്ച് താഴെയിട്ടു: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th June 2023, 2:06 pm

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചയാളെ ലൊക്കേഷനില്‍ വെച്ച് കായികമായി നേരിട്ട കഥപറഞ്ഞ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. സംവിധായകന്‍ അലി അക്ബറിനോടൊപ്പം ഗ്രാമപഞ്ചായത്ത് എന്ന സിനിമയുടെ പെരുമ്പാവൂരിലുള്ള ലൊക്കേഷനില്‍ വെച്ചാണ് ബെന്നി പി.നായരമ്പലം മദ്യപിച്ച് സ്ത്രീത്വത്തെ അപമാനിച്ച നാട്ടുകാരനായ യുവാവിനെ കായികമായി നേരിട്ടത്. ജഗദീഷിനടുത്ത് വന്ന് സിനിമയില്‍ അഭിനയിക്കുന്ന ഒരു നടിയെ കുറിച്ച് മോശമായി സംസാരിക്കുകയും അത് ചോദ്യം ചെയ്ത ജഗദീഷിനെ മദ്യപാനിയായ ആള്‍ ഉപദ്രവിക്കാന്‍ മുതിരുകയും ചെയ്തപ്പോഴാണ് തങ്ങള്‍ ഇടപെട്ടതെന്നും സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ബെന്നി പി. നായരമ്പലം പറഞ്ഞു.

‘ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയുടെ വിജയത്തിന് ശേഷം ഞാനും അലി അക്ബറും ഒരുമിച്ച സിനിമയായിരുന്നു ഗ്രാമപഞ്ചായത്ത്. ജഗദീഷിനെ ഹീറോയായിട്ടാണ് ആ സിനിമ പ്ലാന്‍ ചെയ്തിരുന്നത്. ആ സിനിമയുടെ ഷൂട്ടിങ്‌ ലൊക്കേഷനില്‍ വെച്ച് ഒരു അനുഭവമുണ്ടായി. എന്റെ ജീവിതത്തില്‍ ആദ്യമായും ഇനിയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതുമായ ഒരു അനുഭവം.

എഴുത്തുകാരന്‍ പ്രതികരിക്കേണ്ടത് അവന്റെ രചനകളിലൂടെയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ ജീവിതത്തിന്റെ ചില പ്രത്യേക സാഹചര്യങ്ങളില്‍ അങ്ങനെയല്ലാതെയും നമുക്ക് പ്രതികരിക്കേണ്ടി വരാറുണ്ട്. അത് ശരിയാണോ തെറ്റാണോ എന്ന ചോദ്യം എന്നോട് തന്നെ ചോദിക്കേണ്ടി വന്ന നിമിഷങ്ങളുണ്ടായിട്ടുണ്ട്. അത്തരമൊരു അനുഭവമായിരുന്നു അത്.

പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമാണ് ഗ്രാമപഞ്ചായത്ത് എന്ന സിനിമ ഷൂട്ട് ചെയ്തിരുന്നത്. ഞാന്‍ എല്ലായ്‌പ്പോഴും ഒരു സിനിമയുടെ സെറ്റില്‍ പൂര്‍ണമായും സംവിധായകനോടൊപ്പം നില്‍ക്കാറുണ്ട്. അന്നും ഇന്നും അങ്ങനെയാണ്. അലി അക്ബറിന്റെ കൂടെ ആ സിനിമയുടെ ലൊക്കേഷനിലും ഞാന്‍ ഉണ്ടായിരുന്നു. വളരെ സമാധാനപൂര്‍വം ഷൂട്ടിങ് മുന്നോട്ട് പോകുകയായിരുന്നു.

പെരുമ്പാവൂരിലെ വിവിധ ഭാഗങ്ങളില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കെ ഒരു സോങ് ഷൂട്ട് ചെയ്യാനായി ആല്‍മരമുള്ള, ജംഗ്ഷനുള്ള ലൊക്കേഷനിലേക്ക് ഷിഫ്റ്റ് ചെയ്തു. ആ പ്രദേശത്ത് നിന്ന് തന്നെയുള്ള ഒരുപാട് പെണ്‍കുട്ടികളെ ആ സോങ്ങിലേക്ക് അഭിനയിക്കാന്‍ വേണ്ടി സെലക്ട് ചെയ്തിരുന്നു. കാവേരിയും ജഗദീഷും ജോഡിയായി അഭിനയിക്കുന്ന സിനിമയായിരുന്നു അത്.

ആല്‍മരമുള്ള ലൊക്കേഷനിലേക്ക് ഞാനും അലി അക്ബറും ഒരു കാറിലും ജഗദീഷ് മറ്റൊരു കാറിലുമായിരുന്നു വന്നത്. ജഗദീഷാണ് ആദ്യം ലൊക്കേഷനിലേക്ക് എത്തിയത്. ഷൂട്ടിങ് കാണാന്‍ വേണ്ടി ജനങ്ങള്‍ കൂടിയിരുന്നു അവിടെ. ജഗദീഷ് എത്തുന്നതിന് മുമ്പ് തന്നെ ഒപ്പന കളിക്കുന്ന ഡാന്‍സേഴ്‌സായിട്ടുള്ള പെണ്‍കുട്ടികളും ലൊക്കേഷനിലെത്തിയിരുന്നു. അവര്‍ വന്ന് ഒരു സൈഡില്‍ ഇരിക്കാന്‍ പോകുമ്പോള്‍ തന്നെ ഷൂട്ടിങ് കാണാന്‍ വന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ മദ്യപിച്ച് ഓരോരുത്തരെയും നോക്കി കമന്റ്‌സ് പറയുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളെ നോക്കി ഇതാണോ നായിക എന്നൊക്കെയുള്ള കമന്റുകളായിരുന്നു.

പരിഹസിച്ച്, ശബ്ദമുയര്‍ത്തിയുള്ള അയാളുടെ കമന്റുകള്‍ കേട്ട് കൂട്ടംകൂടി നിന്ന ആളുകള്‍ ചിരിക്കുന്നുമുണ്ട്. ആ നാട്ടില്‍ തന്നെയുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അയാള്‍. ഞാനും അലി അക്ബറും ഇത് കാണുന്നുണ്ടെങ്കിലും ഞങ്ങള്‍ ഷോട്ട് എടുക്കുന്ന കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ഈ ചെറുപ്പക്കാരന്‍ ജഗദീഷിനടുത്തേക്ക് ഓടി വന്ന് തോളില്‍ കൈയിട്ട് ചെവിയില്‍ എന്തോ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഒരു കാര്യമാണ് അയാള്‍ പറഞ്ഞത്. അത് കേട്ട് ക്ഷുഭിതനായ ജഗദീഷ് എന്ത് വൃത്തികേടാണ് താന്‍ പറഞ്ഞത് എന്ന് ചോദിച്ചു. ജഗദീഷ് ഷൗട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. ഒരു സഹായത്തിനെന്ന പോലെ ജഗദീഷ് ബെന്നീ എന്ന് വിളിക്കുന്നതും ഞാന്‍ കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ ഇയാള്‍ ജഗദീഷിന്റെ നെഞ്ചില്‍ പിടിച്ച് തള്ളുകയും ജഗദീഷിനെ ആക്രമിക്കാനായി കയ്യോങ്ങുന്നതുമാണ് ഞാന്‍ കണ്ടത്.

ജഗദീഷിനെ ഇവന്‍ അടിക്കുമെന്ന ഒരു ഘട്ടമെത്തിയപ്പോള്‍ ഞാന്‍ ഓടിയെത്തി അയാളെ കായികമായി നേരിട്ടു. എന്റെ അടിയേറ്റ് അയാള്‍ മറിഞ്ഞ് വീണു. അത് കണ്ട് അലി അക്ബറും ഓടിയെത്തി അയാളെ നേരിട്ടു. അവര്‍ തിരിച്ച് ആക്രമിക്കാന്‍ ഒരുങ്ങിയപ്പോള്‍ ജഗദീഷിനെ സംരക്ഷിക്കാന്‍ വേണ്ടി ഞങ്ങള്‍ രണ്ട് പേരും കൂടി അവനെ കായികമായി കീഴ്‌പ്പെടുത്തി.

പക്ഷെ നാട്ടുകാര്‍ അവന്റെ കൂടെ ചേര്‍ന്ന് ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഞങ്ങളുടെ നാട്ടില്‍ വന്ന് സിനിമാക്കാര്‍ ഞങ്ങളില്‍ ഒരുത്തനെ കൈവെക്കുന്നോ എന്നൊക്കെ ചോദിച്ചു. ജഗദീഷ് ക്ഷുഭിതനായി നാട്ടുകാരോടും ഇവന്‍ പറഞ്ഞതെന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു. പ്രകടമായി പറയാന്‍ പറ്റില്ല, അത്രയും വൃത്തികേടാണ് അവന്‍ ഞങ്ങളുടെ കൂടെയുള്ള സ്ത്രീയെ കുറിച്ച് പറഞ്ഞതെന്നും ജഗദീഷ് പറഞ്ഞു.

എഴുത്തുകാരനെന്ന നിലയില്‍ എന്നെ പെട്ടെന്ന് തിരിച്ചറിയില്ലെന്നാണ് അന്ന് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷെ മര്‍ദ്ദനമേറ്റയാള്‍ ഉച്ചത്തില്‍ പറയുന്നത് ബെന്നി പി. നായരമ്പലമാണ് എന്നെ മര്‍ദ്ദിച്ചത് എന്നായിരുന്നു. ബെന്നി പി. നായരമ്പലത്തിനെ തല്ലണമെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും പ്രൊഡക്ഷനിലുണ്ടായിരുന്ന ആളുകള്‍ വന്ന് എന്നോട് കാറിലിരിക്കാന്‍ പറഞ്ഞു. അന്തരീക്ഷം ശാന്തമാകട്ടെ എന്ന് കരുതി ഞാനും അലി അക്ബറും ഞങ്ങള്‍ വന്ന കാറില്‍ തന്നെ കയറിയിരുന്നു. ജഗദീഷ് അപ്പോഴും ആളുകളുമായി തര്‍ക്കിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവന്‍ അസഭ്യം പറഞ്ഞാല്‍ തന്നെ നിങ്ങളെന്തിനാണ് അവനെ ഉപദ്രവിച്ചത്, പൊലീസില്‍ പരാതി നല്‍കിയാല്‍ പോരായിരുന്നോ എന്ന് ചോദിച്ചാണ് ജനങ്ങള്‍ തര്‍ക്കിക്കുന്നത്. എന്നെ ഉപദ്രവിച്ചത് നിങ്ങള്‍ കണ്ടില്ലേ എന്ന് ജഗദീഷും അവരോട് ചോദിക്കുന്നുണ്ടായിരുന്നു. ഈ രീതിയില്‍ കാര്യങ്ങള്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങി. ജനങ്ങളെല്ലാം അവനെ ന്യായീകരിച്ച് കൊണ്ട് വന്നപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു.

പക്ഷെ അതിനിടയില്‍ പ്രൊഡക്ഷനിലുള്ള ഷാനി എന്നൊരു പയ്യന്‍ ആരെയോ ഫോണ്‍ ചെയ്യുന്നത് കണ്ടു. പെട്ടെന്ന് തന്നെ നാല് ബുള്ളറ്റുകളിലായി കുറെ ചെറുപ്പക്കാര്‍ അവിടെയെത്തി. അവരെത്തി ബഹളമുണ്ടാക്കിയ നാട്ടുകാരോട് ആരാണ് സിനിമാക്കാര്‍ക്കെതിരെ പ്രശ്‌നമുണ്ടാക്കുന്നത് എന്ന് ചോദിച്ചു. അവരെ നമ്മുടെ നാട്ടില്‍ വന്ന് സമാധാനമായി ഷൂട്ട് ചെയ്യാന്‍ നിങ്ങള്‍ സമ്മതിക്കില്ലേ എന്നൊക്കെ ചോദിച്ചപ്പോഴേക്ക് ബഹളമുണ്ടാക്കിയ ആളുകള്‍ ഒതുങ്ങി.

പെരുമ്പാവൂര്‍ ടൗണിലുള്ള പിള്ളേരാണ് ആ വന്നത്. ഇവിടെ പ്രശ്‌നമുണ്ടാക്കിയിട്ട് ടൗണിലേക്ക് ആരെങ്കിലും വരുമോ എന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഒരുത്തനെയും ടൗണില്‍ കാലുകുത്താന്‍ സമ്മതിക്കില്ല എന്നും അവര്‍ പറയുന്നുണ്ടായിരുന്നു. ഇവര്‍ വന്നതോടെ ജനം ശാന്തമായി പിരിഞ്ഞുപോയി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയവനും അവിടെ നിന്ന് പോയി. ഈ പിള്ളേര്‍ വന്ന് അലി അക്ബറിനോട് ധൈര്യമായി ഷൂട്ട് ചെയ്യാന്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ തത്കാലം ഷൂട്ടിങ് നിര്‍ത്തി ഹോട്ടലിലേക്ക് തന്നെ തിരിച്ച് പോയി.

നല്ലൊരു പോര്‍ഷന്‍ അവിടെ വെച്ച് എടുത്തിരുന്നതിനാല്‍ ഇനി ലൊക്കേഷന്‍ മാറ്റലൊക്കെ കണ്ടിന്യൂയിറ്റിയെ ബാധിക്കുമായിരുന്നു. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോഴാണ് ആ നാട്ടിലെ പഞ്ചായത്ത് പ്രസിഡണ്ടും മുതിര്‍ന്ന കുറച്ചാളുകളും ഈ പ്രശ്‌നമുണ്ടാക്കിയ ചെറുപ്പക്കാരനുമായി ഹോട്ടലിലെത്തി, അവനുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് മാപ്പ് പറഞ്ഞത്. അവിടെ തന്നെ ഷൂട്ടിങ് തുടരണമെന്നും അവര്‍ പറഞ്ഞു. മദ്യലഹരിയില്‍ പറ്റിപ്പോയതാണെന്ന് പറഞ്ഞ് ആ ചെറുപ്പക്കാരനും മാപ്പ് പറഞ്ഞു. അവന്‍ പറഞ്ഞത് തെറ്റാണെങ്കിലും അവനെ കായികമായി നേരിട്ടത് തെറ്റായിപ്പോയെന്ന ചിന്ത എനിക്കും അലി അക്ബറിനും ഉണ്ടായിരുന്നതിനാല്‍ തല്ലിപ്പോയതില്‍ ഞാനും ആ ചെറുപ്പക്കാരനോട് സോറി പറഞ്ഞു. അവിടെ തന്നെ ഷൂട്ടിങ് തുടരുകയും ചെയ്തു,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

content highlight: Benny P. Nayarambalam on the sportive encounter with a man at the shooting location