വീട്ടില്‍ സഹോദരിയുടെ വിവാഹത്തിന്റെ അത്താഴ ഊട്ട് നടക്കുമ്പോള്‍ താന്‍ ഒരു അമ്പലപ്പറമ്പിലിരുന്ന് അമ്പലച്ചോറ് കഴിക്കുകയായിരുന്നു എന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബെന്നി പി.നായരമ്പലം. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമ്പോള്‍ ചില നഷ്ടങ്ങളും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലും അത് സംഭവിച്ചിട്ടുണ്ടെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമ്പോള്‍ ചില നഷ്ടങ്ങളും നമുക്ക് സംഭവിക്കും. എന്റെ ജീവിതത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്റെ വീട്ടില്‍ ഞങ്ങള്‍ ആറ് മക്കളായിരുന്നു. ഏറ്റവും മൂത്തത് മരിച്ചുപോയ ചേച്ചി, പിന്നെ നാല് ആണ്‍മക്കള്‍, ആണ്‍മക്കളില്‍ ഏറ്റവും ഇളയത് ഞാനായിരുന്നു, എനിക്ക് താഴെ ഒരു പെങ്ങളുണ്ട് ഷീബ.
എന്റെ ആദ്യ നാടകം ഭയങ്കരമായി കളിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് എന്റെ പെങ്ങളുടെ കല്യാണം ഉറപ്പിക്കുന്നത്. ഒരു ദിവസം തന്നെ രണ്ട് നാടകങ്ങള്‍ ഉള്ള കാലമായിരുന്നു അത്. ഒരു മാസം തന്നെ 60 നാടകമായിരുന്നു അന്നുണ്ടായിരുന്നത്. മെയ് 31 ആകണം നാടകങ്ങളുടെ സീസണ്‍ അവസാനിക്കുക. അതിനിടയില്‍ കല്യാണം നടന്നേ പറ്റൂ. അത് സാരമില്ലെന്ന് പറഞ്ഞ് കല്യാണം ഉറപ്പിച്ചു. വീട്ടില്‍ അത്താഴ ഊട്ടിന്റെ സമയത്ത് ഞാന്‍ നാടകം കളിക്കാന്‍ പോയതായിരുന്നു. ദൂരെയായിരുന്നു നാടകം. രാത്രി തിരിച്ചുവരാമെന്ന രീതിയില്‍ സ്‌കൂട്ടറിലായിരുന്നു യാത്ര.
അമ്പലത്തില്‍ രാത്രി 7 മണിക്കായിരുന്നു നാടകം. നാടകം കഴിഞ്ഞ് അമ്പലക്കമ്മറ്റിയുടെ ഭക്ഷണമുണ്ടായിരുന്നു. പച്ചക്കറി മാത്രമുള്ള ഭക്ഷണം ഊട്ടുപുരയിലെ പായയില്‍ നിരന്നിരുന്ന് ആ ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ വീട്ടില്‍ പെങ്ങളുടെ കല്യാണത്തിന്റെ അത്താഴ ഊട്ട് നടക്കുകയാണ്. എന്റെ വീട്ടില്‍ ബന്ധുക്കളും നാട്ടുകാരുമൊക്കെ അത്താഴ ഊട്ടിന്റെ ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ അമ്പലപ്പറമ്പിലിരുന്ന് അമ്പലച്ചോറ് കഴിക്കുകയായിരുന്നു.
ആ സമയത്ത് എനിക്ക് വളരെ സങ്കടമായി. പ്രോഗ്രാമെല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞിരുന്നു. കല്യാണത്തിന് അലങ്കരിച്ച ലൈറ്റുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എല്ലാവരും കിടന്ന് ഉറങ്ങിയിട്ടുണ്ട്. അടുത്ത ദിവസം കല്യാണം ആയത് കൊണ്ട് വളരെ നിശ്ബ്ദമായിരുന്നു. ഞാന്‍ വാതില്‍ തട്ടി,തുറന്ന് അകത്ത് കയറി കിടന്ന് ഉറങ്ങുകയും ചെയ്തു,’ ബെന്നി പി.നായരമ്പലം പറഞ്ഞു.
CONTENT HIGHLIGHTS; Benny P. Nayarambalam on the losses in life