| Friday, 7th July 2023, 7:30 pm

സുരാജ് ഒരു കുസൃതിയുടെ പുറത്ത് അയാളെ പറ്റിച്ചു, രണ്ട് ദിവസത്തോളം അയാൾ ഒന്നും കഴിക്കാതിരുന്നു: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അണ്ണൻ തമ്പി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടിയുടെ ജിം ട്രെയ്നറെ സുരാജ് പറ്റിച്ചിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് ബെന്നി.പി നായരമ്പലം. ഷൂട്ടിംഗ് സെറ്റിൽ നിന്നും ലഭിക്കുന്ന ആഹാരത്തിന് പണം കൊടുക്കണമെന്ന് പറഞ്ഞ്‌ പറ്റിച്ചെന്നും രണ്ട് ദിവസത്തോളം അയാൾ ഭക്ഷണം കഴിച്ചില്ലെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. സഫാരി ടി.വിക്ക്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അണ്ണൻ തമ്പി എന്ന ചിത്രത്തിന്റെ ലൊക്കേഷൻ പൊള്ളാച്ചിയിൽ ആയിരുന്നു. മമ്മൂക്കക്ക് ഷൂട്ടിങ് കഴിഞ്ഞ്‌ ബോഡി ബിൽഡിങ് ചെയ്യുന്ന ശീലമുണ്ട്. അതിനായി അദ്ദേഹത്തിന്റെ കൂടെ ഒരു ട്രെയിനർ പയ്യൻ ഉണ്ടായിരുന്നു. പുള്ളിക്കാരൻ ആദ്യമായിട്ടാണ് ഷൂട്ടിങ് കാണുന്നതും ഷൂട്ടിങ് ലൊക്കേഷനിൽ എത്തുന്നതും. ഷൂട്ടിങ് ഒക്കെ കണ്ടപ്പോൾ പുള്ളിക്ക് നല്ല കൗതുകം ആയിരുന്നു, അവിടെ നടക്കുന്നതൊക്കെ പുള്ളി നന്നായി നിരീക്ഷിക്കുമായിരുന്നു.

പ്രൊഡക്ഷനിൽ എപ്പോഴും എന്തെങ്കിലും ഒക്കെ കഴിക്കാൻ തരുമായിരുന്നു. ഈ ചെറുപ്പക്കാരൻ ചായയും ബിസ്കറ്റുമൊക്കെ കഴിക്കാറുമുണ്ട്. ബോഡി ബിൽഡിംഗ് ജോലി ആയതുകൊണ്ട് ശരീരം ഇപ്പോഴും ആരോഗ്യത്തോടെ കൊണ്ടുനടക്കണം.

സുരാജ് വെഞ്ഞാറമ്മൂട് ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. സെറ്റിൽ ഇപ്പോഴും എന്തെങ്കിലുമൊക്കെ തമാശകൾ ആള് ഒപ്പിക്കും. ചേട്ടാ ട്രെയ്നർ ആയിട്ട് വന്ന ആൾ ഷൂട്ടിങ് സെറ്റിനെപ്പറ്റി കൂടുതൽ അറിവൊന്നും ഉള്ള ആളല്ല, നമുക്ക് ഒന്ന് പറ്റിക്കാം എന്ന് സുരാജ് എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ടാത്ത പണിക്കൊന്നും നിൽക്കണ്ടെന്ന് ഞാൻ പറഞ്ഞു. ഇല്ല ചേട്ടാ ചെറിയൊരു രസം ഒപ്പിക്കാം എന്ന് പറഞ്ഞ്‌ സുരാജ് പോയി.

ബ്രേക്ക് ഫാസ്റ്റൊക്കെ കഴിച്ചോ എന്ന് ഈ പയ്യനോട് ചോദിച്ചു. ദോശ, ഉപ്പ്മാവ് എന്നിങ്ങനെ രണ്ടുമൂന്ന് ഐറ്റം ഉണ്ടായിരുന്നു. ഞങ്ങളുടെ ഫീൽഡ് ഇതായതുകൊണ്ട് ഭക്ഷണം നന്നായി കഴിക്കണം എന്നൊക്കെ പുള്ളി പറഞ്ഞു. ഇദ്ദേഹം, കഴിച്ചതിന്റെ ലിസ്റ്റൊക്കെ ഒന്നുകൂടെ ചോദിച്ചിട്ട് നല്ല ബില്ല് വരുമായിരിക്കുമെന്ന് സുരാജ് പറഞ്ഞു. ഇതൊക്കെ ഫ്രീ ആയിട്ടല്ലേ കൊടുക്കുന്നതെന്ന് അയാൾ ചോദിച്ചു. നമുക്ക് എന്ത് വേണമെങ്കിലും കഴിക്കാം പക്ഷെ പ്രൊഡക്ഷൻ മാനേജർ ഇതൊക്കെ എഴുതിയിട്ട് ഷൂട്ടങ് കഴിയുമ്പോൾ നമ്മുടെ ശമ്പളത്തിൽ നിന്ന് കുറയ്ക്കും. ബാക്കി ശമ്പളമാണ് നമ്മുടെ കയ്യിൽ കിട്ടുക എന്നൊക്കെ പറഞ്ഞു.

ഞാനിത് ഫ്രീ ആണെന്ന് കരുതിയാണ് കഴിച്ചത്. അപ്പോൾ നല്ല ബില്ല് ആകുമല്ലേ എന്ന് അയാൾ ചോദിച്ചു. ആരോഗ്യത്തിനു വേണ്ടിയല്ലേ ഇയാൾ കഴിക്കെന്ന് സുരാജ് പറഞ്ഞു. ഇയാൾ അത് കേട്ട്  പേടിച്ചു. ചായ വന്നാൽ പിന്നെ ഇയാൾ ബിസ്കറ്റ് കഴിക്കില്ല, പല സ്‌പെഷ്യൽ ഐറ്റങ്ങളും, ഇയാൾ കഴിക്കില്ല. സുരാജും ബാക്കിയുള്ളവരും ഇത് കണ്ടിട്ട് ചിരിക്കും. ഒരിക്കലും പ്രൊഡക്ഷനിൽ കിട്ടുന്ന ആഹാരങ്ങൾക്ക് കണക്കില്ല. അതിനു പൈസ വാങ്ങിക്കില്ല, എല്ലാവർക്കും  ഫ്രീ ആണ്.

ഷൂട്ടിങ്ങിനെപ്പറ്റി ഒന്നും അറിയാത്ത ഇദ്ദേഹത്തെ സുരാജ് ഒരു കുസൃതിയുടെ പുറത്ത് രണ്ട് ദിവസത്തോളം പറ്റിച്ചു. രണ്ട് ദിവസവും ഒന്നും കഴിക്കാതെയും ബില്ല് കൂടുമെന്ന രീതിയിൽ പലതും ഒഴിവാക്കുകയും ചെയ്തപ്പോൾ എനിക്ക് സങ്കടം വന്നു. ഞാൻ പുള്ളിയോട് സത്യം തുറന്ന് പറഞ്ഞു. അപ്പോഴാണ്‌ പുള്ളിക്ക് സമാധാനമായത്. അതോടെ ആ തമാശ അവിടെ അവസാനിപ്പിച്ചു,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlights: Benny P. Nayarambalam on Suraj Venjaaramoodu

We use cookies to give you the best possible experience. Learn more