| Tuesday, 11th July 2023, 9:01 am

അവിടെ റേസിസം അനുഭവപ്പെട്ടു; ചട്ടയും മുണ്ടും ഉടുത്ത കലാരഞ്ജിനിയെ അവർ കൗതുകത്തോടെ നോക്കി: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്പാനിഷ് മസാല എന്ന ലാൽ ജോസ് ചിത്രം ഷൂട്ട് ചെയ്യാൻ സ്‌പെയ്‌നിൽ പോയപ്പോഴുള്ള കൗതുകകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി. പി നായരമ്പലം.

ഷൂട്ടിങ്ങിന്റെ തുടക്ക സമയങ്ങളിൽ സ്പാനിഷ് ജനത വളരെ നന്നായി പെരുമാറിയെങ്കിലും പല ഘട്ടങ്ങളിലും റേസിസം അനുഭവപ്പെട്ടിരുന്നെന്ന് ബെന്നി.പി. നായരമ്പലം പറഞ്ഞു. ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്ന സ്പാനിഷ് ടെക്‌നീഷ്യൻസ് മാറി നിൽക്കുകയും അധികം അടുക്കാൻ നിൽക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബെന്നി പി. നായരമ്പലം.

‘റേസിസം ഞങ്ങൾക്ക് പല ഘട്ടങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ട്. ആദ്യത്തെ ഒരു സ്നേഹം ഒക്കെ കുറച്ച്‌ കഴിഞ്ഞപ്പോൾ മാറി. സായിപ്പന്മാരൊക്കെ ഒരു സെക്ഷനും ബാക്കി ഞങ്ങളോടൊക്കെ അധികം അടുക്കാതെ മാറി നിൽക്കുകയും ചെയ്തു.

നമ്മൾ കണ്ടിട്ടുള്ള സായിപ്പന്മാരൊക്കെ നല്ല മാനേഴ്സ് ഉള്ളവരാണെന്ന് ഇവിടെ വരുമ്പോൾ കണ്ടിട്ടുണ്ട്. അവരുടെ യഥാർത്ഥ മുഖം കാണണമെങ്കിൽ അവരുടെ നാട്ടിൽ തന്നെ ചെല്ലണം.

നമ്മുടെ കൂടെ വർക്ക് ചെയ്ത സീസർ, മിഖായേൽ എന്നീ സായിപ്പന്മാർ തമ്മിൽ ലൊക്കേഷനിൽ വെച്ച് അടി ഉണ്ടായി. അവരുടെ എന്തൊക്കെയോ ആഭ്യന്തര വിഷയങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്. അടി നടന്നപ്പോൾ രണ്ടുപേരുടെയും മൂക്കിൽ നിന്ന് ചോര വന്നു. അപ്പോൾ തന്നെ സീസർ പൊലീസിനെ വിളിച്ചു. പൊലീസ് രണ്ടുപേരെയും മാറ്റി നിർത്തി ചോദ്യം ചെയ്തു. രണ്ടാളെയും അറസ്റ്റ് ചെയ്യുമെന്ന അവസ്ഥ വന്നു.

അവർ രണ്ടാളും പോയാൽ ഷൂട്ടിങ് മുടങ്ങും. നമ്മുടെ സൈഡിൽ നിന്നുള്ളവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഞങ്ങൾ അത് സീസറിനോട് പറഞ്ഞു. അയാളെയാണ് ആദ്യം മിഖായേൽ ആക്രമിച്ചത്. ഇത് പ്രശ്നമാക്കരുതെന്നും ഷൂട്ടിങ്ങിനെ ബാധിക്കുമെന്നും പറഞ്ഞപ്പോൾ സീസർ അതിന്റെ സീരിയസ്നസ്സ് മനസിലാക്കി. അയാൾ പോലീസിനോട് കേസില്ലെന്ന് പറഞ്ഞ് കൈകൊടുത്ത് പിരിഞ്ഞു,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

ടുമാറ്റോ ഫെസ്റ്റിവൽ നടക്കുന്ന രംഗം ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് നടക്കുമ്പോൾ ചട്ടയും മുണ്ടും കോസ്റ്റ്യൂമിൽ നിൽക്കുന്ന കലാരഞ്ജിനിയെ വളരെ അത്ഭുതത്തോടെയാണ് സ്പാനിഷ് ജനത നോക്കിയതെന്നും അവർ കമന്റുകൾ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

‘ഒറിജിനൽ ടുമാറ്റോ ഫെസ്റ്റ് ഷൂട്ട് ചെയ്യാൻ ഞങ്ങൾ അവിടുത്തെ (സ്പെയിൻ) ഒരു ലൊക്കേഷനിൽ ചെന്നു. ലോകത്തുള്ള എല്ലാ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തിയിട്ടുണ്ട്. അത്രയും തിരക്കായിരുന്നു.

നടി കലാ രഞ്ജിനിയുടെ വേഷം ചട്ടയും മുണ്ടുമായിരുന്നു. നാട്ടിൽ നിന്നും മകനെ തിരക്കിയെത്തുന്ന ഷോട്ടാണ് എടുക്കാൻ പോകുന്നത്. ഈ തിരക്കിലൂടെ അത് എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് നല്ല സംശയമായിരുന്നു. ചട്ടയും മുണ്ടും ഉടുത്ത കലാരഞ്ജിനിയെ ആ ജനങ്ങൾ കൗതുകത്തോടെയാണ് നോക്കിയത്. ഇത്തരം വേഷത്തിലുള്ള സ്ത്രീകളെ അവർ കണ്ടിട്ടില്ല.

പ്രായമുള്ള സ്ത്രീയുടെ രീതിയിൽ മുടിയൊക്കെ നരപ്പിച്ചതുകൊണ്ട് അവർ ഉപദ്രവിച്ചൊന്നും ഇല്ല. അവരെ നോക്കി സായിപ്പന്മാർ കമന്റുകൾ പറയുന്നുണ്ട്. കലാരഞ്ജിനി ആ തിരക്കിലൂടെ നടന്ന് പോന്നു.

ഇതിനിടയിൽ ഇവർ റേസിസത്തിന്റെ ഭാഗമായി നീരസമുള്ള മറ്റു രാജ്യക്കാരെ വാട്ടർ ബോട്ടിൽ കൊണ്ട് എറിയുന്നതൊക്കെ ഞങ്ങൾ കണ്ടു. ഇതിനിടയിൽ അവർ തമ്മിൽ വഴക്കിടുന്നുമുണ്ട്. നമ്മുടെ ഷൂട്ടിങ് ക്രൂവിൽ ഉള്ള ചിലരെയും അവർ വാട്ടർ ബോട്ടിൽ കൊണ്ട് എറിഞ്ഞു.

നമ്മൾ കണ്ടിരിക്കുന്നതിലും വളരെ മോശമായ ഒരു മുഖം, ഈ അച്ചടക്കവും മാനേഴ്‌സുമുള്ള സായിപ്പന്മാർക്കുണ്ട്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlights: Benny P. Nayarambalam on Spanish Masala movie and Kalaranjini

We use cookies to give you the best possible experience. Learn more