| Friday, 14th July 2023, 11:59 pm

'കട്ട് പറഞ്ഞിട്ടും കരച്ചിൽ നിർത്താത്ത ലാലേട്ടൻ എന്ന വീഡിയോയിറങ്ങി; ഷൂട്ടിങ് കാണാൻ വന്നവർ ചെയ്തതാണ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ മോഹൻലാൽ കരയുന്ന രംഗം യഥാർത്ഥ സംഭവമെന്ന പേരിൽ ചിത്രത്തിന്റെ റിലീസിന് മുൻപ് വീഡിയോയായി പ്രചരിച്ചിരുന്നെന്ന് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. എന്നാൽ ചിത്രത്തിലെ ഒരു ഷോട്ടിന്റെ ഭാഗമായിട്ടാണ് മോഹൻലാൽ നിർത്താതെ കരഞ്ഞതെന്ന് സിനിമയുടെ റിലീസിന് ശേഷമാണ് പ്രേക്ഷകർ അറിഞ്ഞതെന്നും വീഡിയോ അതിനോടകം വൈറൽ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ലാലേട്ടന്റെ ആദ്യത്തെ ഗെറ്റപ്പ് വളരെ സാത്വീക ഭാവത്തിൽ ഉള്ളതാണ്, പ്രൊഫസർ ഇടിക്കുള. അദ്ദേഹത്തിന്റെ വേഷ പകർച്ച കഴിഞ്ഞ് മറ്റൊരു വേഷമുണ്ട്. അത് എന്ത് വേണമെന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരുന്നു, ഞങ്ങൾ ഇതുവരെ അദ്ദേഹത്തെ അങ്ങനെ ഒരു വേഷത്തിൽ കണ്ടിട്ടില്ല.

ലാലേട്ടന് രണ്ടാമതൊരു ഗെറ്റപ്പുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷെ അതെന്താണെന്ന് ആരും കണ്ടിട്ടില്ല. എല്ലാവരും വെയ്റ്റിങ്ങിൽ ആയിരുന്നു. ഒരു ദിവസം ഞങ്ങൾ ഒരു ഓഡിറ്റോറിയത്തിൽ വെച്ചുള്ള സീൻ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ലാലേട്ടൻ രണ്ടാമത്തെ ഗെറ്റപ്പിൽ വന്നു. ഈ ഗെറ്റപ്പിൽ ലാലേട്ടനെ കണ്ടതോടെ അവിടെ കൂടിയിരുന്ന കുട്ടികൾ എല്ലാവരും ഹർഷാരവത്തോടെയാണ് വരവേറ്റത്. ആ സീനാണ് ഞങ്ങൾ ഇന്റർവെൽ ആയിട്ട് അവസാനിപ്പിച്ചത്.

അഭിനേതാവ് അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ കഥാപാത്രത്തിൽ മുഴുകി പോകുന്ന സീനാണ് ഞങ്ങൾ അവിടെ അവതരിപ്പിച്ചുകൊണ്ടിരുന്നത്. അതിന്റെ ഭാഗമായി ലാലേട്ടൻ ഒരു സീനിൽ കരയുന്ന രംഗം അഭിനയിക്കുകയും ഷോട്ട് കട്ട് ചെയ്യുന്ന രംഗം കേട്ടിട്ടും കരച്ചിൽ നിർത്താതിരിക്കുന്നതുമാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. അതേ ഷോട്ടിൽ കരച്ചിൽ നിർത്താത്ത ലാലേട്ടനെ ആരോ വന്ന് എണീപ്പിക്കുന്ന സീനും ഉണ്ട്. ഇത് ഷൂട്ടിങ് കാണാൻ വേണ്ടി കൂടി നിന്ന ആരോ ഒരാൾ ഫോണിൽ വീഡിയോ എടുക്കുകയും അത് പിന്നീട് വൈറൽ ആകുകയും ചെയ്തു. ഷൂട്ടിങ് നിർത്തിയിട്ടും കരച്ചിൽ നിർത്താത്ത ലാലേട്ടൻ എന്ന പേരിൽ വീഡിയോ പടർന്നു. നടൻ കഥാപാത്രത്തിൽ നിന്നും മാറാതെ കഥാപാത്രമായി തന്നെ മുന്നോട്ട് പോകുന്ന ഒരു സീനാണെന്ന് പ്രേക്ഷകർ അറിയുന്നത് വെളിപാടിന്റെ പുസ്തകം റിലീസ് ചെയ്തതിന് ശേഷമാണ്,’ ബെന്നി പി.നായരമ്പലം പറഞ്ഞു.

Content Highlights: Benny P. Nayarambalam on Mohanlal

We use cookies to give you the best possible experience. Learn more