ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയിലെ പ്രതിമയോട് സാദൃശ്യമായ നടനെ കണ്ടെത്തിയ കഥ പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ ബെന്നി പി.നായരമ്പലം. സിദ്ധരാജ് എന്ന നടനാണ് സിനിമയില്‍ ഇന്റര്‍വെല്ലിന് ശേഷം മാന്‍ഡ്രേക്ക് പ്രതിമയുടെ രൂപ സാദൃശ്യമുള്ള കഥാപാത്രമായി എത്തുന്നത്. പ്രൊഫഷണല്‍ നാടക നടനായ അദ്ദേഹത്തെ ആദ്യ നോട്ടത്തില്‍ തന്നെ സംവിധായകന്‍ അലി അക്ബറിന് ഇഷ്ടപ്പെട്ടിരുന്നു എന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മന്ത്രമോതിരം സിനിമയുടെ വിജയത്തിന് ശേഷം എനിക്ക് ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. അക്കാലത്താണ് അലി അക്ബര്‍ എന്ന സംവിധായകന്‍ വിളിക്കുന്നത്. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമായിരുന്നു. എന്റെ വീട്ടിലും ഫോണ്‍കണക്ഷന്‍ കിട്ടിയിരുന്നില്ല. വട്ടത്തറ ബേക്കറിയിലേക്കായിരുന്നു എനിക്കുള്ള ഫോണ്‍കോളുകള്‍ വന്നിരുന്നത്.
ബേക്കറിയിലുള്ള ഇഗ്നീഷ്യസ് എന്നയാള്‍ എന്റെ കൂടെ പഠിച്ചതായിരുന്നു. എനിക്ക് വരുന്ന കോളുകള്‍ സിനിമാക്കാരുടേതും സംവിധായകരുടേതുമാണെന്ന് ഇഗ്നീഷ്യസിന് അറിയാമായിരുന്നു. എനിക്ക് ഫോണ്‍ വന്നാല്‍ അപ്പോള്‍ തന്നെ ഇഗ്നീഷ്യസ് സൈക്കിളെടുത്ത് വീട്ടില്‍ വന്ന് പറയുമായിരുന്നു. അലി അക്ബര്‍ വിളിച്ചപ്പോഴും ഇതേ പോലെ ഇഗ്നീഷ്യസ് വന്ന് പറയുകയാണ് ചെയ്തത്.
ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ ഒരു ബേസ്‌നോട്ട് മാത്രമാണ് അലി അക്ബര്‍ അന്ന് പറഞ്ഞത്. മയൂര പാര്‍ക്കിലിരുന്നാണ് ഞങ്ങള്‍ സംസാരിച്ചത്. ‘അന്ധവിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഒരു കഥയാണ്. ഒരു തല എവിടെ ചെന്നാലും അത് സ്വീകരിക്കുന്ന ആള്‍ക്ക് കുഴപ്പങ്ങളുണ്ടാകും, അത് കൂടോത്രമാണെന്ന് കരുതി കൈമാറി കൈമാറി പോകുന്നു’ ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. എനിക്കത് വളരെ ഇന്ററസ്റ്റിങ്ങായി തോന്നി. ഞങ്ങളതില്‍ വര്‍ക്ക് ചെയ്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി.
ആ സ്‌ക്രിപ്റ്റില്‍ പ്രധാനമായും ഒരു മൊട്ടത്തലയുടെ ഡമ്മി വേണമായിരുന്നു. തല മാത്രമുള്ള ഒരു ഡമ്മി. ഡമ്മിയായിട്ടുള്ള ആ ഫിഗര്‍ ഇന്റര്‍വെല്ലിന് ശേഷം യഥാര്‍ത്ഥ ആളായി പ്രത്യക്ഷപ്പെടുകയും വേണം. ഏതെങ്കിലും ഒരു നടന്റെ ഫിഗര്‍ വെച്ച് കഴിഞ്ഞാല്‍ അത് ഇന്ന നടന്‍ വരുമെന്ന ഒരു പ്രതീക്ഷ വരും. അതുകൊണ്ട് തന്നെ പുതിയ ആളായാല്‍ നന്നായിരിക്കുമെന്ന ഒരു ആലോചന ഞങ്ങള്‍ക്കിടയില്‍ വന്നു.
നാടക രംഗത്ത് നിന്ന് ആരെങ്കിലും ഈ റോള്‍ അവതരിപ്പിക്കാന്‍ പറ്റുന്നവരുണ്ടോ എന്ന് അലി അക്ബര്‍ എന്നോട് ചോദിച്ചിരുന്നു. അതിനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ സിദ്ധരാജ് എന്ന പ്രൊഫഷണല്‍ ആര്‍ടിസ്റ്റ് എന്നെ സമീപിച്ച് സിനിമയില്‍ എന്തെങ്കിലും റോളുകള്‍ ഉണ്ടെങ്കില്‍ പറയണമെന്ന് പറഞ്ഞിരുന്നു. തൃപ്രയാറുള്ള അദ്ദേഹം എന്റെ സുഹൃത്ത് കൂടിയായിരുന്നു. നാടകത്തിന് വേണ്ടി മൊട്ടയടിച്ച ഒരു ഫോട്ടോയായിരുന്നു അദ്ദേഹം അന്ന് എനിക്ക് തന്നിരുന്നത്. ആ ഫോട്ടോ അന്നു തന്നെ ഞാന്‍ കോണ്‍ടാക്ട് ചെയ്യാനുള്ള നമ്പറെഴുതി ബാഗില്‍ വെച്ചിരുന്നു.
അലി അക്ബര്‍ ഒരാളെ വേണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഉടനെ സിദ്ധരാജിന്റെ മുഖമാണ് ഓര്‍മ വന്നത്. ഞാന്‍ അദ്ദേഹത്തിന് ബാഗിലുണ്ടായിരുന്ന സിദ്ധരാജിന്റെ ഫോട്ടോ എടുത്ത് കാണിച്ചുകൊടുത്തു. അലി അക്ബര്‍ ഞെട്ടലോടെ പറഞ്ഞു. ‘നമ്മള്‍ മനസില്‍ കണ്ട അതേ രൂപം, കറക്ടാണ്, ഈ മൊട്ടത്തലയന്‍ തന്നെ മതി’ എന്ന്. തൃപ്രയാറുള്ള ഒരു നാടക ഏജന്റായ രാമകൃഷ്ണനാണ് സിദ്ധരാജിന് വേണ്ടി എപ്പോഴും സംസാരിച്ചിരുന്നത്. ഞാന്‍ രാമകൃഷണനെ വിളിച്ച് സിദ്ധരാജിനെയും കൂട്ടി വരാന്‍ പറഞ്ഞു.
അവര്‍ രണ്ട് പേരും മയൂര പാര്‍ക്കില്‍ വന്നു. തല മൊട്ടയടിച്ച് ആറടി പൊക്കമുള്ള സിദ്ധരാജിനെ കണ്ടപ്പോള്‍ അലി അക്ബറിനും പൂര്‍ണസംതൃപ്തിയായി. അങ്ങനെ ആദ്യമായി സിദ്ധരാജിനെ സിനിമയില്‍ അവതരിപ്പിക്കുന്ന ജൂനിയര്‍ മാന്‍ഡ്രേക്കിലാണ്. ആ മൊട്ടത്തലയുള്ള രൂപം പല ട്രോളുകളുണ്ടാക്കാനും പല രാഷ്ട്രീയക്കാരെ കളിയാക്കാനുമൊക്കെ ഇപ്പോഴും ഉപയോഗിക്കുന്നത് കാണുമ്പോള്‍ ആ സിനിമയെ കുറിച്ചുള്ള ഓര്‍മകള്‍ എന്റെ മനസിലേക്ക് എത്താറുണ്ട്,’ ബെന്നി പി നായരമ്പലം പറഞ്ഞു.
content highlights: Benny P Nayarambalam on finding the actor who looks like the statue from the movie Junior Mandrake